തിരുവനന്തപുരം: രാഷ്ട്രപതിക്ക് സർവ്വകലാശാല ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് ഗവർണർ ആണെന്നും മൂന്നാമതൊരാളല്ല എന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഗവർണറാണ് സർവ്വകലാശാലകളുടെ ചാൻസലർ. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്നതിന് പാർട്ടി തടസം നിന്നുവെന്നത് ശരിയല്ല. ഡിലിറ്റ് നൽകണമെന്ന് സർവകലാശാലയോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് ഗവണർ തന്നെയാണെന്നും മറ്റുള്ള്ളവല്ല എന്നും രമേശ് ചെന്നിത്തലയുടെ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ മറുപടിയായി കോടിയേരി പറഞ്ഞു. പാർട്ടിക്ക് മുന്നിലോ ഗവർമെന്റിന് മുന്നിലോ ആ വിഷയം വന്നിട്ടില്ല. ഇക്കാര്യം ഗവർണർ ഗവർമെന്റിനെ അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.

സിൽവർലൈനിൽ കേന്ദ്രനിലപാടാണ് പ്രധാനം. കേന്ദ്രവും റെയിൽവെയും അനുമതി നൽകിയാൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം സർക്കാർ നടത്തും. പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി എതിരാണെന്നാണ് അവരുടെ നിലപാടിൽ നിന്ന് മനസിലാക്കുന്നത്. മറിച്ചാണെങ്കിൽ നിലപാട് അവർ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.