തിരുവനന്തപുരം: അറിയേണ്ടത് പിണറായി വിജയന്റെ കാര്യം മാത്രം. പിബിയിൽ നിന്നും മറ്റ് പാർട്ടി ഘടകങ്ങളിൽ നിന്നും പിണറായി പുറത്തു പോകുമോ? ചർച്ച സജീവമാകുകയാണ് സിപിഎമ്മിൽ. ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി.

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കൾ ഉപരി കമ്മിറ്റിയിൽ നിന്ന് പുറത്താക്കും. സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ ഇക്കാര്യം സ്ഥിരീകരിക്കുമ്പോൾ ഈ ചട്ടത്തിൽ പിണറായിക്ക് പാർട്ടി ഇളവ് അനുവദിക്കാനാണ് സാധ്യത. പിണറായിക്ക് 76 വയസ്സ് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയെന്ന പരിഗണനയിൽ പിണറായിയെ ഒഴിവാക്കാനാണ് സാധ്യത. പിബിയിൽ പിണറായി തുടരും. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാവണമെന്നതും നിർബന്ധമാക്കിയതായി കോടിയേരി അറിയിച്ചു.

പുതിയ ആളുകൾക്ക് പാർട്ടിയിൽ അവസരം കൊടുക്കണം. പ്രായപരിധി കടന്നതിനാൽ പലരും പുറത്തുപോവേണ്ടി വരും. അലവൻസ്, വൈദ്യസഹായം, മറ്റ് സഹായങ്ങൾ എന്നിവ തുടരും. 75 വയസ്സു കഴിഞ്ഞ അശരണരായ പാർട്ടി അംഗങ്ങൾക്ക് പെൻഷനും പാർട്ടി നൽകും. പെൻഷൻ നൽകി പ്രായമായവരെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റാനാണ് തീരുമാനം. എസ് രാമചന്ദ്രൻ പിള്ള അടക്കമുള്ളവർക്ക് ഇതുമൂലം പാർട്ടിയിലെ സ്ഥാനങ്ങൾ നഷ്ടമാകും. പിണറായിക്ക് ഒരു ഒഴിവും നൽകും.

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നൽകിയിരുന്നില്ല. ഇതിനാണ് മാറ്റമുണ്ടാകുന്നത്. 88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉൾപ്പെടെ 96 അംഗ സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലുള്ളത്. ഇതിൽ ഏകദേശം ഇരുപതോളം പേർ 75 വയസ്സ് പിന്നിട്ടവരാണ്.

പിണറായി വിജയനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്. ചിലർക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്ഥാന സമിതിയിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റിലെ ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, കെ കരുണാകരൻ, കെജെ തോമസ് തുടങ്ങിയ പ്രധാനപ്പെട്ട പലരും 75 വയസ്സ് പ്രായം പിന്നിട്ടവരാണ്. ഇവരെല്ലാം പുറത്താകും. ദേശീയ നേതൃത്വത്തിലും 75 വയസ്സ് എന്ന ചട്ടം പാലിക്കും.

കണ്ണൂരിലെ സമ്മേളനത്തോടെ പിണറായി പാർട്ടി സെക്രട്ടറിയാകുമെന്ന ചർച്ച സജീവമാണ്. പ്രായ പരിധി കാരണം അതിനുള്ള സാധ്യത കുറവാണ്. കേരളത്തിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറിയാക്കാൻ പിണറായിക്ക് താൽപ്പര്യമുണ്ട്. അങ്ങനെ വന്നാൽ കോടിയേരിയുടെ പേര് സജീവമായി പരിഗണിച്ചേക്കും. നിലവിൽ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ നിൽക്കുന്ന കോടിയേരി എല്ലാ പാർട്ടി പരിപാടികളിലും നിറസാന്നിധ്യമാണ്. സെക്രട്ടറി സ്ഥാനത്ത് ഏതവസരത്തിലും കോടിയേരി എത്തിയേക്കും.