- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയേയും മകനേയും ഒരു പോലെ പ്രതിരോധിക്കാനുള്ള ആരോഗ്യ സ്ഥിതി ഇപ്പോഴില്ല; രാജിവയ്ക്കാനോ അവധി എടുക്കാനോ അനുവദിക്കണമെന്ന് പാർട്ടി യോഗങ്ങളിൽ സെക്രട്ടറി നിലപാട് എടുക്കും; അവധി അപേക്ഷ അംഗീകരിക്കാനും സാധ്യത; ബിനീഷിനെ എൻസിബിയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് നീക്കം; കോടിയേരി പദവി ഒഴിയും; പകരം സാധ്യത എംവി ഗോവിന്ദന്
തിരുവനന്തപുരം: മകനെതിരായ ആരോപണത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിക്കും. ഇന്ന് തുടങ്ങുന്ന പാർട്ടി യോഗങ്ങളിൽ കോടിയേരി സന്നദ്ധത അറിയിക്കും. എന്നാൽ പാർട്ടി ഒറ്റക്കെട്ടായി ഇതിനെ എതിർക്കും. വിവാദങ്ങൾ മാറും വരെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അവധി എടുക്കുന്നതും പരിഗണനയിലാണ്. അസുഖം ഉയർത്തി കോടിയേരിയുടെ അവധി അംഗീകരിക്കുകയും ചെയ്യും. എന്നാൽ ബിനീഷ് കോടിയേരിയുടെ ഇടപാടുകളിൽ കോടിയേരിക്ക് പങ്കില്ലെന്ന വാദം സിപിഎം തുടർന്നും ഉയർത്തും. കോടിയേരിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതിരോധം അതിശക്തമായി തന്നെ സിപിഎം തുടരും. കോടിയേരി മാറിയാൽ എംവി ഗോവിന്ദന് സെക്രട്ടറിയുടെ ചുമതല നൽകും.
എന്നാൽ കോടിയേരി രാജി വയ്ക്കുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യക്കുറവുണ്ട്. എന്നാൽ പരസ്യമായി കോടിയേരിയെ പിന്തുണയ്ക്കുന്നുമില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ പോലും കോടിയേരി വിഷയത്തിൽ അന്വേഷണ ഏജൻസികളെ തള്ളി പറയാതെയാണ് പിണറായി പങ്കെടുത്തത്. വീട്ടിലെ റെയ്ഡിനേയും തള്ളി പറഞ്ഞില്ല. അന്വേഷണ ഏജൻസികളുടെ കൈയിൽ തെളിവുണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞു. ഇതും കോടിയേരിയെ ചിന്തിപ്പിക്കുന്നുണ്ട്. പരസ്യമായി തന്നെ അനുകൂലിക്കുമ്പോഴും പിണറായിയുടെ വാക്കും പ്രവർത്തിയും തനിക്ക് എതിരാണെന്ന് കോടിയേരി കരുതുന്നു. മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നത് ഒഴിവാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന് വേണ്ടി മാത്രമാണ് പാർട്ടി സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടെന്ന് പറയുന്നതെന്നും വിലയിരുത്തുന്നു.
അങ്ങനെ സമാനതകളില്ലാത്ത ആശയക്കുഴപ്പത്തിലാണ് കോടിയേരി ഇപ്പോൾ. സിപിഎം. സംസ്ഥാന നേതൃയോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുകയാണ്. മകനെതിരേയുള്ള കേസുകളിൽ രക്ഷകനായോ സഹായിയായോ താനുണ്ടാവില്ലെന്ന് കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽത്തന്നെ കോടിയേരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് പാർട്ടിയുടെ നിലപാടായി അംഗീകരിച്ചത്. കേസും അന്വേഷണവും അന്നത്തെക്കാൾ ഇന്ന് രൂക്ഷമായി. കോടിയേരിക്ക് ആരോഗ്യപ്രശ്‌നങ്ങളും കൂടി. ശ്രദ്ധവേണമെന്ന് ഡോക്ടറും നിർദേശിച്ചിട്ടുണ്ട്. അതിനാൽ, സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം തത്കാലം അവധി എടുത്തേക്കുംയ
നേരത്തേ അസുഖം വന്നപ്പോൾത്തന്നെ മാറിനിൽക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത് തള്ളി, പാർട്ടി സെന്റർ എന്ന നിലയിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂട്ടായി സെക്രട്ടറിയുടെ ചുമതല നിർവഹിക്കാമെന്നാണ് തീരുമാനിച്ചത്. രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതി കോടിയേരിക്ക് ഇപ്പോഴില്ല. അതുകൊണ്ട് തന്നെ അവധി എടുക്കും. കോടിയേരിയെ പൂർണമായി കൂടെനിർത്തിയുള്ള നിലപാടാണ് സിപിഎം. സ്വീകരിക്കുക. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം കോടിയേരി സ്ഥാനം ഒഴിയും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുമ്പോൾ നേതൃതലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.
കോടിയേരിയും പിണറായിയും ഉൾപ്പെടെയുള്ള പ്രധാനനേതാക്കളെല്ലാം എ.കെ.ജി.സെന്ററിൽ ഒത്തുചേർന്ന് പ്രതിരോധത്തിന്റെ വഴി ഇന്നലെ തേടിയിരുന്നു. അതിന് ശേഷം മന്ത്രിമാരുടെ യോഗംവിളിച്ച് ഇ.ഡി.യുടെ അതിരുവിട്ട രീതിയെ നേരിടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിനീഷിന്റെ വീട്ടിലെ ഇ.ഡി. പരിശോധന മനുഷ്യാവകാശംപോലും ലംഘിക്കുന്ന വിധത്തിലാണെന്നാണ് സിപിഎം. വിലയിരുത്തിയത്. അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെ അതിരുവിടുമ്പോൾ അതിനെ നേരിടേണ്ടതുണ്ടെന്നാണ് നേതാക്കളുടെ വികാരം. ബിനീഷിന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസും ബാലാവകാശ കമ്മിഷനും ഉടനടി ഇടപെട്ടത് ഇതുകൊണ്ടുകൂടിയാണ്. അവകാശലംഘനവുമായി ജെയിംസ് മാത്യു ഇ.ഡി.ക്കെതിരേ രംഗത്തുവന്നതിന്റെ കാരണവും അതാണ്.
നുണകൾ വിശ്വസിപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ് മാധ്യമങ്ങളുടേതെന്ന് കോടിയേരി ബാലകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ വിഷമായി മാറിയിരിക്കുന്നു. ഇവരുടെ വാർത്ത മതി മരിക്കാൻ, വേറെ വിഷം വേണ്ട. ഇടതുമുന്നണി അധികാരത്തിൽ വരുന്നത് തടയാനും വന്നാൽ പുറത്താക്കാനും എക്കാലത്തും മാധ്യമങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ഏതൊക്കെരീതിയിൽ ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് സമീപ ദിവസങ്ങളിലെ സംഭവങ്ങൾ. മൊഴികളെന്നപേരിൽ പലതും പ്രചരിപ്പിക്കും. പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി. രാഷ്ട്രീയമായി ഇടപെടുന്നെന്ന് ദേശീയമായി കോൺഗ്രസ് പറഞ്ഞതാണ്. കേരളത്തിലെ കേസുകളെ മഹത്വവത്കരിക്കുകയും കൂടെനിൽക്കുകയും ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞിനും ലീഗ് നേതാക്കൾക്കുമെതിരായ ഇ.ഡി. കേസ് മാധ്യമങ്ങൾക്ക് വാർത്തയല്ല. പ്രതിപക്ഷനേതാവിന് ഒരുകോടി കോഴ നൽകിയെന്ന വെളിപ്പെടുത്തലും ചർച്ചയല്ല. എന്നാൽ, മറ്റുചില പ്രശ്നങ്ങളുന്നയിച്ച് സർക്കാരിനെതിരേ ജനമനസ്സ് ഇളക്കിവിടാനാണു നോക്കുന്നത്- അദ്ദേഹം പറഞ്ഞു. അസത്യപ്രചാരണം നടത്തി ജനങ്ങളെ സ്വാധീനിക്കാനാണ് കോൺഗ്രസും ബിജെപി.യും നടക്കുന്നത്. ഇതിനെ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് തുറന്നുകാണിക്കാനാകണം. സഭ്യമായ ഭാഷ ഉപയോഗിച്ചും വ്യക്തിഹത്യ നടത്താതെയുമാകണം സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കേണ്ടത്. ഇതിന് എല്ലാ ആധുനികസംവിധാനങ്ങളും സ്വായത്തമാക്കണമെന്നും കോടിയേരി പറഞ്ഞു. ഇത്തരം വിശദീകരണങ്ങളിലൂടെ മകന്റെ ചെയ്തികളെ പ്രതിരോധിക്കാൻ കഴിയില്ല.
ബിനീഷിനെ മയക്കുമരുന്നു കേസിൽ എൻസിബിയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അത് ഗുരുതര സാഹചര്യമൊരുക്കും. അതുകൊണ്ടാണ് പതിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ കോടിയേരി തയ്യാറെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ