- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്; കോവിഡ് കാലത്തുകൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ; വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേതുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കോടിയേരിയുടെ ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണ രൂപം
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.
കോൺഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റും പാർട്ടി അംഗവുമാണ്.
ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ദൃക്സാക്ഷികൾ പറയുന്ന കോൺഗ്രസ് നേതാവ് സജീവിന്റെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരെ ഇത് വരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎൻടിയുസി പ്രവർത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു
മറുനാടന് ഡെസ്ക്