തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ പേരിൽ 13 കോടിയുടെ ചെക്ക് കേസ് ദുബായിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സത്യം തുറന്നുപറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറാവണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കീഴ്‌ക്കോടതി വിധിയുടെ ബലത്തിൽ എല്ലാ സത്യവും മൂടി വയ്ക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേസ്സുകളെല്ലാം തീർന്നു. പെനാൾട്ടി അടച്ചു തീർപ്പാക്കിയ പഴയ കേസ്സ് മനപ്പൂർവം കുത്തിപ്പൊക്കുകയാണ് ചിലർ. ന്യായീകരണ തൊഴിലാളികൾ എല്ലാ ചാനലുകളിലും വന്നിരുന്ന് പ്രതിരോധം തീർത്തത് ഇങ്ങനെ ആയിരുന്നു. കോടിയേരി ആവട്ടെ മകൻ സർവതന്ത്രസ്വതന്ത്രനായി ദുബായിൽ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ പരിഹസിച്ചത്. ഇപ്പോൾ പറയുന്നു ഒരു കോടി എഴുപത്തിമൂന്ന് ലക്ഷത്തിന്റെ കേസ്സുമാത്രമേയുള്ളൂ. അതിനാണ് ട്രാവൽ ബാൻ എന്നൊക്കെ. എന്നാൽ വൈകാതെ ബാക്കി വിവരങ്ങൾ കൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കീഴ്‌ക്കോടതി വിധിയുടെ ബലത്തിൽ എല്ലാ സത്യവും മൂടി വെക്കാനാവുമെന്ന് ആരും കരുതേണ്ടതില്ല. ഇനിയെങ്കിലും കോടിയേരി ബാലകൃഷ്ണൻ സത്യം തുറന്നു പറയാൻ തയ്യാറാവണം