തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് താൽപ്പര്യമുണ്ടെങ്കിലും മത്സരിക്കാൻ പാർട്ടി സീറ്റ് നൽകില്ലെന്ന് സൂചന. മകന്റെ കേസുകളാണ് ഇതിന് കാരണം. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയും മത്സരിക്കില്ല. ഇതോടെ പിബി അംഗങ്ങളിൽ പിണറായി വിജയൻ മാത്രമാകും മത്സര രംഗത്തുള്ളത്. പാർട്ടി സെക്രട്ടറിയുടെ ചുമതലയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വീണ്ടും സജീവമാകും. എന്നാൽ സെക്രട്ടറി സ്ഥാനവും തൽകാലം നൽകില്ല.

അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പിണറായിക്കും താൽപ്പര്യമുണ്ടായിരുന്നു. മന്ത്രി ഇപി ജയരാജൻ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാൽ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മകനെതിരായ കേസുകൾ ചർച്ചയാകും. ലഹരി കേസ് ചർച്ചകളിൽ എത്താൻ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്റെ മുംബൈയിലെ ബാർ ഡാൻസറുടെ പിതൃത്വ കേസും ഉണ്ട്. ഈ കേസ് വിചാരണയിലേക്ക് ഉടൻ കടക്കും. ഇതും കോടിയേരിക്ക് വിനായണ്.

സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നായ തലശേരിയിൽ കോടിയേരിക്ക് വിജയം സുനിശ്ചിതമാണെങ്കിലും മക്കൾ വിവാദം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉയർന്നുവരുന്നതു കണക്കിലെടുക്കുന്നതാണ് വിനയാകുന്നത്. കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ ഇക്കുറി മത്സരിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാൻ പാർട്ടി ആലോചിച്ചത്്. ഇതിനോട് പിണറായിയും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര കമ്മറ്റിക്ക് പക്ഷേ വിരുദ്ധാ അഭിപ്രായമാണുള്ളത്.

പാൻക്രിയാസിനെ ബാധിച്ച അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടർ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞിരുന്നു. പക്ഷേ മക്കളുടെ കേസ് വിനയാകും. പാർട്ടി സെക്രട്ടറിയായി കോടിയേരി തിരച്ചെത്തുന്നതിന് തടസ്സവും ഈ കേസാണ്. മൂത്തമകൻ ബിനോയ് സ്ത്രീ പീഡന ക്കേസിൽ കോടതി വിചാരണ നേരിടുകയും മറ്റൊരു മകൻ ബിനീഷ് മയക്കുമരുന്ന് ഇടപാടിനായി കള്ളപ്പണം വെളുപ്പിച്ച കേസിൽ ബംഗളൂരുവിലെ അഗ്രഹാര ജയിലിൽ റിമാൻഡ് തടവുകാരനുമായ അവസ്ഥയാണുള്ളത്.

കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കാര്യത്തിലും മേൽഘടകമാണ് തീരുമാനമെടുക്കേണ്ടത്.കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ മട്ടന്നൂരിൽനിന്ന് ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായ പി.കെ. ശ്രീമതിക്ക് കല്യാശേരി മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടികയിലുണ്ട്. ഇതിൽ എംവി ഗോവിന്ദൻ മത്സരിക്കാൻ സാധ്യത ഏറെയാണ്.