- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് കഴിഞ്ഞാൽ സെക്രട്ടറിയാകാൻ കോടിയേരിക്ക് മോഹം; പിണറായിക്ക് താൽപ്പര്യം ഇപിയെ; വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് കൺവീനർ സ്ഥാനവും കണ്ണൂരിലെ നേതാക്കളിൽ ഒരാൾക്ക് നൽകും; പിജെ ആർമിയെ മുന്നിൽ നിർത്തി ജയരാജൻ നേട്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാൻ നിരീക്ഷണ സംവിധാനം; സിപിഎമ്മിനെ നയിക്കാൻ ആരെത്തും?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ തലപ്പത്ത് എത്താൻ കണ്ണൂരിലെ ലോബികൾ തമ്മിൽ മത്സരത്തിൽ. ക്യാൻസർ രോഗമുക്തി നേടിയ കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹമുണ്ട്. എന്നാൽ ഇപി ജയരാജനും ഇതേ കസേര നോട്ടമിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലും അടുത്ത സെക്രട്ടറി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്. ഇപിയും കോടിയേരിയും കസേര നോട്ടമിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാകും നിർണ്ണാകം. അതിനിടെ അടുത്ത പാർട്ടി സമ്മേളനം വരെ എ വിജയരാഘവൻ തന്നെ സെക്രട്ടറിയുടെ കസേരയിൽ തുടരാനും സാധ്യതയേറെയാണ്.
അസുഖത്തിന്റെ പേരു പറഞ്ഞാണ് കോടിയേരി അവധി എടുത്തത്. ഇപ്പോൾ അസുഖമെല്ലാം മാറി. പ്രചരണത്തിൽ സജീവവുമാണ്. തിരുവനന്തപുരം ജില്ലയിൽ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് കോടിയേരിയാണ്. അങ്ങനെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ തനിക്ക് സെക്രട്ടറി പദത്തിന് അർഹതയുണ്ടെന്നാണ് കോടിയേരിയുടെ വാദം. ഒരു ടേം കൂടി സെക്രട്ടറിയായി തുടരാനാണ് നീക്കം. ഇതിനിടെയാണ് ഇപി ജയരാജനും എത്തുന്നത്. വ്യവസായ മന്ത്രിയായ ഇപി ഇപ്പോൾ മത്സരിക്കുന്നില്ല. ഇത് പാർട്ടി സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ഇപി. അതുകൊണ്ട് തന്നെ ഇപിയെ പാർട്ടി സെക്രട്ടറിയാക്കുമെന്നാണ് വിലയിരുത്തൽ.
മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോയ സാഹചര്യത്തിൽ കോടിയേരിയോ ജയരാജനേയോ രാജ്യസഭയിലേക്ക് അയ്ക്കാനും ആലോചനയുണ്ട്. നിലവിൽ എ വിജയരാഘവന് രണ്ട് പദവികളുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനവും എൽഡിഎഫ് കൺവീനർ സ്ഥാനവും. വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് ഇപിയെ പാർട്ടി സെക്രട്ടറിയും കോടിയേരിയെ ഇടത് കൺവീനറും ആക്കാനുള്ള ചർച്ചകളും ഉണ്ട്. കോടിയേരി സെക്രട്ടറിയാകാൻ ആഗ്രഹിച്ചാൽ ഇപിയെ ഇടതു കൺവീനറാകും. കണ്ണൂരിൽ പി ജയരാജനും കൂട്ടരും പാർട്ടി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് അനുവദിക്കാതിരിക്കാനുള്ള മുൻകരുതലും പിണറായി പക്ഷം എടുക്കും. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ പിണറായി പക്ഷക്കാർ മാത്രമേ ഉണ്ടാകൂവെന്ന് ഉറപ്പിക്കും.
തെരഞ്ഞെടുപ്പിനിടെ കണ്ണൂരിലെ ഓരോ സഖാക്കളും നീരക്ഷണത്തിലാണ്. പിജെ ആർമിയുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും പ്രത്യേകം സംവിധാനമുണ്ട്. ഇവർ ആരും സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കും. തുടർഭരണം പിണറായിക്ക് കിട്ടുമെന്നും മുഖ്യമന്ത്രിയാകുമെന്നുമുള്ള വിലയിരുത്തലിലാണ് ഈ നീക്കമെല്ലാം. എന്നാൽ ഭരണ തുടർച്ച ഉണ്ടായില്ലെങ്കിൽ കണ്ണൂരിലെ പാർട്ടി പി ജയരാജന്റെ കൈയിലാകുമെന്ന് ഏവരും കരുതുന്നു. അങ്ങനെ വന്നാൽ അടുത്ത പാർട്ടി സമ്മേളനത്തിൽ വമ്പൻ അട്ടിമറിക്ക് സാധ്യത തെളിയും. സ്വർണ്ണ കടത്തും മറ്റ് വിവാദവുമെല്ലാം ചർച്ചയാവുകയും ചെയ്യും.
മകൻ ഇ ഡി യുടെ കസ്റ്റഡിയിൽ കഴിയുന്നതും മകനെതിരെ ഉയർന്ന മയക്കു മരുന്ന് ലോബി ആരോപണങ്ങളും സ്ഥാനം ഒഴിയാൻ കോടിയേരിയെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതിനൊപ്പം മൂത്ത് മകൻ ബിനോയിക്കെതിരെ ഉയർന്ന ബാർ ഡാൻസറുടെ പരാതിയും ചർച്ചയായി. ഇതൊന്നും പാർട്ടിയെ ബാധിച്ചില്ലെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അവധി റദ്ദാക്കി പാർട്ടി സെക്രട്ടരി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ആലോചന തുടങ്ങിയത്. കണ്ണൂരിലെ പാർട്ടിക്കാർക്കും കോടിയേരി തിരികെ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പാർട്ടിയും ഭരണവും കണ്ണൂർകാരുടെ കയ്യിൽ വേണമെന്ന ശാഠ്യവും ഇവർക്കുണ്ട്. ഇതിനിടെയാണ് ഇപിയുടെ പേരും ഉയർന്നു വരുന്നത്.
പാർട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിപ്പിക്കാൻ വിജയരാഘവന് കഴിയുന്നില്ലന്ന വിമർശനം ചില നേതാക്കൾക്ക് ഉണ്ട്. ചികിത്സക്ക് എന്ന് പറഞ്ഞ് അവധി എടുത്തപ്പോൾ കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പകരം ചുമതലയിലേക്ക് എ വിജയരാഘവനെ അന്ന് നിർദ്ദേശിച്ചത്.ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും കോടിയേരി മടങ്ങി എത്തും എന്നും സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നു. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയാണ്. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ രാജി വെയ്‌ക്കേണ്ടതില്ലെന്നാണ് നേരത്തെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.
മകന്റെ കുറ്റകൃത്യങ്ങൾക്ക് പാർട്ടി സെക്രട്ടറിയായ അച്ഛന് ഉത്തരവാദിത്തം ഇല്ലെന്നും സിപിഎം വാദിച്ചു. പ്രതിപക്ഷം കോടിയേരിയുടെ രാജി ആവശ്യം ശക്തമാക്കിയപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും. എന്നാൽ രണ്ട് നിർണായക തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന പാർട്ടിയും സർക്കാരും ബിനീഷ് വിഷയത്തിന് മേലുള്ള തിരിച്ചടി ഒഴിവാക്കാനാഗ്രഹിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ