സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു; പകരം ചുമതല വിജയരാഘവന്; കോടിയേരിയുടെ അവധി അപേക്ഷ അംഗീകരിച്ച് തീരുമാനമെന്ന് സിപിഎം പത്രക്കുറിപ്പ്; ചികിൽസാർത്ഥം എന്ന പേരിലെ സ്ഥാനം ഒഴിയലിന് പിന്നിൽ ബിനീഷ് കോടിയേരിയുടെ കേസ് തന്നെ; ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ പറഞ്ഞത് ശരിയാകുമ്പോൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറി. പകരം ചുമതല വഹിക്കുക എ വിജയരാഘവനായിരിക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. ചികിൽസാർത്ഥ മാറുകയാണെന്നാണ് സിപിഎം നിലപാട്. അവധി അപേക്ഷ കോടിയേരി നൽകിയെന്നും അത് പാർട്ടി അംഗീകരിച്ചെന്നുമാണ് പാർട്ടി പത്രക്കുറിപ്പിൽ സിപിഎം വിശദീകരിക്കുന്നു. ഇക്കാര്യം ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെയാണ് കോടിയേരി പ്രതിസന്ധിയിലായത്.

ബിനീഷ് അറസ്റ്റിലായപ്പോൾ തന്നെ കോടിയേരിയോട് സ്ഥാനം ഒഴിയണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയും ചെയ്തു. ബനീഷിന്റെ കേസ് പാർട്ടിയെ വെട്ടിലാക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. മറുനാടൻ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും തീരുമാനിച്ചത് കോടിയേരി രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു. മറുനാടന്റെ വാർത്തയും മറ്റും ശരിയല്ലെന്നും നേതാക്കൾ പറഞ്ഞു. അതിന് ശേഷവും കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചു. ഇതോടെയാണ് കോടിയേരിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. അതിനെ അവധിയാക്കി മാറ്റുകയും ചെയ്തു.

കോടിയേരി സ്ഥാനമൊഴിഞ്ഞാൽ പകരം എംവി ഗോവിന്ദൻ സെക്രട്ടറി ചുമതലയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കണ്ണൂരിൽ നിന്ന് നേതാവെത്തുന്നതിനെ കേന്ദ്ര നേതാക്കൾ എതിർത്തു. ഈ സാഹചര്യത്തിലാണ് വിജയരാഘവനെ സെക്രട്ടറി പദവി നൽകുന്നത്. വിജയരാഘവനും സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ്. ഇതോടെ പുതിയ എൽഡിഎഫ് കൺവീനറെ കണ്ടെത്തും. എംവി ഗോവിന്ദൻ കൺവീനറാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അടുത്ത ഇടത് നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും.

ബംഗ്ലൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലിൽ തന്നെയാണുള്ളത്. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാല് പേർക്കാണ് ഇതുവരെ ഹാജരാകാൻ നോട്ടീസയച്ചത്. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യം കിട്ടാൻ സാധ്യത കുറവാണ്. മയക്കുമരുന്ന് കേസിൽ എൻസിബിയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതിയിൽ വാദിച്ച അഭിഭാഷകൻ കോടതി നടപടികൾക്ക് ഇൻ ക്യാമറ പ്രൊസീഡിങ്‌സ് വേണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി. ഇത് സാധ്യമല്ലെന്നും കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതെല്ലാം കോടിയേരിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഈ സംഭവം തിരിച്ചടിയാകാതിരിക്കാനാണ് കോടിയേരിയുടെ മാറി നിൽക്കൽ. ഉടൻ അദ്ദേഹം ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും സൂചനയുണ്ട്.