കോഴിക്കോട്: നിക്ഷേപകർക്ക് ഉയർന്ന ലാഭം വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് കമ്പനി ഓഫ് രജിസ്‌ട്രേഷൻ വിഭാഗത്തെ സമീപിച്ചു. കമ്പനി ഉടമക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ടാണ് പൊലീസ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ രജിസ്‌ട്രേഷൻ വിഭാഗത്തിന് നല്ലളം പൊലീസ് കത്തയച്ചു. ഇതിലൂടെ ഡയരക്ടർമാരെക്കുറിച്ചും സംസ്ഥാനത്ത് എവിടെയെല്ലാമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും അറിയുവാൻ സാധിക്കും.

കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂർ രാമൻകുത്ത് മുതുവാട് ചേലക്കൽ പറമ്പിൽ അബ്ദുല്ലക്കുട്ടിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിക്ഷേപകർ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തൊട്ടു പിന്നാലെ ഇയാൾ ഒളിവിൽ പോയിരക്കുകയാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി നേരത്തെയും തട്ടിപ്പുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്.

നിലമ്പൂരിലായിരുന്നു പണമിടപാടിലൂടെ തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനം പിന്നീട് അടച്ചുപൂട്ടി. ഇതിന് ശേഷമാണ് കോടിഷ് നിധി എന്ന പേരിൽ പുതിയൊരു സ്ഥാപനം ആരംഭിച്ചത്. കോടിഷ് നിധിയിൽ പണം നിക്ഷേപിച്ചവർ ദിവസവും പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം പൊലീസ് അറിയിച്ചു. നല്ലളത്ത് മാത്രം ഇതുവരെ പതിനഞ്ച് പരാതികളിൽ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ നടക്കാവ്, ഫറോക്ക് പൊലീസിലും പരാതികളുണ്ട്. മൊത്തം അമ്പതോളം കേസുകളാണ് കോഴിക്കോട് ജില്ലയിൽ മാത്രം രജിസ്ട്രർ ചെയ്തിട്ടുള്ളത്.

സ്ഥാപനം പ്രവർത്തിക്കുന്ന വയനാട്ടിലും തട്ടിപ്പുകൾ നടന്നതായാണ് വിവരം. സ്ഥാപനത്തിന്റെ ചെറുവണ്ണൂർ, മണ്ണൂർ വളവ്, ഈസ്റ്റ് ഹിൽ ശാഖകൾ പൊലീസ് പൂട്ടി സീൽ ചെയ്തിട്ടുണ്ട്. പാസ്‌പോർട്ട് കാലവധി അഞ്ചുവർഷം മുമ്പ് കഴിഞ്ഞതിനാൽ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളി. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലമ്പൂർ പൊലീസിന്റെ സഹകരണത്തോടെയാണ് നല്ലളം സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. അബ്ദുള്ള കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 9497987179 (ഇൻസ്പക്ടർ), 9497963974 (എസ്‌ഐ), 0495 2420643 (നല്ലളം പൊലീസ് )

കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമെന്നു പ്രചരിപ്പിച്ചാണു കോടിഷ് നിധി നിക്ഷേപം സ്വീകരിച്ചത്. വർഷം 12 ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തത്. കഴിഞ്ഞ നവംബർ മുതൽ നിക്ഷേപകർക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. തുടർന്ന് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.