തിരുവനന്തപുരം: പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുസ്ലിം ലീഗിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. അതുകൊണ്ടാണ് പള്ളികളിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത്' എന്ന് കോടിയേരി വിമർശിച്ചു.

'കേരളത്തിന്റെ മത നിരപേക്ഷ അടിത്തറ തകർക്കാനാണ് വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകൾ ഇതിനു ബദലായി പ്രവർത്തിക്കുന്നു. വർഗീയ ചേരിതിരിവ് സമൂഹത്തിൽ ഉണ്ടാക്കാൻ അനുവദിക്കരുത്. ഹലാൽ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാൻ ശ്രമിക്കുന്നുണ്ടെന്നും' കോടിയേരി പറഞ്ഞു.തലശ്ശേരിയിൽ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ വലതുപക്ഷ ശക്തികൾ ഒന്നിച്ചു. കെറെയിൽ പദ്ധതി തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നു. ജനപങ്കാളിത്തത്തോടെ ഉള്ള വികസനമാണ് ലക്ഷ്യം വെക്കുന്നത് എന്ന് കോടിയേരി വിശദീകരിച്ചു.അധികാര ദല്ലാളന്മാരായി പാർട്ടി സഖാക്കൾ മാറരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങൾ ആകരുത്. ഗൂണ്ടാ സംഘങ്ങളെ ഒരു തരത്തിലും സംരക്ഷിക്കരുതെന്നും അങ്ങനെ വന്നാൽ ജനങ്ങളിൽ നിന്ന് പാർട്ടി ഒറ്റപ്പെടുമെന്നും കോടിയേരി പറഞ്ഞു.

എല്ലാം പാർട്ടിയുമായി ആലോചിച്ച് പ്രവർത്തിക്കണം. സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണ്. കൊലക്കു പകരം കൊല സിപിഐഎം നയമല്ല. കൊലപാതകികളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തണം ഈ സമീപനം സ്വീകരിച്ചതുകൊണ്ടാണ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.തലശ്ശേരിയിൽ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.