- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് അടൂർ പ്രകാശ് വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് പേടി; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നും അവകാശവാദം; കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയെന്നും വിമർശനം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏത് അന്വേഷണത്തെയും നേരിടാമെന്നും കേസിൽ സിബിഐ അന്വേഷണം തന്നെ നടക്കട്ടെയെന്നുമുള്ള അടൂർ പ്രകാശിന്റെ വെല്ലുവിളി തള്ളിക്കൊണ്ടാണ് കോടിയേരി രംഗത്തുവന്നിരിക്കുന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകൾ സിബിഐയുടെ പരിഗണനയിൽ ഇരിക്കേയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ സിബിഐ വേണ്ടെന്ന നിലപാട് സിപിഎം സ്വീകരിക്കുന്നത്.
ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നണ് കോടിയേരി അഭിപ്രായപ്പെടുന്നത്. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ് കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.
വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് തിരുവോണ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്. കേസിൽ പ്രതികളായി വരാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്.
രക്തസാക്ഷികളെ വ്യക്തിഹത്യചെയ്തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഇതിനു പുറമെ മഹിളാ നേതാവിന്റെ വീട് മകനെക്കൊണ്ട് അർധരാത്രി കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചു. അതിന് ഉമ്മൻ ചാണ്ടിയുടെ ഒത്താശയും ഉണ്ടായി. കോവിഡിനെതിരായ പ്രവർത്തനങ്ങളെയും സർക്കാരിന്റെ നൂറുദിന പരിപാടിയെയും അട്ടിമറിക്കാൻ കോൺഗ്രസ് അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ 'അഞ്ചാംപത്തി'കളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അതേസമയം ഇരട്ടക്കൊല കേസിൽ അന്വേഷണം കോന്നിയിലേക്ക് വ്യാപിപ്പിക്കുകയാണ് കേരള പൊലീസ്. തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് കോന്നി കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ കോന്നി തെരഞ്ഞെടുത്തു എന്ന വിവരത്തിന്റെ അടിസ്താനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രീജയിൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതികളെ കോന്നിയിലേക്ക് കടത്തുന്നതിനിടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തക പ്രീജ അറസ്റ്റിലായത്. അമ്മയുടെ നാട് കോന്നിയായതിനാലാണ് അങ്ങോട്ട് പോയതെന്നാണ് പ്രീജയുടെ വിശദീകരണം. അടൂർ പ്രകാശ് എംപിയുടെ തട്ടകം കൂടിയാണ് കോന്നി. പ്രതികളെ സഹായിച്ചത് അടൂർ പ്രകാശാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
പ്രതികളുടെ മൊബൈൽഫോൺ സൈബർ പരിശോധനയ്ക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന് ഒരാഴ്ച മുമ്പുവരെയും കൊലയ്ക്കുശേഷവും ഇവരുടെ കാൾ ഡീറ്റയിൽസ് എടുത്തിരുന്നു. ഇതിന്റെ വിവരം ശേഖരിക്കാനാണ് ഫോൺ സൈബർ ഫോറൻസിക്കിന് അയക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കും. വാട്ആപ്, ടെലിഗ്രാം വിവരങ്ങൾ കിട്ടാൻ കമ്പനി ലീഗൽ ഓഫീസർമാർക്ക് കത്ത് നൽകും.
അതിനിടെ പ്രതികൾ ആയുധവുമായി വരുന്ന ദൃശ്യവും അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ വരുന്നതും തിരികെ പോകുന്നതുമായി നാല് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഒരെണ്ണത്തിൽ ആയുധവും കാണാം. സ്വകാര്യവ്യക്തികൾ സ്ഥാപിച്ച സിസിടിവിയിൽനിന്നാണ് 30ന് അർധരാത്രി പ്രതികൾ ഇരുചക്രവാഹനങ്ങളിൽ വരുന്നതും കൊലയ്ക്കുശേഷം പ്രതികളെ വിവിധയിടങ്ങളിൽ ഇറക്കുന്നതും കണ്ടെത്തിയത്.
ഇതിന്റെ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് 30ന് രാത്രി 11.02ന് രണ്ട് ബൈക്കിലും ഒരു സ്കൂട്ടറിലുമായി പ്രതികൾ വെമ്പായം ഭാഗത്തുനിന്ന് മതപുരംവഴി തേമ്പാമൂട്ടിലെത്തുന്നു. ഒരു ബൈക്കിൽ രണ്ടാളും മറ്റൊരു ബൈക്കിലും ഒരു സ്കൂട്ടിയിലും ഓരോരുത്തരുമാണ് എത്തിയത്. മദപുരത്തിനും തേമ്പാമൂടിനും ഇടയിലെ വീട്ടിലെ സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ഇരു കൂട്ടരുടെയും പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ