ദോഹ: കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കുടുംബങ്ങളെ പങ്കെടുപ്പിച്ചു നാളെ സ്‌നേഹസംഗമം നടത്തും. വൈകിട്ട് അഞ്ചരയ്ക്ക് അബു ഹമൂറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലാണു സംഗമം. ഐ.എം. ഷാനവാസ് എംപി മുഖ്യാതിഥിയായിരിക്കും. മാപ്പിളപ്പാട്ടു രംഗത്തെ പുത്തൻ പ്രതീക്ഷകളായ ബാദുഷ, സുൽഫത്ത്, ഷഹദ് കൊടിയത്തൂർ എന്നിവർക്കൊപ്പം നിസാർ ബാബു വയനാടും ഉൾപ്പെടുന്ന ഗാനമേള സംഗമത്തിനു പകിട്ടേകും.

കൊടിയത്തൂരിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളെയാണു പ്രതീക്ഷിക്കുന്നത്. പ്രവേശനം പാസ് മൂലം. പാലീയേറ്റീവ് കെയർ ചികിൽസാ രീതിയെകുറിച്ചു പ്രവാസികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും കൊടിയത്തൂരിൽ നിർമ്മിക്കുന്ന പാലിയേറ്റീവ് ഭവനത്തിനു ഖത്തർ നിവാസികളുടെ പങ്കാളിത്തം ലക്ഷ്യമാക്കുകയുമാണ് സ്‌നേഹസംഗമത്തിന്റെ ലക്ഷ്യമെന്ന് രക്ഷാധികാരി ഇ.കെ. മായിൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദിഖ് പുറായിൽ, കൺവീനർ ഇ.എ. നാസർ എന്നിവർ പറഞ്ഞു. 1996ലാണ് കൊടിയത്തൂരിൽ പാലിയേറ്റീവ് യൂണിറ്റ് തുടങ്ങിയത്.

നിലവിൽ മുപ്പതോളം സജീവ വൊളന്റിയർമാർ പ്രവർത്തിക്കുന്നു. 24 മണിക്കൂറും സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിറ്റായി മാറാനുള്ള ശ്രമത്തിലാണ്. ഇതിനായി ഗവ. ആശുപത്രിക്കു സമീപം അസോസിയേഷന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പാലിയേറ്റീവ് ഭവനം എന്നപേരിൽ മൂന്നുനില കെട്ടിടമാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്, സെക്രട്ടറി ബഷീർ തുവാരിക്കൽ, ഭാരവാഹികളായ വി.കെ. അബ്ദുല്ല, അനീസ് കലങ്ങോട്, അമീൻ കൊടിയത്തൂർ എന്നിവർ പറഞ്ഞു.