കണ്ണൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെതിരേ ഉന്നയിച്ച ഭിന്നഭിപ്രായങ്ങൾക്കു സൗമ്യമായ ഭാഷയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കാനം ഉന്നയിച്ച ഓരോ വിഷയങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടിയേരി മറുപടിനൽകിയത്. കാനം ഉന്നയിച്ച എല്ലാ ആരോപണങ്ങൾ നിഷ്‌കരുണം തള്ളുകയും ചെയ്തു. വെറുതേ ശത്രുക്കൾക്കു മുതലെടുക്കാനുള്ള സാഹചര്യം മുന്നണിയിലുള്ളവർ ഒരുക്കിക്കൊടുക്കരുതെന്നും കോടിയേരി കാനത്തെ ലക്ഷ്യമിട്ടു പറഞ്ഞു.

ഭരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഭരണത്തെ ദുർബലപ്പെടുത്തുന്നതാണ്. പതിനൊന്നു മാസത്തെ ഭരണത്തിനിടയ്ക്ക് സർക്കാർ ഒട്ടേറെ ജനക്ഷേമപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ആരും പറഞ്ഞുകണ്ടിട്ടില്ലെന്നും ഓരോ പ്രവർത്തനവും അക്കമിട്ടു വിശദീകരിച്ചുകൊണ്ടു കോടിയേരി പറഞ്ഞു.

ശത്രുക്കൾക്കു മുതലെടുപ്പിനുള്ള സാഹചര്യം ഇടതുമുന്നണിയിലെ നേതാക്കൾ സൃഷ്ടിക്കരുത്. വിവാദങ്ങൾ മാത്രം ചർച്ചയാകുന്നു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ ചർച്ചയാകുന്നില്ല. മുന്നണി മര്യാദയ്ക്കു നിരക്കാത്ത ചില അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കേണ്ടതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം. ചർച്ച ചെയ്തു പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവും മുന്നണിയിലില്ല

മുന്നണിയിലുള്ളവർ പരസ്യമായി പറയുന്ന ഭിന്നാഭിപ്രായങ്ങൾ വലിയ തോതിൽ ആഘോഷിക്കുന്നു. ഇതു കേരളത്തിൽ എൽഡിഎഫ് ശിഥിലമാകുന്നു എന്ന പ്രചാരണത്തിനാണു വഴിവയ്ക്കുന്നത്. നിലമ്പൂരിൽ രണ്ടു മാവോയിസ്റ്റുകൾ മരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടു മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്നു. ഇത് പരിശോധിക്കാൻ പോയ സംഘത്തിനു നേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഇവർ മരിച്ചത്. മറ്റു സംസ്ഥാനത്തുള്ള മാവോയിസ്റ്റുകൾ ഇവിടെ വന്നു തങ്ങുന്നത് എന്തോ ചിലതു നടത്താൻ വേണ്ടിയാണ്. അതു പരിശോധിക്കേണ്ട ബാധ്യത പൊലീസിനുണ്ട്.

അതിനെ വ്യാജ ഏറ്റുമുട്ടൽ എന്ന രീതിയിലാണു ചിത്രീകരിക്കുന്നത്. നിലമ്പൂരിൽ മരിച്ച മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ എടുത്തു എന്ന് മാവോയിസ്റ്റുകൾ പോലും പറയുന്നില്ല. കേരളത്തിൽ വ്യാജ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫ് ഭരണകാലത്താണ്. വർഗീസിനെ കൊലപ്പെടുത്തിയതാണ് കേരള ചരിത്രത്തിലുണ്ടായിട്ടുള്ള ഏക വ്യാജഏറ്റുമുട്ടൽ.

യുഎപിഎക്കാര്യത്തിൽ സിപിഐഎമ്മിനു വ്യക്തമായ നിലപാടുണ്ട്. തീവ്രവാദ പ്രവർത്തനം തടയാൻ യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ തന്നെ നിയമം ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്നു പാർലമെന്റൽ പറഞ്ഞ പാർട്ടിയാണ് സിപിഐഎം. യുഡിഎഫ് സർക്കാർ വ്യാപകമായി ഈ നിയമം ദുരുപയോഗിച്ചിട്ടുണ്ട്. ആ കരിനിയമം എടുത്തുകളയണമെന്നതാണ് സിപിഐഎം നിലപാട്. കേരളത്തിലെ എല്ലാ യുഎപിഎ കേസുകളും പുനഃപരിശോധിച്ചുവരികയാണ്. സിബിഐ ചുമത്തിയിരിക്കുന്ന കേസുകൾ മാത്രമാണു പുനഃപരിശോധിക്കാനാവാത്തത്.

വിവരാവകാശനിയമം അട്ടിമറിച്ചിട്ടില്ല. സർക്കാർ ഉത്തരവുകളും മന്ത്രിസഭായോഗതീരുമാനങ്ങളും താമസം വിനാ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് നിലപാട്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉത്തരവായി സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള എല്ലാ ആരോപണങ്ങളും സർക്കാരിന്റെ അടിത്തറ നശിപ്പിക്കുന്നതാണ്. വിവരാവാകാശത്തിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കേണ്ട്.

ജിഷ്ണുവിന്റെ പ്രശ്‌നത്തിൽ സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വാശ്രയ കോളജ് മാനേജ്‌മെന്റിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്. മഹിജ സമരം നിത്തിവച്ചത് അഭിനന്ദനാർഹമാണ്. വളയത്തെ നന്ദിഗ്രാം ആക്കാനായിരുന്നു ചിലരുടെ ശ്രമം. മഹിജയുടെ സമരം തന്നെ ആവശ്യമില്ലാത്തതയിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ബോധ്യപ്പെടുത്തി പരിഹാരം കാണുകയായിരുന്നു വേണ്ടത്. ജിഷ്ണു കേസിൽ സർക്കാരിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു മുതലാളിയുടെ ഭാഷയില്ല. ഡിജിപി ഓഫീസിലെ സമരം അനുവദിക്കാനാവാത്തതാണ്. ഇത്തരത്തിൽ ആന്റണി സർക്കാരിന്റെ കാലത്താണ് ഉത്തരവിറക്കിയത്.

മൂന്നാറിൽ കൈയേറ്റം നടത്തുന്നത് തടയണം. മൂന്നാറിന്റെ വികസനത്തിനായി പുതിയ കമ്മീഷൻ രൂപീകരിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ദുർബലപ്പെടുത്തരുത്. രണ്ടു പാർട്ടികളുംതമ്മിൽദൃഢമായ ബന്ധം. സിപിഐ അല്ല ഏതുഘടകക്ഷി പറഞ്ഞാലും ചർച്ച ചെയ്ത് അംഗീകരിക്കണമെന്നതാണ് എൽഡിഎഫിന്റെ നയമെന്നു കോടിയേരി പറഞ്ഞു. കാനത്തിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയുമ്പോഴും സിപിഐയെ വിഷമിപ്പിക്കാതിരിക്കാൻ കോടിയേരി പ്രത്യേകം ശ്രദ്ധിച്ചു. പല വിഷയങ്ങളിലും സിപിഐ എടുത്ത നിലപാടുകളെ പ്രശംസിച്ചു. സരസന്റെ മരണത്തിനു ശേഷമുണ്ടായ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നത് നല്ലതാണെന്ന ഉപദേശത്തോടെയാണ് കോടിയേരിയുടെ വാർത്താ സമ്മേളനം അവസാനിച്ചത്.