തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറെടുക്കുന്നു. അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് വിഷയത്തിൽ പ്രതിരോധിക്കാൻ സിപിഎം രംഗത്തിറങ്ങിയത്. ഇതിന്റെ തുടക്കമെന്നോണം വിഷയത്തിലെ കോൺഗ്രസ്-ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.

സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ചെന്നിത്തല പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേരളത്തിൽ അക്കൗണ്ടില്ലാത്ത ബിജെപിക്ക് സഹായമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. രമേശ് ചെന്നിത്തല കേരളത്തിലെ ബിജെപി ഏജന്റാണ്.ആത്മഹത്യാപരമാണിത്. മുൻകാലത്ത് കോൺഗ്രസ് സ്വീകരിച്ചതിൽ നിന്ന് വിത്യസ്തമാണിത്. ആർ.എസ്.എസ് കെപിസിസി നേതൃത്വം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കും ആർ.എസ്.എസിനും ആത്മാർഥയുണ്ടെങ്കിൽ പാർലമന്റെിൽ നിയമം കൊണ്ടു വരികയോ കേന്ദ്ര ഗവൺമന്റെിനെക്കൊണ്ട് റിവ്യൂ ഹരജി സമർപിക്കുകയോ ചെയ്യാം.അവരത് ചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. സംഭവത്തെ വർഗീയവത്കരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു. ഇരട്ടനിലപാടാണ് അവരുടേത്. രണ്ടാം വിമോചനസമരത്തിനാണ് ബിജെപി ശ്രമം. ജനങ്ങളെ കലാപത്തിലേക്ക് നയിക്കുന്ന നിലപാട് സ്വീകരിക്കുന്നു കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ്‌ന്റെയും ഒരുവിഭാഗം കോൺഗ്രസിന്റെയും ശ്രമം ചേർത്ത് തോല്പിക്കും.

ഞങ്ങൾ ശബരിമലയിലേക്ക് ആളുകളെ എത്തിക്കുന്നില്ല.ശബരിമലയിലേക്ക് പോകാത്തവരാണ് തങ്ങളുടെ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി നിലപാട് സ്വാഗതാർഹമാണ്. സാലറി ചലഞ്ചിൽ നിർബന്ധിത പിരിവില്ല. ബ്രൂവറിക്ക് അനുമതി കൊടുത്തത്തിൽ തെറ്റില്ല. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. വിവാദങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് മാത്രമാണ് പിൻവലിച്ചത്- കോടിയേരി പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന അക്രമങ്ങളെ അനുവദിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസും ബിജെപിയുടെ വലയിൽ വീണ് പോയി. കോടതി വിധി നടപ്പിലാക്കുകയെന്നത് സർക്കാറിന്റെ ഭരണഘടന ബാധ്യതയാണെന്നും കടകംപള്ളി പറഞ്ഞു.

സ്ത്രീപ്രവേശന വിഷയത്തിൽ നിയമനിർമ്മാണം നടത്തേണ്ടത് കേന്ദ്രസർക്കാരാണ്, പാർലമന്റൊണ്. ബിജെപി ലോങ് മാർച്ച് നടത്തേണ്ടത് പാർലമന്റെിലേക്കാണെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉത്കണ്ഠയുള്ള ഭക്തജനങ്ങളുണ്ട്. അവരുടെ പ്രതിഷേധത്തെ മനസിലാക്കാം. എന്നാൽ പ്രതിഷേധത്തിന്റെ മറ പിടിച്ച് സാമൂഹികവിരുദ്ധരും ക്രിമിനലുകളും ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്.ബോധപൂർവമാണ് അവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് ക്ഷേത്രങ്ങളിൽ ആധിപത്യമുണ്ടാക്കാനും ശ്രമിക്കുന്നു. അക്രമങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി വയക്തമാക്കി.

വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികം. സർക്കാർ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങൾ മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞു. എല്ലാ വശങ്ങളും പഠിച്ചതിന് ശേഷമാണ് സുപ്രീം കോടതി വിധി തീരുമാനം നടപ്പിലാക്കുക. പുനഃപ്പരിശോധന ഹരജി ആരും നൽകുന്നതിലും തടസ്സമില്ല. ഭക്തരെന്ന പേരിൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം അനുവദിക്കില്ല. ഭക്തജനങ്ങളുമായി ഒരു തർക്കത്തിനും സർക്കാറില്ലെന്നും സർക്കാർ അവരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.