കണ്ണുർ: രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്താൻ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. എന്നാൽ കോടിയേരി തിരിച്ചു വരുന്നതിൽ സിപിഎം സംസ്ഥാന നേതാക്കളിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തിൽ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം നടത്തുന്നുണ്ട്. കോടിയേരിയുടെ സ്വന്തം നാടായ കണ്ണുരിൽ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തുന്നത്. ഇവർക്ക് പിൻതുണയുമായി അഞ്ച് സംസ്ഥാന കമ്മിറ്റിയംഗങ്ങളുമുണ്ട്.

പാർട്ടി നേതൃത്വം വീണ്ടും പിണറായി - കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതിൽ കണ്ണുരിലെ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിൽ സീറ്റു കിട്ടാത്ത നേതാക്കൾ സംസ്ഥാന വ്യാപക പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് സ്വന്തം വീട്ടിനടുത്തുള്ള മണ്ഡലങ്ങളിൽ മാത്രമാണ് ഇവർ പ്രവർത്തിക്കാനിറങ്ങുന്നത്. ഇതു മുഖ്യമന്ത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുക്കാൻ ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ സിപിഎമ്മിന്റെ അമരത്തേക്ക് വീണ്ടും കോടിയേരി തന്നെ വരുന്നതോടെ സംഘടനാപരമായി പാർട്ടി ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെയായിരിക്കും സ്ഥാനമാറ്റമുണ്ടാവുക. ആരോഗ്യ പ്രശ്‌നങ്ങൾ മാറി പഴയ പാർട്ടി സെക്രട്ടറിയെപോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോൾ കോടിയേരി. എൽ.ഡി.എഫ് കൺവീനർ ചുമതല കൂടിയുള്ളതിനാൽ നിലവിൽ ആക്ടിങ് സെക്രട്ടറിയായി തുടരുന്ന എ.വിജയരാഘവനെ നീക്കി കോടിയേരിയെ തൽസ്ഥാനത്തെത്തിക്കാനാണ് നീക്കം. ഐ ഫോൺ വിവാദവും മകൻ ബിനീഷിന്റെ ജയിൽവാസവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നത്.

രാഷ്ട്രീയ സാഹചര്യത്തിനു പുറമേ ആരോഗ്യ കാരണങ്ങളാണ് ഇതിനു കാരണമായി പാർട്ടി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂർച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ ഭാര്യ വിനോദിനിയുടെ പേരിലുണ്ടായിരുന്ന ഐ ഫോൺ വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപോർട്ട് അനുകൂലമായതും കോടിയേരിക്ക് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും പാർട്ടി സെക്രട്ടറിയായി കോടിയേരി തന്നെ എത്തുമെന്നാണ് സൂചന.

പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ കോടിയേരി പ്രചരണ പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞിട്ടുണ്ട് പൂർണ ആരോഗ്യം വീണ്ടെടുത്ത ശരീര ഭാഷയും വിവാദങ്ങളെ തരണം ചെയ്ത ആത്മവിശ്വാസവും കോടിയേരിയിൽ കാണാനുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയും യു.ഡി.എഫിനെതിരേ പ്രതിരോധം തീർക്കാനും പിണറായിക്കൊപ്പം കോടിയേരി തന്നെയാണ് ഇപ്പോൾ മുന്നിലുള്ളത്.

വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് ഇപിക്ക് ഇടതു കൺവീനർ സ്ഥാനം നൽകുന്ന ഫോർമുലയും പരിഗണനയിലുണ്ട്. കണ്ണൂരിലെ പി ജയരാജൻ ഒഴികെയുള്ള നേതാക്കളെ കൂടെ നിർത്താനാണ് ഇത്. സംഘടനാ തെരഞ്ഞെടുപ്പിൽ പിജെ ആർമിയുടെ ചർച്ച സജീവമാക്കി പാർട്ടി പിടിക്കാൻ ജയരാജൻ ശ്രമിക്കുമെന്ന സൂചനകൾ ചർച്ചയിലുണ്ട്. ഈ സാഹചര്യത്തിൽ ഇപിയേയും കോടിയേരിയേയും ചേർത്ത് നിർത്താനാണ് പിണറായിയുടെ നീക്കം.