- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രചരണത്തിൽ നിറഞ്ഞു; മന്ത്രിസഭാ രൂപീകരണത്തിന് മുന്നിൽ നിന്നു; ഘടകകക്ഷികൾക്ക് നിർദ്ദേശവും താക്കീതും നൽകുന്ന മുഖ്യമന്ത്രിയുടെ നാവ്; വിശ്വസ്തനെ എകെജി സെന്റർ ഏൽപ്പിക്കാൻ പിണറായി; കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തും. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കും. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്.
രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്താനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. എന്നാൽ കോടിയേരി തിരിച്ചു വരുന്നതിൽ സിപിഎം സംസ്ഥാന നേതാക്കളിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തിൽ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം നടത്തിരുന്നു. കോടിയേരിയുടെ സ്വന്തം നാടായ കണ്ണുരിൽ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തുന്നത്. ഇവർക്ക് പിൻതുണയുമായി അഞ്ച് സംസ്ഥാന കമ്മിറ്റിയംഗങ്ങളുമുണ്ട്. എന്നാൽ കോടിയേരി വന്നേ മതിയാകൂവെന്ന തീരുമാനത്തിലാണ് പിണറായി. അതുകൊണ്ട് തന്നെ ഈ എതിർപ്പൊന്നും വിലപോകില്ല.
പാർട്ടി നേതൃത്വം വീണ്ടും പിണറായി - കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതിൽ കണ്ണുരിലെ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മാറി പഴയ പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോൾ കോടിയേരി. മന്ത്രിസഭാ ചർച്ചയിലും മറ്റും സജീവ സാന്നിധ്യമാണ്. ഘടകകക്ഷികളുമായി ചർച്ച നടത്തിയതും കോടിയേരിയാണ്.
എൽ.ഡി.എഫ് കൺവീനർ ചുമതല കൂടിയുള്ളതിനാൽ നിലവിൽ ആക്ടിങ് സെക്രട്ടറിയായി തുടരുന്ന എ.വിജയരാഘവനെ നീക്കി കോടിയേരിയെ തൽസ്ഥാനത്തെത്തിക്കാനാണ് നീക്കം. ഐ ഫോൺ വിവാദവും മകൻ ബിനീഷിന്റെ ജയിൽവാസവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നത്. രാഷ്ട്രീയ സാഹചര്യത്തിനു പുറമേ ആരോഗ്യ കാരണങ്ങളാണ് ഇതിനു കാരണമായി പാർട്ടി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂർച്ച കുറഞ്ഞു.
ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ കോടിയേരി പ്രചരണ പരിപാടികളിൽ പങ്കെടുത്തു. അതിന് ശേഷം മുന്നണി ചർച്ചയിലും ഭാഗമായി. 2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമിതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്.
കോടിയേരിയെ ഇനിയും മാറ്റിനിർത്തുന്നതിൽ കാര്യമില്ലെന്ന ചിന്തയും ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി തിരിച്ചുവരും എന്ന സൂചന ശക്തമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ