തിരുവനന്തപുരം : വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി മണിക്കെതിരെയുണ്ടായ ശാസന പാർട്ടി വിദ്യാഭ്യാസ നടപടികളുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റേണ്ട ആവശ്യമില്ല. പാർട്ടിയുടെ യശസ്സിനു ചേരാത്ത പരാമർശത്തിനാണ് അച്ചടക്ക നടപടിയെടുത്തത്. മണിയുടെ പലപ്രസംഗങ്ങളും പരിഗണിച്ചു. എല്ലാ നേതാക്കൾക്കുമുള്ള മുന്നറിയിപ്പാണ് നടപടിയെന്നും കോടിയേരി പറഞ്ഞു. മുൻപും ഇത്തരം അച്ചടക്കലംഘനങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. മുതിർന്ന നേതാക്കളായ നായനാർ, വി എസ്, പിണറായി എന്നിവർ ഉൾപ്പെടയുള്ളവർക്ക് പാർട്ടി നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

മണി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.  പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ് മണി രാജിവയ്ക്കണമെന്നത്. അത് അംഗീകരിക്കില്ല. മണി പാർട്ടി നേതാവാണ്. സെക്രട്ടേറിയറ്റ് അംഗമാണ്. അങ്ങനെയൊരാളുടെ പ്രസംഗത്തിൽ ചില വീഴ്‌ച്ചകളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് നടപടിയെടുത്തത്. എം.എം. മണിയുടെ ശൈലിയെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സിപിഎമ്മും സിപിഐയും കയ്യേറ്റക്കാരുടെ പാർട്ടിയല്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കയ്യേറ്റങ്ങൾ ഉണ്ടായത്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

മൂന്നാർ ഒരു വിനോദ സഞ്ചാരമേഖലയാണ്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തണം. എന്നാൽ, പരിസ്ഥിതിക്ക് ദോഷം വരുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1977 ന് മുൻപ് കുടിയേറിയവർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നതാണ് പാർട്ടി നിലപാട്. മെയ് 21ന് മുഖ്യമന്ത്രി പങ്കെടുത്ത് ഇടുക്കിയിൽ വൻ പട്ടയമേളയാണ് നടത്തുന്നത്. 10000 പട്ടയമാണ് നൽകുക. ആദ്യമായാണ് ഇത്രയും പട്ടയങ്ങൾ നൽകുന്നതെന്നും കോടിയേരി പറഞ്ഞു.