തിരുവനന്തപുരം: കിഴക്കമ്പലം സംഘർഷത്തിൽ കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്‌നത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുത്. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ 162 അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷം തടയാനെത്തിയ കുന്നത്തുനാട് ഇൻസ്‌പെക്ടറെ ഉൾപ്പെടെ അൻപതോളം പേർ ചേർന്നു വധിക്കാൻ ശ്രമിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഘട്ടംഘട്ടമായി കോടതിയിൽ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ദൃശ്യങ്ങൾ, സംഭവം നടന്നപ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കിറ്റെക്‌സ് ഗാർമെന്റ്‌സിലെ അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമമാണ് വൻ സംഘർഷത്തിലെത്തിയത്. കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ 9 പൊലീസുകാർക്കു പരുക്കേറ്റു. അക്രമികൾ 4 പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു.