- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരുന്ന അഞ്ച് വർഷവും അധികാരത്തിൽനിന്ന് പുറത്തായാൽ ഉണ്ടാകുന്ന മനോവിഭ്രാന്തിയിൽ ഖുർആൻവിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്; ഇക്കാര്യത്തിൽ കോൺഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും; ബിനീഷ് കോടിയേരി എന്തെങ്കിലും കാര്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും നൽകട്ടെ; തന്റെ നിരപരാധിത്വം അന്വേഷണ ഏജൻസിക്ക് മുന്നിൽ തെളിയിക്കാനാണ് മകൻ ശ്രമിച്ചത്; അവഹേളനം ഖുർആനോടോ? നിലപാട് വിശദീകരിച്ച് കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിരൂക്ഷ വിമർശനമാണ് ദേശാഭിമാനിയിലെ കോളത്തിൽ കോടിയേരി ഉയർത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം
അവഹേളനം ഖുർആനോടോ? - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു
കോടിയേരി ബാലകൃഷ്ണൻ
അപസർപ്പകഥയെ വെല്ലുന്ന കെട്ടുകഥകൾ ദിനംപ്രതി ഉൽപ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആർജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകർക്കുന്നത്. നാലേകാൽ വർഷംമുമ്പ് ജനങ്ങൾ അധികാരമേറ്റിയ എൽഡിഎഫ് സർക്കാരിന് വർധിച്ച ജനപിന്തുണയുണ്ടായതിനാൽ തുടർഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാൽ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിൽ റെക്കോഡിട്ട പിണറായി വിജയൻ സർക്കാർ കോവിഡ് പടരുന്ന കാലത്തും നാടിന്റെ വികസനത്തിനും ജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുംവേണ്ടി നൂറുദിന കർമപരിപാടി നടപ്പാക്കുന്നു. അത് ഗുണപരമായി നാടിന് അനുഭവപ്പെടുന്നതാണ്. ഇക്കാര്യം ജനമനസ്സിൽനിന്ന് മാറ്റിമറിക്കാനാണ് എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെയുള്ള അപവാദ വ്യവസായം. ഇതിനുപിന്നിൽ വൻരാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തേക്കാൾ വിപുലമായ ശക്തികൾ തിരശ്ശീലയ്ക്കുള്ളിലുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണ് കോൺഗ്രസ് --ബിജെപി--മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചിൽപ്പുറങ്ങളായി ടിവി സ്ക്രീനും പത്രത്താളുകളും 'മാ' മാധ്യമങ്ങളുടെ നേതൃത്വത്തിൽ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകർക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എൽഡിഎഫ് സർക്കാരിന്റെ സൽപ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാൻ അധികകാലം വേണ്ടിവരില്ല.
സംസ്ഥാന ഭരണത്തോടുള്ള പ്രതിപക്ഷ അസഹിഷ്ണുത
കേരളപ്പിറവിക്കുശേഷം ജനങ്ങൾ തെരഞ്ഞെടുത്ത ഇ എം എസ് സർക്കാരിനെ വാഴിക്കാൻ വലതുപക്ഷ ശക്തികൾ സമ്മതിച്ചിരുന്നില്ല. അന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇടംകോലിടൽവരെയുണ്ടായി. ആ സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുംമുമ്പ് സന്യാസിതുല്യ ജീവിതം നയിച്ച കമ്യൂണിസ്റ്റ് നേതാവായ അന്നത്തെ ഭക്ഷ്യമന്ത്രി കെ സി ജോർജ്ജിനെ അരിക്കള്ളൻ എന്ന് മുദ്രകുത്തി. ഇടതുപക്ഷ നേതൃഭരണം ഇല്ലാതാക്കാൻ പിന്നീടുള്ള കാലങ്ങളിലും കള്ളക്കഥകൾ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും വ്യാജവാർത്തകളുടെ സുനാമി തിരമാലകൾ ഇന്നത്തെപ്പോലെ ഒരുകാലത്തും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തെവരെ കരിതേയ്ക്കാനുള്ള മനഃസ്സാക്ഷിക്കുത്തില്ലായ്മയും മാന്യതയില്ലായ്മയിലുമാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും. ലവലേശം അഴിമതിയില്ലാത്ത ഭരണം നയിക്കുന്ന സംശുദ്ധ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണം അഴിമതിക്ക് എന്നതായിരുന്നു മുൻ യുഡിഎഫ് സർക്കാരുകൾ തെളിയിച്ചത്. അഴിമതിവിരുദ്ധഭരണം നടത്തി ജനഹൃദയങ്ങളിൽ യശസ്സ് പരത്തിയതിലുള്ള അമർഷവും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിയോട് വലതുപക്ഷ പ്രതിപക്ഷം കാണിക്കുന്നത്.
ഇത് ജനാധിപത്യ സമരമല്ല, സമരാഭാസം
സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുർആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു ഇക്കൂട്ടർ. യുഎഇ കോൺസുലേറ്റിൽനിന്ന് റമദാൻ കിറ്റും ഖുർആനും കോൺസുലേറ്റ് ജനറലിന്റെ അഭ്യർത്ഥനപ്രകാരം നാട്ടിൽ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകൾപോലും കാറ്റിൽ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താൻവരെ അരാജക സമരക്കാർ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോൾ റോഡിന് നടുവിൽ മറ്റൊരു വാഹനമിട്ട് വൻ അപകടമുണ്ടാക്കാൻ നോക്കി. ഇത്തരം മുറകൾ കവർച്ചസംഘക്കാർമാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.
2020 മാർച്ച് 4ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോൾ അതിൽ കയറ്റി എടപ്പാൾ, ആലത്തിയൂർ എന്നിവിടങ്ങളിൽ എത്തിക്കുകയായിരുന്നു. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കൺവീനറും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജൻസികൾ വിളിച്ചുവരുത്തി മൊഴി എടുത്തത്.
ഈ വിഷയത്തിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുർആൻ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയിൽ മോദി ഭരണമുള്ളതുകൊണ്ട് റമദാൻ കിറ്റും ഖുർആൻ വിതരണവും രാജ്യദ്രോഹമാണെന്ന് സർക്കാർ കൽപ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങൾ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുർആനോട് ആർഎസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ഈ ഹിന്ദുത്വ നയത്തിനൊത്ത് പ്രവർത്തിക്കുന്നതാണ് മോദി സർക്കാർ. അതുകൊണ്ടുതന്നെ ആ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോദി സർക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്.
പക്ഷേ, ഖുർആനോട് ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിംലീഗിനും കോൺഗ്രസിനും എന്തിനാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ മൂന്നാമത്തെ പുത്രൻ ഔറംഗസീബ് രണ്ട് സഹോദരന്മാരെ കൊലപ്പെടുത്തുകയും മൂന്നാമനെ കാരാഗൃഹത്തിലാക്കുകയും സ്വന്തം പിതാവിനെ ആഗ്ര കോട്ടയിൽ തടവിലിടുകയും ചെയ്തു. അത് സ്വന്തം ശിരസ്സിൽ രാജകിരീടം അണിയാനും കൈയിൽ ചെങ്കോലേന്താനും വേണ്ടിയായിരുന്നു. കിരീടം അല്ലെങ്കിൽ ശവകുടീരം എന്ന ഔറംഗസീബിന്റെ മുദ്രാവാക്യം ഇവിടത്തെ മുസ്ലിംലീഗ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. വരുന്ന അഞ്ച് വർഷവും അധികാരത്തിൽനിന്ന് പുറത്തായാൽ ഉണ്ടാകുന്ന മനോവിഭ്രാന്തിയിൽ ഖുർആൻവിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും.
അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ്
അധികാരമോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സിപിഐ എം ആണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണ് ഇത്.
കെ ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ഖുർആൻവിരുദ്ധ യുഡിഎഫ്-- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നത് നിസ്തർക്കം. സ്വർണക്കടത്തിന്റെ പേര് പറഞ്ഞ് എൽഡിഎഫ് സർക്കാരിനെതിരെ നടത്തുന്ന അരാജകസമരത്തിന്റെ അർഥശൂന്യത കേരളീയർ മനസ്സിലാക്കുന്നുണ്ട്. ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്. ഖുർആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ്. മുഖ്യമന്ത്രിയായിരിക്കെ നായനാർ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വത്തിക്കാനിൽ കണ്ടപ്പോൾ സമ്മാനിച്ചത് ഭഗവത് ഗീതയാണ്. ആ കൂടിക്കാഴ്ചയിൽ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുമുണ്ടായിരുന്നു. കമ്യൂണിസ്റ്റായ നായനാർ പോപ്പിന് ഗീത സമ്മാനിച്ചത് വലിയ വിവാദമാക്കാൻ നോക്കിയിരുന്നു. എന്നാൽ, ഗീതയും ബൈബിളും ഖുർആനുമൊക്കെ ഓരോ കാലഘട്ടത്തിലെ വിലപ്പെട്ട സംഭാവനകളാണെന്നും ഇന്ത്യയിൽനിന്ന് വത്തിക്കാനിലെത്തിയ താൻ പോപ്പിന് ഗീത നൽകിയതിൽ അപാകമില്ലെന്നും നായനാർ മറുപടി നൽകി.
ഒരു മതവിശ്വാസിയുടെ മതഗ്രന്ഥത്തെ ചുട്ടുകരിക്കുന്ന മതഭ്രാന്തിനെ നഖശിഖാന്തം എതിർക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. അതുകൊണ്ടാണ് ബൈബിൾ സന്ദേശം സ്വീകരിച്ച് ഒഡീഷയിൽ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച വിദേശ മിഷണറി ഗ്രഹാം സ്റ്റെയിനിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ചുട്ടുകൊന്ന കാവിഭീകരതയെ കമ്യൂണിസ്റ്റുകാർ നെഞ്ചുവിരിച്ച് എതിർത്തത്. ഗാന്ധിജിയുടെ ഇന്ത്യയെ മോദിയുടെ ഗുജറാത്താക്കാൻ വർഗീയ ഫാസിസത്തിന്റെ വിഷാണുക്കൾ വ്യാപിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ അതിന് കൂട്ടുനിൽക്കുകയാണ് ഇവിടത്തെ യുഡിഎഫ്. ജലീലിനെ താറടിക്കാൻ മുസ്ലിംലീഗും കോൺഗ്രസും ആർഎസ്എസ് അജൻഡയുടെ വക്താക്കളായിരിക്കുകയാണ്. അതുകൊണ്ടാണ് ഖുർആനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തിൽ എത്തിയിരിക്കുന്നത്.
യുദ്ധം ആരംഭിച്ചാൽ ആദ്യം മരിക്കുന്നത് സത്യമാണ്. ഇവിടെ എൽഡിഎഫ് സർക്കാർവിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തിൽ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. ഇതിന്റെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് എതിരെവരെ അസംബന്ധ ആക്ഷേപങ്ങൾ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനൽ നടപടിയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. തരാതരംപോലെ മന്ത്രിമാർക്കെതിരെയും ആക്ഷേപം ഉയർത്തുന്നു. എ സി മൊയ്തീൻ, ഇ പി ജയരാജൻ തുടങ്ങിയവർക്കെല്ലാമെതിരെ തലയും വാലുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജവാർത്ത നിർമ്മിതിയിൽ പരസ്പരം മത്സരിക്കുകയാണ്. ജയരാജനും കുടുംബത്തിനുമെതിരെ കള്ളവാർത്തയുടെ സ്പെഷ്യൽ പതിപ്പായിരുന്നു ഒരുദിവസത്തെ മനോരമ പത്രം. ജയരാജന്റെ കുടുംബത്തിനെതിരെ സൃഷ്ടിച്ച ലോക്കർ വിവാദത്തിൽ മാധ്യമധാർമികതയുടെ നെല്ലിപ്പടിയാണ് കണ്ടത്. ജയരാജന്റെ മകനെതിരെ മാധ്യമവാർത്തകൾ വരുന്നതിനും മുന്നുനാൾ മുമ്പാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നത്. പേരക്കുട്ടികളുടെ പിറന്നാളിന് അവരുടെ മാലയെടുക്കുന്നതിനുവേണ്ടിയാണ് ലോക്കർ തുറന്നത്. എന്നിട്ടാണ് ഇല്ലാത്ത ക്വാറന്റൈൻ ലംഘനം എന്ന മനുഷ്യത്വഹീനമായ കെട്ടുകഥ ചമച്ചത്. രാഷ്ട്രീയ ശത്രുക്കൾ ഏർപ്പാട് ചെയ്ത വാടകഗുണ്ടകളുടെ തോക്കിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട, വെടിയുണ്ട തുളച്ചിറങ്ങിയതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്ന ധീരനായ കമ്യൂണിസ്റ്റായ ജയരാജന്റെ പൊതുപ്രവർത്തനത്തെ വേട്ടയാടാനുള്ള ഹീന നീക്കമായിരുന്നു ഈ കള്ളവാർത്തയ്ക്കു പിന്നിൽ.
അസംബന്ധ വാർത്തകൾക്ക് അടിസ്ഥാനമെന്ത്
ഇതിന് തുടർച്ചയായി സിപിഐ എം നേതൃത്വത്തെ താഴ്ത്തിക്കെട്ടാൻവേണ്ടി പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നതയെന്ന് വരുത്താൻ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു നുണവാർത്ത പരത്തി. 'ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി--ഇ പി തർക്കം രൂക്ഷമായേക്കും, പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നിൽവരെ പ്രശ്നമെത്തും' എന്നിത്യാദി സങ്കൽപ്പലോകത്തെ കണ്ടെത്തലുകളാണ് വാർത്തയുടെ ലേബലിൽ പുറത്തുവിട്ടത്. കമ്യൂണിസ്റ്റ് വിരോധം മൂത്താൽ ഒരു ചാനൽ എവിടെവരെയെത്തും എന്നതിന് തെളിവായിരുന്നു ഇത്. ഈ അസംബന്ധ വാർത്ത പിൻവലിച്ച് മാപ്പ് പറയാനുള്ള മാന്യതപോലും ഇതുവരെ ആ ചാനൽ കാണിച്ചിട്ടില്ല. എന്റെ മകൻ ബിനീഷിനെ കേന്ദ്ര ഏജൻസി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും നൽകട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജൻസിക്ക് മുന്നിൽ തെളിയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുൻ സ്റ്റാഫിനെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഭരണാധികാരികളോ പാർട്ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.
റോബർട്ട് വാധ്രയെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ 13 തവണയാണ് ചോദ്യം ചെയ്തത്. വാധ്രയുടെ ഭാര്യ പ്രിയങ്കഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയാണ്. അളിയൻ രാഹുൽഗാന്ധി കോൺഗ്രസിന്റെ തലതൊട്ടപ്പനാണ്. ഭാര്യാമാതാവാകട്ടെ എഐസിസി പ്രസിഡന്റായ സോണിയഗാന്ധിയുമാണ്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും കള്ളപ്പണക്കേസിൽ ജയിലിൽ അടയ്ക്കുകയും ചെയ്ത യെദ്യൂരപ്പയാണ് കർണാടകത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത്. മോദിയെയും അമിത് ഷായെയും നിരവധി കേന്ദ്ര ഏജൻസികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട് കേസുകളുമുണ്ടായി. മുൻ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ ഡൽഹിയിലെ വസതിയിൽ മതിൽ ചാടിക്കടന്നാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ അടച്ച ചിദംബരത്തെ കോൺഗ്രസിന്റെ 21 അംഗ പ്രവർത്തകസമിതിയിൽ ഇപ്പോൾ അംഗമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ