തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്എസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാകുകളെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകന്മാരെയും കവികളെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയുമൊക്കെ ആക്രമിച്ച ഇല്ലാതാക്കി സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ട് പോകുന്ന ആർഎസ്എസ് സംഘപരിവാരത്തെ കൂടുതൽ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാകേണ്ടതുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർഎസ്എസ് സംഘപരിവാരം നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

കൊല്ലം കടയ്ക്കലിലെ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് കവി, ആർഎസ്എസ് ആക്രമണത്തിനിരയായത്.

ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകന്മാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയുമൊക്കെ ആക്രമിച്ച് ഇല്ലാതാക്കി, സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആർഎസ്എസ് സംഘപരിവാരത്തെ കൂടുതൽ, കൂടുതൽ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്.

കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ട്.