തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി എം ബി ഫൈസൽ അട്ടിമറി വിജയം കാണുമെന്ന് ആരുടെയും വിദൂര സ്വപ്‌നങ്ങളിൽ പോലും ഇല്ലാത്ത കാര്യമാണ്. പി കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായകൻ ലീഗിന്റെ സ്ഥാനാർത്ഥിയായതോടെ മറ്റെല്ലാവരുടെയും പ്രതീക്ഷകൾ വെറുതേയായി. ഇങ്ങനെയൊക്കെയാണ് സാഹചര്യം എങ്കിലും പത്ത് മലപ്പുറത്തെ ജനവിധി പത്ത് മാസത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും എന്നാണ് സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.

ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് കോടിയേരി ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും. വലിയൊരു രാഷ്ട്രീയ സമരമായി ഉപതിരഞ്ഞെടുപ്പു മാറും. യുഡിഎഫിനും ബിജെപിക്കും ഉപതിരഞ്ഞെടുപ്പിലൂടെ ജനം ശക്തമായി തിരിച്ചടി കൊടുക്കും. ദേശീയതലത്തിൽ ആർഎസ്എസ് വർഗീയതയ്‌ക്കെതിരെ ഇടതു ബദലാണു സിപിഎമ്മിന്റെ ലക്ഷ്യം. വർഗീയതയെ ചെറുക്കാനുള്ള പോരാട്ടത്തിൽ സി.പി.എം മുൻപന്തിയിലുണ്ടാവുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം കോടിയേരിയുടെ പ്രസ്തവന വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന വേളയിൽ പോലും ലീഗ് അനായാസം വിജയിച്ചു കയറുന്ന മണ്ഡലത്തിലെ ജനവിധി എങ്ങനെയാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുന്നത് എന്നതാണ് ചോദ്യം. കോടിയേരിയുടെ പ്രസ്താവന അബദ്ധത്തിൽ വന്നതല്ലെന്നത് അദ്ദേഹത്തിന്റെ പ്രസ്ഥാവന കണ്ട എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. ഒന്നുകിൽ കോടിയേരിക്ക് ഇടതു സ്ഥാനാർത്ഥി എം ബി ഫൈസൽ വിജയിക്കുമെന്ന പൂർണ്ണ ബോധ്യം വേണം. എന്നാൽ, ഇതില്ലെന്നിരിക്കെ കോടിയേരി നടത്തിയ പ്രസ്താവന പിണറായി വിജയനുമായുള്ള ഉടക്ക് വ്യക്തമാക്കുന്നതാണ് എന്നാണ് പൊതു വിലയിരുത്തൽ.

പാർട്ടി അധികാരത്തിൽ എത്തിയ വേളയിലൊക്കെ സെക്രട്ടറി തന്നെയാണ് സൂപ്പർപവർ. ഇക്കാര്യം എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. എന്നാൽ, പിണറായി പാർട്ടിക്ക് മുകളിൽ വളർന്നുകൊണ്ടാണ് ഭരണം നടത്തുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതോടെ നിയന്ത്രണങ്ങളുമായി കോടിയേരി വരികയും ചെയ്തു. എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതു പോലും പാർട്ടിയുടെ ഇടപെടലിന്റെ ഭാഗമായാണ്. എന്നാൽ, മലപ്പുറം ഉപതിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള കോടിയേരിയുടെ നീക്കിന് പിന്നിൽ ചില ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്.

ലാവലിൻ കേസിൽ പിണറായി വിജയന് എതിരെയാകണം വിധി എന്ന ആഗ്രഹമാണ് കോടിയേരിക്കുള്ളത് എന്നതാണ് പ്രധാന ആക്ഷേപം. കോടതി വിധിയെ തുടർന്ന് പിണറായി രാജിവച്ചാൽ മുഖ്യമന്ത്രി കസേരയിലേക്ക് തനിക്ക് എത്താൻ സാധിക്കും എന്നതാണ് കോടിയേരിയുടെ വിലയിരുത്തൽ. ആ പ്രതീക്ഷ കോടിയേരിയോട് അടുപ്പമുള്ള പലരും രഹസ്യമായി പറയുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് സിപിഎമ്മിന് ഒട്ടും ജയസാധ്യത ഇല്ലാത്ത മണ്ഡലത്തിലെ ഫലം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാണെന്ന പ്രസ്താവന ഉണ്ടായിരിക്കുന്നത്. കോടിയേരിയുടെ ഈ പ്രസ്ഥാവനയിൽ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസുമായിരുന്നു. പാർട്ടി പറയുന്ന നിലയിൽ ഭരണം പോകണമെന്ന ഉറച്ച നിലപാടാണ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പിണറായിയും പാർട്ടി നേതൃത്വവും സ്വീകരിച്ചത്. വിഎസിനെ ചൊൽപ്പടിക്ക് നിർത്തുന്നതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏൽപ്പിച്ച് കോടിയേരിയെ വി എസ് ഭരണത്തിന്റെ കാവലാളായി പാർട്ടി നിയോഗിക്കുകയും ചെയ്തു.

പക്ഷേ, കഴിഞ്ഞ പത്തുവർഷക്കാലത്തിനിടെ പാർട്ടിയിലെ വിഭാഗീയത പിണറായിയുടെ കാർക്കശ്യ നിലപാടിലൂടെ കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ ആലപ്പുഴ പാർട്ടി സമ്മേളന കാലത്ത് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കി വിഭാഗീയ സ്വരങ്ങളില്ലാത്ത സംസ്ഥാനഘടകം കോടിയേരിക്ക് കൈമാറി. ഇതോടെ തന്നെ പിന്നീട് തിരഞ്ഞെടുപ്പിൽ സി.പി.എം അധികാരത്തിലെത്തുമെന്നും പിണറായിയായിരിക്കും മുഖ്യമന്ത്രിയെന്നുമുള്ള നില ഉണ്ടായിക്കഴിഞ്ഞിരുന്നു. കോടിയേരിക്കുപകരം ഇ പി ജയരാജനെ പാർട്ടി സെക്രട്ടറിയാക്കണമെന്ന ചർച്ച വന്നെങ്കിലും പാർട്ടി ഭരണത്തിൽ വരുമ്പോൾ ഭരണത്തിലെ രണ്ടാമനെന്ന സ്ഥാനം നൽകുമെന്ന ധാരണ സൃഷ്ടിച്ചാണ് കോടിയേരിയെ സെക്രട്ടറിയാക്കിയത്.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം നേടി പാർട്ടി അധികാരത്തിലെത്തിയപ്പോൾ മുൻ ധാരണകൾ പ്രകാരം തന്നെ കാര്യങ്ങൾ നടന്നു. ആലപ്പുഴ സമ്മേളനത്തിൽ തന്റെ വാക്കുകൾ കേൾക്കാതെ വന്നപ്പോൾ പിണങ്ങിപ്പോയ വി എസ് അച്യുതാനന്ദന്റെ വാക്കുകൾ കേൾക്കാൻ പാർട്ടി ദേശീയ നേതൃത്വം തയ്യാറാവാതിരുന്നതോടെ കാര്യങ്ങൾ എളുപ്പവുമായി. പിണറായിയെ മുഖ്യമന്ത്രിയും ഇപിയെ വ്യവസായവകുപ്പും ഏൽപിക്കുകയും മുഖംവീർപ്പിച്ചു നിന്ന വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കുകയും ചെയ്തുകൊണ്ടാണ് പുതിയ സംസ്ഥാന ഭരണത്തിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുസർക്കാർ പ്രവേശിക്കുന്നത്.

അഞ്ചു ടേം പാർട്ടി സെക്രട്ടറിയായി ഇരുന്ന പിണറായി പാർട്ടിയുടെ സകല മേഖലകളിലും ആധിപത്യം സ്ഥാപിച്ച ശേഷമാണ് പാർട്ടി ചുമതല കോടിയേരിയെ ഏൽപിച്ചത്. ഇപ്പോൾ പിണറായി മുഖ്യമന്ത്രിയായ വേളയിൽ കോടിയേരി ഭരണത്തിലെ അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി ഭിന്നസ്വരം ഉയർത്തിത്തുടങ്ങിയതോടെ വീണ്ടും പാർട്ടിയും സർക്കാരും രണ്ടുവഴിക്കെന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നു. ഭരണത്തിന്റെ തുടക്കം മുതലേ ഇക്കാര്യങ്ങൾ പാർട്ടി വേദികൾ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. കോടിയേരിയെ പാർട്ടി സെക്രട്ടറിയാക്കുമ്പോൾ നൽകിയ ഉറപ്പിന്റെ ബലത്തിൽ അധികാരത്തിലെത്തിയ ഇ പി ജയരാജനെ ആദ്യം പുകച്ചു പുറത്തുചാടിക്കുന്നതിൽ കോടിയേരി വിഭാഗത്തിന് നിർണായക പങ്കുണ്ടെന്ന സംസാരവുമുണ്ട്.

നേരത്തെ പൊലീസിനെ വിമർശിച്ചു കൊണ്ടും കോടിയേരി രംഗത്തുവന്നിരുന്നു. പാർട്ടി സെക്രട്ടറിയാണ് സൂപ്പർ പവർ എന്ന് പിണറായി സെക്രട്ടറിയായിരിക്കെ സ്വീകരിച്ച നിലപാടിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് കോടിയേരിയും ശ്രമിക്കുന്നതെന്നാണ് സൂചന. ഈ നീക്കങ്ങൾ ശക്തമാകുകയും പാർട്ടി ഘടകങ്ങളിൽ സമാനമായ ചേരിതിരിവ് ഉണ്ടാകുകയും ചെയ്താൽ വീണ്ടും സി.പി.എം പിണറായിപക്ഷവും കോടിയേരി പക്ഷവുമായി രണ്ടു തട്ടിൽ ആകാനുള്ള സാഹചര്യമാണ് മുളപൊട്ടിയിട്ടുള്ളത്.