തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിപിഐ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഡൽഹിയിൽ സി.പി.എം പോളിറ്റ് ബ്യൂറോയുടെ അവൈയ്‌ലബിൽ യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് കോടിയേരി വാർത്താസമ്മേളനം നടത്തിയാണ് സിപിഐക്കെതിരെ ആഞ്ഞടിച്ചത്. തോമസ് ചാണ്ടി രാജിവച്ചതിന്റെ ഖ്യാതി തട്ടിയെടുക്കാനാണ് സിപിഐ ശ്രമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

എൻസിപി നേതൃത്വവുമായും തോമസ് ചാണ്ടിയുമായും മുഖ്യമന്ത്രി ചർച്ച നടത്തി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് നിർദ്ദേശിച്ച ശേഷമാണ് മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രി എത്തിയത്. അതിന് തൊട്ടുമുൻപാണ് തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ വിട്ടുനിൽക്കുകയാണെന്ന് കത്തിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിയെ നേരിൽ കണ്ടോ തലേന്നോ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നെങ്കിൽ രാഷ്ട്രീയ തീരുമാനം എടുക്കാൻ അവസരം ലഭിച്ചേനെ. സിപിഐ നടപടി ഇത്തരത്തിലുള്ള അവസരം നിഷേധിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം തോമസ്ചാണ്ടി രാജി പ്രഖ്യാപിച്ചതിന്റെ ഖ്യാതി ലഭിക്കാനാണ് സിപിഐ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.

അത് ഉപക്വമായി നടപടിയായി പോയെന്നും രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നതായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്ന നടപടി ശത്രുക്കളെ സഹായിക്കാനായി. മുന്നണി സംവിധാനത്തിൽ ഇത്തരം നിലപാടാണോ എടുക്കേണ്ടതെന്നും കോടിയേരി ചോദിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നങ്കിൽ രാജിക്കാര്യം സിപിഐയെ അറിയിച്ചേനേ. വിമർശനം മറുപക്ഷത്തിനും കയ്യടി തങ്ങൾക്കുമെന്ന നിലപാട് ശരിയല്ലെന്നും ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വിമർശിച്ചു. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐ ശത്രുപക്ഷത്തുള്ളവർക്കു ആഹ്ലാദിക്കാൻ അവസരമൊരുക്കി. സോളാർ കേസിൽ നിന്ന് തലയൂരാൻ കോൺഗ്രസിന് ആയുധം നൽകുന്നതായി.

മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയല്ല. സിപിഐ നടപടി മുന്നണി മര്യാദയ്ക്കു ചേർന്നതല്ലെന്നും കോടിയേരി വിമർശനം ഉന്നയിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ള വിവിധ പാർട്ടികളാണ് എൽഡിഎഫിൽ ഉള്ളതെങ്കിലും നയപരമായ ഐക്യമാണ് എൽഡിഎഫ് ഐക്യത്തിന്റെ അടിത്തറ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായാൽ മുന്നണിക്ക് അകത്ത് ഉഭയകക്ഷി ചർച്ച നടത്തിയാണ് പരിഹരിക്കുന്നത്. തോമസ് ചാണ്ടി വിഷയം എൽഡിഎഫ് ചർച്ചയ്‌ക്കെടുത്തപ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഹൈക്കോടതി പരാമർശം വന്നതിനെ തുടർന്ന് നേരിൽ വന്ന് കാണണമെന്ന് എൻസിപി നേതാക്കളോടും തോമസ് ചാണ്ടിയോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എൻസിപി നേതൃയോഗം കൊച്ചിയിൽ നടക്കുന്നതിനാൽ ചൊവ്വാഴ്ച എത്താൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് മന്ത്രിസഭായോഗം തുടങ്ങുന്നതിന് മുൻപ് നേരിൽ കാണണമെന്ന് അറിയിച്ചു. സ്ഥിതിഗതികൾ വിശദീകരിച്ച് രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി എൻസിപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ദേശീയ നേതാക്കളുമായി സംസാരിച്ച് ഉടൻ തീരുമാനം അറിയിക്കാം എന്ന് നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഈ അവസരത്തിലാണ് മുന്നറിയിപ്പ് ഇല്ലാതെ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചത്. ഈ നടപടി ശത്രുപക്ഷത്തുള്ളവർക്ക് ആഹ്‌ളാദിക്കാൻ അവസരമുണ്ടാക്കി. രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള അവസരം ഇത് മൂലം നഷ്ടമായെന്നും കോടിയേരി പറഞ്ഞു. കാനം രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ വാർത്താസമ്മേളനം. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭ ബഹിഷ്‌കരിച്ച സിപിഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐക്ക് ഇതിനുള്ള മറുപടി കൊടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി.ബി ചുമതലപ്പെടുത്തുകയും ചെയ്തു.

വിമർശനങ്ങൾ ഉന്നയിക്കാൻ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, പാർട്ടി മുഖപത്രത്തിലൂടെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐയുടെ ഈ നടപടികളെയെല്ലാം അക്കമിട്ട് നിരത്തി വാർത്താസമ്മേളനം വിളിച്ച് മറുപടി കൊടുക്കാനാണ് പി.ബി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയത്.