കോഴിക്കോട്: പാർട്ടി കോൺഗ്രസോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിങ്ങളിൽ കുറവ് വരുത്തുമോ? പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഉപമുഖ്യമന്ത്രി പദത്തോടെ ആഭ്യന്തര വകുപ്പ് നൽകാനാണ് ആലോചന. മയോ ക്ലീനിക്കിൽ നിന്ന് കിട്ടുന്ന ഉപദേശങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം എടുക്കുക. പാർട്ടി സെക്രട്ടറിയായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എത്താനും സാധ്യത ഏറെയാണ്.

എറണാകുളത്താണ് പാർട്ടി സംസ്ഥാന സമ്മേളനം. ഇവിടെ നടക്കുന്ന ചർച്ചകളാകും നിർണ്ണായകം. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പലർക്കും അതൃപ്തിയുണ്ട്. അങ്ങനെ വന്നാൽ മന്ത്രിസഭയും പുനഃസംഘടിപ്പിച്ചേക്കും. പാർട്ടി സമ്മേളനത്തിലെ വിമർശനങ്ങൾ പരിഗണിച്ചാകും ഇത്തരം തീരുമാനം. മുഖ്യമന്ത്രിക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത്. ഇതിനൊപ്പം മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയായാൽ ന്യൂനപക്ഷങ്ങളെ കൂടുതലായി സിപിഎമ്മിലേക്ക് അടുപ്പിക്കാനും കഴിയും. ലോക്‌സഭയിൽ പരമാവധി സീറ്റ് നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മന്ത്രിസഭയിലേക്ക് വരാൻ കോടിയേരിക്കും താൽപ്പര്യമുണ്ടെന്നാണ് സൂചന. പൊലീസിന്റെ നിയന്ത്രണം കോടിയേരിക്ക് നൽകി കൂടുതൽ ശക്തമായ ഭരണ നിർവ്വഹണമാണ് പിണറായി ലക്ഷ്യമിടുന്നത്. മറ്റ് ഭരണപരമായ കാര്യങ്ങളുടെ നിർവ്വഹണത്തിനിടെ പൊലീസിങിൽ കാര്യമായി ശ്രദ്ധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസിന് മുഴുവൻ സമയ മന്ത്രിയെന്നതാണ് പിണറായിയുടെ താൽപ്പര്യം. എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ്. ഇതിന് മുമ്പു തന്നെ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്തും. യുവ നേതൃത്വം പാർട്ടിക്ക് വരാൻ മുഹമ്മദ് റിയാസിനെ സെക്രട്ടറിയാക്കുന്നതിലൂടെ കഴിയുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസ് നടത്തുന്ന ഇടപെടലുകളിൽ ഭാര്യാ പിതാവ് കൂടിയായ പിണറായി പൂർണ്ണ തൃപ്തനാണ്. ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാൻ പിണറായി ആഗ്രഹിച്ചാൽ അർക്കും അതിനെ എതിർക്കാനാകില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസ് മാറണമെങ്കിൽ അധികാരമുള്ളപ്പോൾ തന്നെ പാർട്ടിയിലെ താക്കോൽ സ്ഥാനത്ത് വരേണ്ടതുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോടിയേരിക്ക് ആഭ്യന്തരവും ഉപമുഖ്യമന്ത്രി പദവും നൽകി മന്ത്രിസഭയിലേക്ക് കൊണ്ടു വരാനുള്ള നീക്കം.

എന്നാൽ കുടുംബ രാഷ്ട്രീയത്തിന് വേണ്ടിയുള്ളതാണ് ഈ നീക്കമെന്ന വിമർശനം സിപിഎമ്മിലെ ഒരു കൂട്ടർ ഉയർത്താൻ സാധ്യതയുണ്ട്. റിയാസിനേക്കാൾ സീനിയറായ പലരും സിപിഎമ്മിൽ ന്യൂനപക്ഷത്തു നിന്നുള്ള യുവനേതാക്കളായുണ്ട്. തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനെ പോലുള്ളവരെ വെട്ടി നേതൃത്വത്തിലേക്ക് റിയാസിനെ കൊണ്ടു വരാനുള്ള വേദിയായി സംസ്ഥാന സമ്മേളനം മാറുമോ എന്ന സംശയവും ഈ ഘട്ടത്തിൽ സജീവമാണ്. പരസ്യമായി ആരും ഇതിനെ എതിർക്കില്ല. എന്നാൽ പാർട്ടിക്കുള്ളിൽ അത് നീറ്റലായി മാറുകയും ചെയ്യും.

കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്ത് ന്യൂനപക്ഷങ്ങൾ ഇല്ലെന്ന ചർച്ച കോടിയേരി ഉയർത്തുന്നതും തന്ത്രപരമായ നീക്കമാണെന്ന് സിപിഎമ്മിലെ ഒരുവിഭാഗം പറയുന്നു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.ദേശീയ തലത്തിൽ ഹിന്ദുത്വ ത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്.ഈ നയത്തിന്റെ ഭാഗമായാണോ കേരളത്തിൽ ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കിയതെന്തിനെന്ന് പറയും. കെപിസിസിയുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെ കീ പോസ്റ്റിൽ ന്യുനപക്ഷ നേതാക്കളുണ്ടായിരുന്നുവെന്ന വിമർശനമാണ് കോടിയേരി ഉയർത്തുന്നത്.

കെ.കരുണാകരന്റെ കാലത്തും ന്യുനപക്ഷ പ്രാതിനിധ്യം തങ്ങളുടെ സംഘടനയിലുണ്ടായിരുന്നുവെന്നും കോടിയേരി വിശദീകരിക്കുന്നു. ഇത്തരത്തിലെ ചർച്ച സജീവമാക്കി സിപിഎമ്മിൽ റിയാസിനെ സെക്രട്ടറിയാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.