തിരുവനന്തപുരം: കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ആർഎസ്എസ് - എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിൽ ഉണ്ടായ കൊലപാതകങ്ങൾ ആസൂത്രിതമാണ്. സംസ്ഥാനത്ത് പലയിടത്തും സമാനസംഭവങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല ഇവിടെ തുടർച്ചയായി നടക്കുന്നു്. ആർഎസ്എസ് അതിന് വലിയ തോതിൽ മുൻകൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ബിജെപി കേരളത്തിൽ ഒരു വർഗീയ ധ്രുവീകരണം ഉണ്ടാക്കി തിരിച്ചുവരാൻ കഴിയുമോ എന്നാണ് ശ്രമിക്കുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും നടത്തുന്ന ശ്രമം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങൾ ശക്തമായി രംഗത്തുവരണം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിലവിൽ പൊലീസ് അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. പിടികൂടാൻ സമയമെടുത്തായാലും അവർ എവിടെപോയി ഒളിച്ചാലും പൊലീസ് പിടികൂടുമെന്ന് കോടിയേരി പറഞ്ഞു

കൊലനടത്തിയവർ തന്നെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. തങ്ങളാണ് കൊലനടത്തിയതെന്ന് അറിയുന്ന സമൂഹത്തിന് മുന്നിലാണ് ഇവർ ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത്. എസ്ഡിപിഐ നേതാവിന്റെ ഒരു ഫേസ്‌ബുക്ക് കുറിപ്പ്തന്നെ ഇതിന്റെ ഉദാഹരണമാണ്. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വിലാപയാത്രയല്ല, ആഹ്ലാദപ്രകടനമാണ് നടത്തുക എന്നതെന്നായിരുന്നു ആ കുറിപ്പ്.

ഒരു കൊലനടത്തിയാൽ അവർക്ക് ആഹ്ലാദമാണ്. അത് ഒരുസന്ദേശം കൊടുക്കുകയാണ്. ഇങ്ങനെയുള്ള സംഭവത്തിൽ പങ്കെടുത്ത് ആളുകൾ രക്തസാക്ഷിത്വം വരിക്കുക എന്ന ആഹ്വാനമാണ് കൊടുക്കുന്നത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ മുസ്്ലീം തീവ്രവാദപ്രസ്ഥാനം പൊതുവിൽ ശക്തിപ്പെട്ടിട്ടുണ്ട. അവിടെ ഉയർത്തിയ അതേസന്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. ഇത് കേരളീയ സമൂഹത്തിന് ഗുണമാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.