തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷായാത്രയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ആർ എസ് എസ് സംഘപരിവാർ നേതാക്കൾ വെറുതെ നടന്നാൽ മാത്രം പോരാ, കേരളത്തിന്റെ പ്രബുദ്ധതയും ജീവിത നിലവാരവും വികസനവും മതനിരപേക്ഷ ബോധവുമൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും കോടിയേരിയുടെ ഉപദേശം. ചിലപ്പോൾ ഈ ജാഥ, അമിത്ഷാ അടക്കമുള്ള സംഘിനേതാക്കൾക്ക് മാനവീകതയെ പറ്റിയുള്ള അവബോധത്തിന് ഉപകരിച്ചേക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

കോടിയേരി എഴുതുന്നു, ' കേരളത്തിൽ ജാഥ നടത്താനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആർ എസ് എസ് സംഘപരിവാർ നേതാക്കൾ വെറുതെ ജാഥയിൽ സഞ്ചരിച്ചാൽ മാത്രം പോര. കേരളത്തിന്റെ പ്രബുദ്ധതയും സാക്ഷരതയും ജീവിത നിലവാരവും ആരോഗ്യവും വികസനവും മതനിരപേക്ഷ ബോധവുമൊക്കെ മനസിലാക്കാനും ശ്രമിക്കണം. ഈ നാട്ടിലെ ദളിത്-ആദിവാസി വിഭാഗങ്ങൾ മനുസ്മൃതിയെ ഭയക്കാതെ, സംഘിസേനകളുടെ ആക്രമണങ്ങളെ ഭയക്കാതെ നട്ടെല്ലുയർത്തി ജീവിക്കുന്നതും കാണാൻ സംഘി നേതാക്കൾ തയ്യാറാവണം. ചിലപ്പോൾ കേരളത്തിലെ ഈ ജാഥ, അമിത്ഷാ അടക്കമുള്ള സംഘിനേതാക്കൾക്ക് മാനവീകതയെ പറ്റിയുള്ള അവബോധത്തിന് ഉപകരിച്ചേക്കും.

കേരളത്തിൽ ജാഥ നടത്തുന്ന ആർ എസ് എസ് - ബിജെപി നേതാക്കളെ ഈ അവസരത്തിൽ വെല്ലുവിളിക്കുകയാണ്. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞത് കേരളം രാഷ്ട്രവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും സ്വാധീനമുള്ള സ്ഥലമാണെന്നാണല്ലൊ. ഈ യാത്ര കഴിയുമ്പോഴേക്ക് മോഹൻ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാൻ ആർ എസ് എസ് - ബിജെപി സംഘപരിവാരത്തിന് സാധിക്കുമോ? ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംഘികൾക്കുണ്ടോ എന്ന് പ്രബുദ്ധകേരളം നിരന്തരം വീക്ഷിക്കും.

കേരളം ഹിന്ദുക്കൾക്ക് താമസിക്കാൻ പറ്റാത്ത നാടാണെന്നാണ് ആർ എസ് എസ് -ബിജെപി നേതാക്കളുടെ പ്രസ്താവനകളിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ആർ എസ് എസ് ആചാര്യനായ പി പരമേശ്വരൻ നവതിയാഘോഷിച്ച് വിശ്രമജീവിതം നയിക്കുന്നത് ഈ കേരളത്തിലാണ്. അദ്ദേഹം ഇന്നുവരെ തനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള പ്രസ്താവനകൾ കേരളത്തിന് പുറത്തുള്ള സംഘികൾ നിരന്തരം പറയുന്നത് കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്ന സിപിഐ എം എന്ന പാർട്ടിയെ കണ്ട് വിറളിപിടിച്ചാണ്. ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും കൊന്നുതള്ളാനും അവരെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കാനും സാധിക്കാത്തത് കേരളത്തിൽ ഇടതുപക്ഷം ശക്തിയാർജ്ജിച്ചു നിൽക്കുന്നതുകൊണ്ടാണെന്ന്‌സംഘികൾക്ക് നന്നായി അറിയാം.
പെട്രോൾ-ഡീസൽ-മണ്ണെണ്ണ വില വർധനവിനെ കുറിച്ച്, ജി എസ് ടിയെകുറിച്ച്, നോട്ട് നിരോധനത്തെ കുറിച്ച്, തൊഴിലിനെ കുറിച്ച്... ജാഥയിൽ സംസാരിക്കാൻ സംഘിനേതാക്കൾക്ക് ധൈര്യമുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കും. യഥാർത്ഥത്തിൽ ബിജെപിയുടെ ഈ ജാഥയ്ക്ക് ജനരക്ഷായാത്ര എന്നുള്ള പേരല്ല ചേരുക. ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന ബിജെപി സർക്കാരിന്റെ വക്താക്കളുടെ ജാഥയായതുകൊണ്ട് ജനദ്രോഹജാഥ എന്ന് പേര് മാറ്റുന്നതാവും ഔചിത്യം. ഗാർഹികോപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ 49 രൂപ വർധിപ്പിച്ചയുടൻ കേരളത്തിൽ വന്ന് ജാഥയ്ക്കിറങ്ങുന്ന അമിത് ഷായെ കേരളത്തിലെ വീട്ടമ്മമാർ ജനദ്രോഹി എന്നായിരിക്കും വിശേഷിപ്പിക്കുക.