കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ പഴംപമ്പിൽ കഴിഞ്ഞ ദിവസം ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ മുഹ്സില ഭർത്താവുമായി അസ്വാരസ്യങ്ങളുള്ളതായി ബന്ധുക്കളോട് പറഞ്ഞിരുന്നതായി വിവരം. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറ കുരിക്കിലംപാടുള്ള സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മുഹ്സില ഭർത്താവ് ഷഹീറുമായി പ്രശ്നങ്ങളുള്ള വിവരം സ്വന്തം വീട്ടുകാരോട് പറഞ്ഞത്.

അതിനെ തുടർന്ന് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ മുഹ്സില തയ്യാറായിരുന്നില്ല. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മുഹ്സില കൊടിയത്തൂർ പഴംപറമ്പിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. സ്വന്തം വീട്ടിൽ നിന്നും വൈകിയെത്തിയത് സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് ഇന്നലെ പുലർച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന മുഹ്സിലയെ ഷഹീർ കഴുത്തറുത്തുകൊന്നത്.

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽപെട്ട ചൂളാട്ടിപ്പാറ പുളിക്കൽ മുജീബിന്റെയും ഖദീജയുടെയും മകളാണ് കൊലപ്പെട്ട മുഹ്സില. ആറ് മാസങ്ങൾക്ക് മുമ്പാണ് തന്നേക്കാൾ 10 വയസ്സ് കൂടുതലുള്ള ഷഹീറുമായി മുഹ്സിലയുടെ വിവാഹം നടക്കുന്നത്. വിവാഹം നടക്കമ്പോൾ മുഹ്സിലക്ക് 20 വയസ്സ് പൂർത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. വിവാത്തിന് മുമ്പ് ഗൾഫിലായിരുന്ന ഷബീർ വിവാഹത്തിന് ശേഷം ഗൾഫിലേക്ക് മടങ്ങിപ്പോയിരുന്നില്ല.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഇരുവരും തമ്മിൽ വളരെ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത് എന്നാണ് ഇരു വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഷബീർ വീട്ടിൽ നിന്നും പുറത്തിറങ്ങൽ കുറവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഭാര്യയെ സംശയിക്കുന്നതിനാലാണ് ഇത്തരത്തിൽ വീട്ടിൽ തന്നെ അടച്ചിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയും വിവാഹത്തിന് ശേഷം ഗൾഫിലേക്ക് മടങ്ങിപ്പോകാതിരുന്നതുമെല്ലാം ഷബീറിന്റെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു.

ഇതിലുള്ള മാനസിക പ്രയാസമായിരിക്കാം വീട്ടിൽ തന്നെ അടച്ചിരിക്കുന്നതിന് കാരണമായത് എന്നാണ് ഷബീറിന്റെ ബന്ധുക്കൾ പറയുന്നത്. ജോലിയില്ലാത്തത് സംബന്ധിച്ച് മുഹ്സില ഷബീറുമായി വഴക്കിട്ടിരുന്നു എന്നും വിവരങ്ങളുണ്ട്. ഇതോടൊപ്പം സംശയരോഗവും കൊലപാതകത്തിന് കാരണമായതായാണ് പറയപ്പെടുന്നത്. ഇന്നലെ പുലർച്ചെയാണ് കൊടിയത്തൂർ പഞ്ചയാത്തിൽ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യ മുഹ്സിലയെ കഴുത്തറുത്തുകൊന്നത്.

മുഹ്‌സില ഉറങ്ങിക്കിടക്കുമ്പോൾ ഷഹീർ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മുറിയിൽ നിന്നും പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തട്ടിവിളിച്ചെങ്കിലും ഷഹീർ തുറക്കാൻ തയ്യാറായില്ല. പിന്നീട്ട് തൊട്ടടുത്ത വീട്ടിലെ ബന്ധുക്കളെ ഷഹീറിന്റെ മാതാപിതാക്കൾ വിളിച്ചുവരുത്തിയാണ് വാതിൽ തുറന്നത്. വാതിൽ തുറന്ന ഉടനെ ഷഹീർ പുറത്തേക്ക് ഇറങ്ങിയോടി. അയൽവാസികളും ബന്ധുക്കളും ചേർന്നാണ് പുറത്തേക്ക് ഓടിയ ഷഹീറിനെ പിടികൂടിയത്. ബന്ധുക്കൾ അകത്ത് കയറി നോക്കിയപ്പോഴാണ് മുഹ്‌സില കൊല്ലപ്പെട്ട വിവരം അറിയുന്നത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മുഹ്‌സിലയുടെ ശരീരം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വീട്ടിൽ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് നിഗമനം.

വാതിൽ തുറന്ന ഉടനെ പുറത്തേക്ക് ഓടിയ ഷഹീറിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പിടികൂടിയത്. പിന്നീട് മുക്കം പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഷഹീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഷഹീർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഷഹീർ പുറത്തേക്ക് ഇറങ്ങാറേയില്ലായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഭാര്യയെ സംശയമുള്ള ഷഹീർ ഇക്കാരണം പറഞ്ഞ് എല്ലായിപ്പോഴും വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഈ വഴക്ക് തന്നെയാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതും.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് മുഹ്‌സില മലപ്പുറം ഒതായിയിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലെത്തിയത്. വീട്ടിൽ നിന്നും വരാൻ വൈകിയതിനെ സംബന്ധിച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് വഴക്കുണ്ടായിരുന്നതായാണ് വിവരം. ഈ തർക്കം നിലനിൽക്കെയാണ് ഇന്നലെ മുഹ്‌സില ഉറങ്ങാൻ കിടന്നത്. വീട്ടിൽ നിന്നും വരാൻ വൈകിയത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. താമരശ്ശേരി ഡിവൈഎസ്‌പി എൻ.സി.സന്തോഷ്, മുക്കം ഇൻസ്പെക്ടർ എസ്.നിസാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.