തിരുവനന്തപുരം: ബീഹാറിൽ ഇടതു നേതൃത്വം ഉർത്തെഴുന്നേൽക്കുകയായിരുന്നു. ദേശീയതലത്തിൽ സിപിഎം അടക്കമുള്ള പാർട്ടികളുടെ പ്രതിച്ഛായയും ഉയർന്നു. ഇതോടെയാണ് കടുത്ത നിലപാടുകൾക്ക് കേന്ദ്ര നേതൃത്വത്തിന് കരുത്ത് കിട്ടിയത്. ദേശീയ തലത്തിൽ സിപിഎമ്മിന്റെ പേര് കുഴപ്പത്തിലാക്കുന്നതൊന്നും അനുവദിക്കാനാകില്ലെന്ന നിലപാട് നേതാക്കൾ എടുത്തു. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ മാറി നിൽക്കലിന് കാരണവും. ചികിൽസയും അവധി അപേക്ഷയുമെല്ലാം അതിന്റെ ഭാഗമായി. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എ വിജയരാഘവൻ എത്തുന്നതും ഈ സാഹചര്യത്തിലാണ്.

പാർട്ടി സെക്രട്ടറി സ്ഥാനം കണ്ണൂർ ലോബി ഒരുകാലത്തും മറ്റൊരാൾക്ക് വിട്ടുകൊടുക്കാറില്ല. വി എസ് അച്യുതാനന്ദൻ മാത്രമാണ് ഇതിന് വലിയൊരു അപാവാദമായി മാറിയത്. കോടിയേരി മാറിയാലും കണ്ണൂരിൽ നിന്നുള്ള എംവി ഗോവിന്ദൻ സെക്രട്ടറിയാകുമെന്ന് ഏവരും കരുതി. മുമ്പ് ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക് പോയപ്പോൾ ഗോവിന്ദനായിരുന്നു ചുമതല. മൂത്തമകൻ ബിനോയ്‌ക്കെതിരെ ആരോപണമുയർന്നപ്പോഴായിരുന്നു ഈ അവധി എടുക്കൽ. ഇപ്പോൾ ബിനീഷ് ജയിലിലാകുമ്പോഴും. ഇതിന് പിന്നിൽ കേന്ദ്ര നേതൃത്വത്തിന്റെ അതിശക്തമായ ഇടപെടൽ മാത്രമാണ്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എംഎ ബേബിയും കോടിയേരിക്ക് പൂർണ്ണമായും എതിരായി. മയക്കുമരുന്ന് കേസിൽ കൂടി ബിനോയ് അകത്തായാൽ അത് ദേശീയ തലത്തിൽ ചർച്ചയാകും. ഇത് സിപിഎമ്മിന് തലവേദനയാകും. അതുകൊണ്ട് തന്നെ കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാറി നിൽക്കാൻ കോടിയേരിയോട് ആവശ്യപ്പെടാൻ അവർ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതാണ് കോടിയേരിയുടെ അവധി അപേക്ഷയ്ക്ക് കാരണം. തെറ്റ് ചെയ്തത് മകനെങ്കിലും ധാർമിക ഉത്തരവാദിത്തം അച്ഛനുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് പിണറായിയും അംഗീകരിച്ചു.

എംവി ഗോവിന്ദനെ സെക്രട്ടറിയാക്കരുതെന്നും ആവശ്യപ്പെട്ടു. കണ്ണൂരിന് പുറത്തുള്ള നേതാവ് തന്നെ വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പിണറായിയുമായി അടുപ്പമുള്ള എ വിജയരാഘവന് നറുക്കു വീഴാൻ കാരണം. കണ്ണൂർ നേതാവിന് വേണ്ടി പിടിമുറുക്കിയാൽ ഒത്തുതീർപ്പിലൂടെ എംഎ ബേബി പാർട്ടി സെക്രട്ടറിയാകുമോ എന്ന ആശങ്ക പിണറായിയെ അനുകൂലിക്കുന്നവർക്കുണ്ടായി. ഈ സാഹചര്യത്തിലാണ് വിജയരാഘവൻ പാർട്ടി സെക്രട്ടറിയാകുന്നത്. ഇതോടെ പാർട്ടി പിണറായിയുടെ കൈയിൽ തന്നെ തുടരുമെന്ന് ഉറപ്പിക്കുകയാണ് ഔദ്യോഗിക പക്ഷം. ഇക്കാര്യമെല്ലാം രാഷ്ട്രീയമായി ചർച്ചയാകുമെന്ന് സിപിഎമ്മിന് അറിയാം. എങ്കിലും ധാർമിക പരിവേഷം സ്ഥാനം ഒഴിയലിന് നൽകാനാണ് നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ.വിജരാഘവന് ചുമതല നൽകി എന്നാണ് സിപിഎം പത്രക്കുറിപ്പ്. തുടർ ചികിത്സയ്ക്കായി പോകാൻ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാർട്ടി യോഗത്തിൽ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു സംബന്ധിച്ച് ചർച്ചകളിലുണ്ടായില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്.

ബിനീഷ് അറസ്റ്റിലായപ്പോൾ തന്നെ കോടിയേരിയോട് സ്ഥാനം ഒഴിയണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയും ചെയ്തു. ബനീഷിന്റെ കേസ് പാർട്ടിയെ വെട്ടിലാക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. മറുനാടൻ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും തീരുമാനിച്ചത് കോടിയേരി രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു. മറുനാടന്റെ വാർത്തയും മറ്റും ശരിയല്ലെന്നും നേതാക്കൾ പറഞ്ഞു. അതിന് ശേഷവും കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചു. ഇതോടെയാണ് കോടിയേരിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. അതിനെ അവധിയാക്കി മാറ്റുകയും ചെയ്തു.

കോടിയേരി സ്ഥാനമൊഴിഞ്ഞാൽ പകരം എംവി ഗോവിന്ദൻ സെക്രട്ടറി ചുമതലയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കണ്ണൂരിൽ നിന്ന് നേതാവെത്തുന്നതിനെ കേന്ദ്ര നേതാക്കൾ എതിർത്തു. ഈ സാഹചര്യത്തിലാണ് വിജയരാഘവനെ സെക്രട്ടറി പദവി നൽകുന്നത്. വിജയരാഘവനും സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ്. ഇതോടെ പുതിയ എൽഡിഎഫ് കൺവീനറെ കണ്ടെത്തും. എംവി ഗോവിന്ദൻ കൺവീനറാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അടുത്ത ഇടത് നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും.