തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. 60 വയസ് കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും, എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽ.ഡി.എഫ്. കൊണ്ടുവരും. വീടുകൾ സുരക്ഷിതമാക്കുക എന്നതാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

ഈ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോൽപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോൺഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബിജെപി. തോൽക്കും. ബിജെപി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

' കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളിൽ കടന്നു വരുന്നത് പോലെ ബിജെപി. കടന്നു വരാതിരിക്കാൻ ഇടതുപക്ഷത്തിന്റെ അംഗബലം വർധിക്കണം. ഇന്ന് ഈ ഗവൺമെന്റ് തകരാതിരുന്നത് ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ്. ഈ തിരഞ്ഞെടുപ്പിൽ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ട്. അത് ഉപയോഗപ്പെടുത്തണം.' - കോടിയേരി പറഞ്ഞു.