- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും. സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ചാണ് പരിശോധന. ഐ ഫോൺ കുറച്ചുനാൾ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോൾ പട്ടിക പരിശോധിച്ചതിൽ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.
സ്വർണം- ഡോളർ കടത്ത്് കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനേയും കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷൻ നിർമ്മാണ കരാറുകാരനായ യുണിടാക്് എം.ഡി സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസൽ ജനറലിന് നൽകിയ 1.13 ലക്ഷം രൂപ വിലയുള്ള ഐ.ഫോൺ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.
കസ്റ്റംസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ തയ്യാറെടുക്കുകയാണ്. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചത്. ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് ഇപ്പോൾ കർണ്ണാടകയിൽ ജയിലിലാണ്. ഇതിനും സ്വർണ്ണ കടത്ത് കേസുമായി ബന്ധമുണ്ടെന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ. ഇഡിയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
വിനോദിനിയുടെ പേരിലെ സിമ്മിലെ ചില കോളുകളിൽ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയിൽപെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോൺ ഉപയോഗിച്ചിരുന്നു. എന്നാൽ ലൈഫ് മിഷൻ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസും കേസിന്റെ പരിധിയിൽ വന്നപ്പോൾ ഫോൺ സ്വിച്ച് ഓഫായി.
യുഎഎഫ്എക്‌സ് സൊല്യൂഷൻസിന്റെ പാർട്‌നറെ ബെംഗളൂരുവിൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ചോദ്യം ചെയ്തിരുന്നു. കാർ പാലസ് ഉടമയുടെ മൊഴിയിൽ ഇഡി അന്വേഷണവും നടത്തുന്നുണ്ട്. വിനോദിനി നാളെ ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. ഫോൺ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടും.
ഫോൺ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടർ ചോദ്യങ്ങളിലേക്കും പോകുക. ഈ ഫോൺ ബിനീഷിന് കിട്ടിയെന്നും അത് അമ്മയ്ക്ക് കൈമാറി കിട്ടിയെന്നുമാണ് നിഗമനം. ലൈഫ് മിഷനിലെ കോഴയായാണ് ഈ ഐ ഫോണിലെ കസ്റ്റംസും കേന്ദ്ര ഏജൻസികളും വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ