കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ സിപിഎം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ കടുത്ത നടപടികളിലേക്ക് കസ്റ്റംസ്. വിനോദനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉടൻ കോടതിയിൽ നിന്ന് വാങ്ങും. അതിന് ശേഷം അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമാണ് വീണ്ടും നോട്ടീസ് നൽകിയത്. രണ്ടാമതും നോട്ടീസ് നൽകിയത് ഇതിന്റെ ഭാഗമാണ്. ചോദ്യംചെയ്യലിനായി ചൊവ്വാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോളർക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിനു നൽകിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചുവെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടർന്നാണ് വിളിപ്പിച്ചത്. എന്നാൽ ഇപ്പോൾ വിനോദിനി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെ സിപിഎം അനുകൂലിക്കുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു മതിയെന്നാണ് നിർദ്ദേശം. അതിന് വേണ്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.

നേരത്തെ മാർച്ച് 10-ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് കിട്ടിയില്ലെന്ന കാരണത്താൽ വിനോദിനി ഹാജരായിരുന്നില്ല. ഇ.ഡി. റെയ്ഡ് നടന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടുവിലാസത്തിലാണ് അന്ന് നോട്ടീസ് നൽകിയിരുന്നത്. വീട് പൂട്ടിക്കിടക്കുന്നുവെന്ന കാരണത്താൽ ആ നോട്ടീസ് കസ്റ്റംസ് ഓഫീസിൽ തിരിച്ചെത്തി. ഇപ്പോൾ കോടിയേരിയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനോടും അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ചോദ്യം ചെയ്യലിന് വേണ്ടി അറസ്റ്റിലേക്ക് പോകും.

സിപിഎം തുടർഭരണ പ്രതീക്ഷയിലാണ്. അത് ഉറപ്പായി കഴിഞ്ഞാൽ പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് അവരുടെ നിലപാട്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യൽ നോട്ടീസ് കിട്ടിയിട്ടും കസ്റ്റംസിന് മുമ്പിൽ എത്തിയില്ല. തെരഞ്ഞെടുപ്പ് തിരക്കുകൾ എന്ന കാരണം പറഞ്ഞാണ് ഒഴിഞ്ഞു മാറിയത്. ഇത് മറുപടിയായി എഴുതി നൽകുകയും ചെയ്തു. ഭരണഘടനാ പദവിയുള്ള സ്പീക്കറെ സമ്മർദ്ദത്തിലാക്കാ്# കസ്റ്റംസ് കരുതലോടെയാണ് നീങ്ങുന്നത്. ശ്രീരാമകൃഷ്ണന്റെ അഭിപ്രായം മാനിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യും.

എന്നാൽ കോടിയേരിയുടെ ഭാര്യയ്ക്ക് ഇത്തരത്തിലുള്ള ആനുകൂല്യമെന്നും കിട്ടില്ല. ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സന്തോഷ് ഈപ്പൻ നേരിട്ട് ഈ ഫോൺ കോടിയേരി ബാലകൃഷ്ണനോ കുടുംബത്തിനോ കൈമാറിയെന്ന് കസ്റ്റംസ് കരുതുന്നില്ല. സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് മുഖാന്തരമാണ് ഐ ഫോണുകളെല്ലാം നൽകിയതെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിർണ്ണായകാണ്.

ഇതോടെ ഫോൺ, വിനോദിനിയുടെ കൈയിൽ എങ്ങനെ എത്തിയെന്ന വിവാദമുയർന്നു. പക്ഷേ, വിനോദിനിയും കോടിയേരി ബാലകൃഷ്ണനും ഇതെല്ലാം പാടേ നിഷേധിക്കുകയായിരുന്നു. ഈ ഫോൺ ബിനോയ് കോടിയേരിയായിരുന്നു ഉപയോഗിച്ചതെന്ന സംശയവും സജീവമാണ്. സ്വർണ്ണ കടത്തിലെ അന്വേഷണം കാർ പാലസ് ഉടമയുടെ സ്ഥാപനത്തെ സംശയത്തിലാക്കിയതോടെ ഈ ഐ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ഈ ഫോണിൽ ഉപയോഗിച്ചിരുന്നത്.