ബെംഗളൂരു: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണൻ. തന്റെ അസുഖമെല്ലാം മാറിയെന്ന് പ്രഖ്യാപിച്ച് ആവേശത്തോടെ പ്രചരണത്തിൽ നിറയൽ. മന്ത്രി ആയിരുന്ന കെടി ജലീലിന്റെ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദൗത്യം ഏൽപ്പിച്ചതും കോടിയേരിയെ. എന്നാൽ ഇതൊന്നും കോടിയേരിയുടെ മകൻ ബിനീഷ് അറിഞ്ഞിട്ടില്ല. അച്ഛൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് വിശ്വസിക്കുകയാണ് മകൻ.

കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയെ ധരിപ്പിച്ചു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.

മലബാറിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു കോടിയേരി. രോഗത്തെക്കുറിച്ച് ഓർമിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്. പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി അതിനെ മറക്കാനാണ് എന്നും കോടിയേരി പറഞ്ഞിരുന്നു. 2019ലാണ് കോടിയേരിയെയും പ്രിയപ്പെട്ടവരെയും രോഗം ഞെട്ടിച്ചത്. കാൻസർ ചികിത്സയിൽ ലോകപ്രശസ്തമായ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്‌സൺ കാൻസർ സെന്ററിൽ അടിയന്തര ചികിത്സ തേടണമെന്ന ഉപദേശപ്രകാരം തിരക്കിട്ട് അദ്ദേഹം അവിടേക്കു തിരിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തി ഇവിടെ ചികിത്സ തുടർന്നു. കഴിഞ്ഞ മാസം ഒരിക്കൽ കൂടി ഹൂസ്റ്റണിലേക്ക്. അവിടെ നടന്ന ശസ്ത്രക്രിയ പൂർണ വിജയമാണെന്നാണു ഡോക്ടർമാർ അറിയിച്ചത്. അതിന് ശേഷം കുറച്ചു കാലം കൂടി വിശ്രമം എടുത്തു. പിന്നീട് വീണ്ടും പാർട്ടിയിൽ സജീവമായി.

ഇതിനിടെ ബിനീഷിനെതിരായ കേസും അറസ്റ്റും നടന്നു. അപ്പോൾ വീണ്ടും ആരോഗ്യ കാരണം പറഞ്ഞ് പാർട്ടിയിൽ നിന്ന് അവധി എടുത്തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും സജീവമായി. അസുഖമുണ്ടെന്ന തോന്നൽ പോലും ഇല്ലാതെയായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബിനീഷ് കോടിയേരി ജാമ്യത്തിന് അച്ഛന്റെ പേരു പറയുന്നതെന്നതാണ് നിർണ്ണായകം. സിപിഎമ്മിന്റെ രണ്ടാമൻ എന്ന നിലയിലാണ് കോടിയേരി പ്രചരണത്തിലും മറ്റും നിറഞ്ഞത്. അതുകൊണ്ട് തന്നെ ബിനീഷിന്റെ പുതിയ നീക്കം വെറും തന്ത്രമായി കാണുന്നവരുണ്ട്. അതിനിടെ പ്രചരണത്തിനിടെ കോടിയേരിക്ക് രോഗം മൂർച്ഛിച്ചോ എന്ന സംശയവും സജീവം.

ഈ കേസിൽ ബിനീഷ് പുതിയ വാദം ഉന്നയിച്ചതിനെ ഇഡി എതിർക്കാനാണ് സാധ്യത. ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരായിരുന്നില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും.ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി കഴിഞ്ഞ ഫെബ്രുവരി 22നു തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.