തിരുവനന്തപുരം: സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പണമിടപാടിൽ ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി. കോടിയേരി ബാലകൃഷ്ണൻ ഈ വിഷയത്തിൽ പാർട്ടിക്ക് മുമ്പിൽ വിശദീകരണം നൽകിയ സാഹചര്യത്തിൽ കൂടിയാണ് പാർട്ടിയും വിശദീകരിക്കുന്നത്. തന്റെ മകനെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി വിശദീകരണം നൽകിയത്.

ബിനോയ് കോടിയേരിക്കെതിരെ നിലവിൽ കേസില്ല. മകൻ ദുബായിൽ 15 വർഷമായി വിവിധ ബിസിനസുകൾ നടത്തുകയാണ്. നേരെത്ത ബിനോയിക്കതിരെ ദുബായിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. ആ കേസ്‌കോടതിയിൽ നിയമപരമായി പരിഹരിച്ചതാണ് തുടങ്ങിയ കാര്യങ്ങളാണ് കോടിയേരി പറഞ്ഞത്. രേഖകൾ സഹിതമാണ് പാർട്ടി നേതൃത്വത്തോടെ കാര്യങ്ങൾ കോടിയേരി വിശദീകരിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുംഅദ്ദേഹം പാർട്ടിയെ ധരിപ്പിച്ചു. കോടിയേരിയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചതായാണ് പുറത്തുവരുന്ന പ്രാഥമിക സൂചന. അതേസമയം വിഷയം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചു. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും വ്യക്തമാക്കി.

വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പത്രവാർത്തകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിനോയ് കോടിയേരിക്കെതിരായ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ ഒരുപരാതിയും വന്നിട്ടില്ല. 15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ബിനോയ് കോടിയേരി. പാർട്ടിക്ക് ചേരാത്ത പ്രവൃത്തി ചെയ്താൽ പാർട്ടി നടപടി സ്വീകരിക്കും. പശ്ചിമബംഗാളിലെ രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജിക്കെതിരായ നടപടി ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി പറഞ്ഞു. എൻ വിജയൻ പിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തിനെതിരെ എഫ്ഐആർ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരുപദിഷ്ടമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ അന്വേഷണത്തിന് തയ്യാറല്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണമില്ലെന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് രമേശ് ചെന്നിത്തില പറഞ്ഞു. ധാർമികതയുണ്ടെങ്കിൽ ആരോപണത്തിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സബ്മിഷൻ വേളയിലാണ് പ്രതിപക്ഷ നേതാവ് കോടിയേരിയുടെ മകനെതിരായ ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചത്. കോടിയേരിയുടെ മകനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ലാളിത്യത്തെ കുറിച്ച് പറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നത്. വിദേശമലയാളികളെ പോലും ബിനോയ് അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ബിസിനസ് നടത്താനുള്ള എന്ത് സാമ്പത്തിക സ്രോതസാണ് കോടിയേരിയുടെ മകന് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.

ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോടിയേരിയുടെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ പറയുന്നത്.

മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.