ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റാണ് അറുപത്തിയൊന്നുകാരനായ കോടിയേരിയെ നേതാവായി തെരഞ്ഞെടുത്തത്.

അതേസമയം, പുതിയ സംസ്ഥാന സമിതിയിൽ വി എസ് അച്യുതാനന്ദനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, 88 അംഗ സമിതിയിൽ ഒരാൾക്കുള്ള സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 87 അംഗങ്ങളുടെ പേരുകൾ മാത്രമാണ് ഇപ്പോൾ സംസ്ഥാന സമിതിയിൽ ഉള്ളത്.

നിലവിൽ പൊളിറ്റ് ബ്യൂറോ അംഗമാണ് കോടിയേരി. പ്രതിപക്ഷ ഉപനേതാവായ അദ്ദേഹം കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 35-ാം വയസിൽ സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറിയായ അദ്ദേഹം 1995ൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് കോടിയേരി പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽപി സ്‌കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. എസ്എഫ്‌ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

1982, 1987, 2001, 2006. 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ തലശേരി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം പ്രതിപക്ഷ ഉപനേതാവാണ്.

1973 മുതൽ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975 ൽ അടിയന്തിരാവസ്ഥ കാലത്ത് 16 മാസം സെൻട്രൽ ജയിലിൽ മിസ്സ തടവുകാരനായി കഴിഞ്ഞു. നിരവധി സന്ദർഭത്തിൽ പൊലീസ് മർദ്ദനത്തിനും, ആർഎസ്എസ് ആക്രമണത്തിനും വിധേയനായിട്ടുണ്ട്.

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തി. കർഷകസമരത്തിൽ പങ്കെടുത്ത് റെയിൽ പിക്കറ്റ് ചെയ്തതിന്റെ ഫലമായി കോടതി രണ്ടാഴ്ച ജയിൽ ശിക്ഷയ്ക്ക് വിധേയനാക്കി.

1980 മുതൽ 1982 വരെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ അദ്ദേഹം തലശ്ശേരിയിൽ ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ സെക്രട്ടറി, വോൾക്കാട് ബ്രദേഴ്‌സ് തൊഴിലാളി യൂണിയൻ സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി, തലശ്ശേരി സിഐടി.യു. ഏരിയാ സെക്രട്ടറി എന്നീ നിലയിൽ തൊഴിലാളി രംഗത്ത് പ്രവർത്തിച്ചു.

കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ കിസാൻസഭാ മെമ്പർ എന്നീ നിലകളിൽ കർഷകരംഗത്ത് പ്രവർത്തിച്ചു.

തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരി എസ് ആർ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ മക്കളാണ്.

യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് പാർട്ടിയുടെ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ എം ബി രാജേഷ്, പി. നന്ദകുമാർ, എം സ്വരാജ്, എം പ്രകാശൻ, ഡോ. വി ശിവദാസൻ, എൻ എൻ കൃഷ്ണദാസ്, സൂസൻ കോടിയിൽ, വി ശിവൻകുട്ടി എന്നിവരെ ഉൾപ്പെടുത്തി. ജില്ലാ സെക്രട്ടറിമാരായ വി എൻ വാസവൻ, കെ പി ഉദയഭാനു, പി മോഹനൻ, സജി ചെറിയാൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തി. 175 അംഗ പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.