- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്കാഹ് കഴിഞ്ഞിട്ടും ഫോൺ പോലും വാങ്ങി കൊടുത്തില്ല; സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ ഭർത്താവ് വിളിച്ചത് ഉമ്മയുടെ ഫോണിൽ; ഈ ഫോൺ ബിസിയാകുമ്പോൾ തുടങ്ങിയ സംശയം വിവാഹ മോചനത്തിന്റെ വക്കിലെത്തി; കൊടിയത്തൂരിലെ കൊലയിൽ ഷഹീറിനെ അലട്ടിയത് തന്നേക്കാൾ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന സംശയം
കോഴിക്കോട്; കൊടിയത്തൂരിൽ കഴിഞ്ഞ ദിവസം ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ മുഹ്സിലയുടെ മരണത്തിലെ യഥാർത്ഥ കാരണം സംശയ രോഗം തന്നെ. ഷഹീറിനെ അലട്ടിയത് തന്നേക്കാൾ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന സംശയമെന്നാണ് ഷഹീർ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി. പത്തു വയസ്സ് പ്രായക്കൂറവ് മുഹ്‌സിലയ്ക്ക് ഷഹീറിനേക്കാൾ ഉണ്ടായിരുന്നു. ഇതാണ് സംശയത്തിന് അടിസ്ഥാനമായതും.
നിക്കാഹ് കഴിഞ്ഞതിന് ശേഷം മുഹ്സില സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ ഉമ്മയുടെ ഫോണിലേക്കാണ് ഷഹീർ സ്ഥിരമായി വിളിച്ചിരുന്നത്. മുഹ്സിലക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിൽ നിക്കാഹ് കഴിയുമ്പോൾ വധുവിന് ഭർത്താവ് ഫോൺ വാങ്ങി നൽകാറുണ്ടെങ്കിലും ഷഹീർ മുഹ്സിലക്ക് ഫോൺ വാങ്ങി നൽകിയിരുന്നില്ല. അതിനാൽ തന്നെ മുഹ്സിലയുടെ ഉമ്മയുടെ ഫോണിലേക്കാണ് ഷഹീർ വിളിച്ചിരുന്നത്. പലപ്പോഴും ഉമ്മയുടെ ഫോണിലേക്ക് വിളിക്കുമ്പോൾ ഫോൺ തിരക്കിലായിരിക്കും.
തൊഴിലുറപ്പിലും കുടുംബശ്രീയിലുമെല്ലാം സജീവമായിരുന്ന മുഹ്സിലയുടെ ഉമ്മയെ ഇവയെല്ലാമായി ബന്ധപ്പെട്ട് പലരും വിളിക്കുമ്പോഴാണ് ഷഹീറും വിളിച്ചിരുന്നത്. നിരവധി കുടുംബാംഗങ്ങളും ഇതേ ഫോണിലേക്കാണ് വിളിച്ചിരുന്നത്. സ്വാഭാവികമായി ഈ സമയത്തെല്ലാം ഈ ഫോൺ ബിസിയായിരിക്കും. ഷഹീർ മുഹ്സിലയെ വിളിക്കുമ്പോൾ മറ്റാരെങ്കിലുമായി സംസാരിക്കുകയാണെന്ന സന്ദേശമാണ് ലഭിക്കുക. ഇത് മുഹ്സില മറ്റാരെങ്കിലുമായി സംസാരിക്കുകയാണെന്ന് ഷഹീർ തെറ്റിദ്ധരിച്ചിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
ഒരിക്കൽ വിവാഹ മോചനത്തിന്റെ വക്കലെത്തിയിരുന്നു ഇവരുടെ ബന്ധം എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്ന മുഹ്സിലയെ ഷഹീറിന്റെ സഹോദരങ്ങളും അമ്മാവനും ചേർന്നാണ് കൂട്ടിക്കൊണ്ടുപോയത് എന്നും മുഹ്സിലയുടെ വീടിന് സമീപത്തുള്ളവർ പറയുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസവും മുഹ്സില സ്വന്തം വ്ീട്ടിലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് വീണ്ടും വരാനിരിക്കെയാണ് പുലർച്ചെ മുഹ്സില കൊല്ലപ്പെട്ടത്.
തന്നേക്കാൾ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന് ഷഹീർ തെറ്റിദ്ധരിച്ചിരുന്നതായി ഷഹീർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെ സംശയിക്കാനുള്ള കാരണങ്ങളെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഷഹീർ കൃത്യമായി മറുപടി നൽകിയിട്ടില്ല. നേരത്തെ നിക്കാഹിന് ശേഷം മുഹ്സിലയുടെ ഉമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ബിസിയായിരുന്നു എന്ന കാരണം മാത്രമാണ് ഷഹീർ മറുപടി നൽകിയിട്ടുള്ളത്. ഷഹീറിന് നാല് സഹോദരങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ തൊട്ടടുത്ത് തന്നെ വീട് വെച്ച് താമസിക്കുന്നവരാണ്.
ഇവരോടെല്ലാം വളരെ സ്നേഹത്തിലാണ് ഷഹീർ കഴിഞ്ഞിരുന്നത്. വീട്ടിലെ എന്താവശ്യത്തിനും ഷഹീർ ഓടിയെത്തുമായിരുന്നു എന്ന് സഹോദരങ്ങൾ പറയുന്നു. മറ്റുള്ളവരുടെ മുന്നിൽ ഷഹീറും മുഹ്സിലയും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു എന്നാണ് ഷഹീറിന്റെ സഹോദരങ്ങളും അയൽവാസികളും പറയുന്നത്. ഒരു നിമിഷത്തെ പ്രകോപനമോ മറ്റെന്തെങ്കിലുമോ ആകാം ഷഹീറിനെ കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത് എന്നാണ് അയൽവാസികൾ പറയുന്നത്. കൊലപാതകത്തിന് ശേഷം വാതിൽ തുറന്ന് ഓടിയ ഷഹീറിനെ പിടികൂടിയത് സഹോദരങ്ങൾ ചേർന്നാണ്. എന്നാൽ പൊലീസെത്തി വിലങ്ങണിയച്ച് ഷഹീറിനെ കൊണ്ടുപോകുന്നത് കണ്ട് നിൽക്കാൻ സഹോദരങ്ങൾക്കായില്ല.
ഷഹീറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത് നടത്തി.വീടിന്റെ അകവും മറ്റും പരിശോധിച്ച പൊലീസ്, പ്രതി കാണിച്ചു കൊടുത്തതനുസരിച്ചു തൊട്ടടുത്ത പറമ്പിൽനിന്ന് കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിർവികാരനായാണ് ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.കൃത്യം നടത്തിയതിനുശേഷം പ്രതി ആത്മഹത്യാശ്രമം നടത്തിയതായും നാട്ടുകാർ പറയുന്നു. ഓട്ടത്തിനിടയിൽ വീണ പ്രതിയുടെ നെറ്റിയിലും തലയ്ക്കും പരിക്കേറ്റിട്ടുമുണ്ട്.ഇന്നലെ പുലർച്ചെയാണ് കൊടിയത്തൂർ പഞ്ചയാത്തിൽ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യ മുഹ്സിലയെ കഴുത്തറുത്തുകൊന്നത്.
പ്ലസ്ടു പഠനം പൂർത്തിയാക്കിയതിന് ശേഷം 19 വയസ്സ് തികഞ്ഞപ്പോൾ തന്നെ മുഹ്സിലയ്ക്ക് വിവാഹ ആലോചനകൾ വന്ന് തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെയാണ് ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷഹീറിന്റെ ആലോചനയും വന്നത്. ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും വിവാഹം ഉറപ്പിക്കുകയായിരുന്നു.