കൊച്ചി: എന്താണ് കോടിയേരിയുടെ ലക്ഷ്യം? മുഖ്യമന്ത്രി പദമോ അതോ ആഭ്യന്തര മന്ത്രി പദമോ? സി.പി.എം അണികളിൽ ആശയക്കുഴപ്പം സജീവമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് നീക്കമെന്നും വിലയിരുത്തലുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവനയോടെയാണ് സംശയം തുടങ്ങുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പാണ്. എന്നിട്ടും എന്തുകൊണ്ട് പാർട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞുവെന്നതായിരുന്നു ഉയർന്ന സംശയം.

ഇതിന് പിന്നാലെ ഭരണം വിലിയുരുത്തുന്ന പാർട്ടി യോഗങ്ങളെത്തി. അതിൽ ഭരണ പോരായ്മയാണ് ചൂണ്ടിക്കാട്ടിയത്. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് സമയത്ത് എന്തിനായിരുന്നു ഈ യോഗമെന്ന് ആർക്കും മനസ്സിലായില്ല. ഇതിന് പിന്നാലെ എ കെ ശശീന്ദ്രന്റെ രാജിയിലും വെടി പൊട്ടിച്ചു. ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ പിണറായിക്ക് താൽപ്പര്യമില്ലെന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ കോടിയേരി പറഞ്ഞത് തോമസ് ചാണ്ടി മന്ത്രിയാകുമെന്നായിരുന്നു. അതിന് പിന്നാലെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിധം പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം. നേതൃത്വം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. ചില പൊലീസുകാരുടെ ഭാഗത്തു നിന്ന് തെറ്റുകളുണ്ടായതിൽ കർശന നടപടികൾ ഉണ്ടായിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് കോടിയേരി പരസ്യമായി പറയുകയും ചെയ്തു. 

ലോക്കപ്പിലിട്ട് മർദിക്കുക, കസ്റ്റഡിയിലെടുക്കുന്നവരുടെ വസ്ത്രം ഉരിയുക തുടങ്ങിയ കാര്യങ്ങൾ ചില പൊലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ആക്ടിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനു നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതെല്ലാം പിണറായിയെ പ്രതിരോധത്തിലാക്കാനാണ്. ഇങ്ങനെ പോയാൽ മലപ്പുറത്ത് സിപിഎമ്മിന്റെ പ്രകടനം വളരെ മോശമായിരിക്കുമെന്ന വിലയിരുത്തലുമുണ്ടാകും. പിണറായിയുടെ ഗ്രൂപ്പിന് ബദലായി കോടിയേരി വിഭാഗവും രൂപപ്പെട്ടുവരികയാണെന്നാണ് സൂചന. ലാവ്‌ലിൻ കേസിൽ പിണറയിക്ക് എതിരെ വിധി വന്നാലുള്ള സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് കോടിയേരി നടത്തുന്നതെന്നും വിലയിരുത്തലുണ്ട്. 

ഇതിന് വേണ്ടിയാണ് പാർട്ടിയെ ഉപയോഗിച്ച് ഭരണത്തിൽ ഇടപെടാനുള്ള ശ്രമമെന്നും ആരോപണം ശക്തമാണ്. ഭരണ കാര്യങ്ങൾക്കായി മന്ത്രിമാർ കൂടുതൽ സമയം തലസ്ഥാനത്ത് ചെലവഴിക്കണം. സ്വന്തം മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതു നിർത്തണം. മണ്ഡലങ്ങളിൽ പോകുന്നത് ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാവണ എന്നൊക്കം കോടിയേരി പറയുന്നത് ഇതിനാണെന്നാണ് വിലയിരുത്തൽ.