തലശേരി:വിശ്വാസികൾ എൽ.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് സി.പി. എം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കോടിയേരി ജൂനിയർ ബേസിക്ക് യു.പി സ്‌കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഭരണ കാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ശബരിമലയിൽ നടത്തിയ സർക്കാരാണ് എൽ.ഡി.എഫിന്റെത്. വിശ്വാസികളും ദൈവങ്ങളും പോലും ഇക്കുറി എൽ.ഡി.എഫിനാണ് വോട്ടു ചെയ്യുക. സംസ്ഥാനത്ത് എവിടെയും ബിജെപിയുമായി സിപിഎമ്മിന് ഡീലില്ല. ഡീലർമാരുടെ പാർട്ടിയല്ല ഞങ്ങളുടെത്. ജനങ്ങളെ പട്ടിണി കിടത്തിക്കാത്ത സർക്കാരാണ് കേരളത്തിലേത്. അതവർക്ക് നന്നായറിയാം. അതു കൊണ്ടു തന്നെ എൽ.ഡി.എഫിന് ഭരണ തുടർച്ചയാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധി നന്നായി കൈകാര്യം ചെയ്യാനും ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാനും ഭക്ഷ്യ കിറ്റുകളും മറ്റു ആശ്വാസ സഹായമെത്തിക്കാനും സർക്കാരിനു കഴിഞ്ഞു. അതു കൊണ്ടു തന്നെ ഇക്കുറി മികച്ച ജനവിധിയാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്ത് യു.ഡി.എഫ് തകർന്നടിയും. നുണപ്രചാരണം കൊണ്ടന്നും അവർക്ക് പിടിച്ചു നിൽക്കാനാവില്ല ബിജെപിക്ക് നേമത്ത് അക്കൗണ്ട് തുറക്കാനാവില്ല.അവർ പറയുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും കോടിയേരി പറഞ്ഞു.

രാവിലെ പത്തരയോടെ ഭാര്യ വിനോദിനി. മകൻ ബിനോയ് കോടിയേരി, ബിനോയ് കോടിയേരിയുടെ ഭാര്യ എന്നിവരോടൊപ്പമാണ് കോടിയേരി ബാലകൃഷ്ണൻ വോട്ടു ചെയ്യാനെത്തിയത്.