പത്തനംതിട്ട: തൊഴിലാളി പാർട്ടിയാണ് സിപിഎം. സ്‌കൂൾ അദ്ധ്യാപകന്റെ മകനായി രാഷ്ട്രീയത്തിൽ ശോഭിച്ച് കണ്ണൂരിന്റെ എല്ലാമെല്ലാമായ കോടിയേരി ബാലകൃഷ്ണനാണ് അതിന്റെ സെക്രട്ടറി. കോടിയേരിയുടെ മൂത്ത മകൻ ബിനോയ്, രണ്ടാത്തെയാൾ ബിനീഷ്. അച്ഛന്റെ പദവികളുടെ ബലത്തിൽ ഇരുവർക്കും വലിയ ബിസിനസ് ബന്ധങ്ങൾ ഉണ്ടായി. ഇതിന്റെ സൂചനകളാണ് ദുബായിലെ സാമ്പത്തിക തിരിമറി ചർച്ചയാക്കുന്നത്. 13 കോടിയുടെ വായ്പ കോടിയേരിയുടെ മകൻ വാങ്ങുന്നു. അത് തിരിച്ചു കൊടുത്തുവെന്ന് കോടിയേരി തന്നെ പറയുന്നു. കേസ് നിലവിൽ ഇല്ലെന്നും. ഇതോടെ ഇടപാടിന് സ്ഥിരീകരണമായി. 13 കോടി കടമെടുത്ത് എന്ത് ബിസിനസ്സാണ് കോടിയേരിയുടെ മകൻ ചെയ്യുന്നതെന്ന ചോദ്യമാണ് ഇവിടെ സജീവമാകുന്നത്. ഇത്രയും തുക വായ്പ എടുക്കണമെങ്കിൽ എന്തായിരിക്കും കോടിയേരിയുടെ മൂത്ത മകന്റെ ആസ്തി?

കോടിയേരി ബാലകൃഷ്ണന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഇത് പരിശോധിച്ചാൽ ഇത്രയും കോടികളുടെ ആസ്തി ബിനോയിക്ക് എങ്ങനെ വന്നുവെന്നത് ഇപ്പോഴും ആർക്കും അറിയില്ല. കമ്മ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന് കോടികളുടെ സ്വത്ത് സമ്പാദനം എളുപ്പം നടക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, പലപ്പോഴും കോടിയേരിയെ വെട്ടിലാക്കിയത് അദ്ദേഹത്തിന്റെ മക്കളുടെ ഇടപെടുകളാണ്. ബിനോയിയും ബിനീഷും പലപ്പോഴും പിതാവിന്റെ പേരു പറഞ്ഞ് നേട്ടങ്ങൾ കൊയ്യുന്നു എന്ന വിധത്തിലായിരുന്നു രാഷ്ട്രീയ എതിരാളികൾ പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ 13 കോടിയുടെ തട്ടിപ്പു കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോൾ കോടിയേരിയുടെ മക്കളുടെ ബിസിനസുകളെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായി. ദുരൂഹമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ബിസിനസ് ബന്ധങ്ങളാണ് കോടിയേരിയുടെ മക്കൾക്കുള്ളത്.

ചില കമ്പനികളുമായി കോടിയേരിയുടെ മക്കൾക്ക് രഹസ്യ ഇടപാടുകൾ ഉണ്ട്. അതിലൊന്നാണ് വിവാദമായ ഹോപ്‌സ് പ്ലാന്റേഷൻ. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് മാത്യുവിന്റേതാണ് ഈ പ്ലാന്റേഷൻ. പാട്ടക്കാലാവധിയുടെ പേരിൽ തർക്കങ്ങളുമുണ്ടായത് ഈ തോട്ടത്തെ ചൊല്ലിയാണ്. കോടിയേരിയുടെ മക്കളുമായി ഈ കമ്പനിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ആക്ഷേപം. ഇവർക്ക് പാർട്ണർഷിപ്പ് ഈ കമ്പനിയിൽ ഉണ്ടെന്നും സൂചനയുണ്ട്. തോമസ് മാത്യുവിന് പല പ്രതിപക്ഷ നേതാക്കളുമായും ബന്ധമുണ്ട്. പ്രതിപക്ഷ നിരയിലെ ഒരു പ്രമുഖന്റെ ബിനാമി ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. തോമസ് മാത്യുവിന്റെ ബദേൽ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന നിരവധി അനധികൃത കൈയേറ്റങ്ങളുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യം തയ്യാറാക്കിയിരുന്നു. എന്നാൽ ബദേൽ ഗ്രൂപ്പിന്റെ കൈയിലുള്ള ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിന് ആർജ്ജവമില്ല. പ്രതിപക്ഷത്തിനും താൽപ്പര്യക്കുറവുണ്ട്. ഇതിനെല്ലാം കാരണം കോടിയേരിയുടെ മക്കളുടെ ബിസിനസ് ബന്ധങ്ങളാണ്. ഒരേ സമയും ഇടതിനും വലതിനും ഈ ബിസിനസ് ഗ്രൂപ്പുമായി ബന്ധമുണ്ട്.

ശബരിമലയോട് അടുത്തുള്ള വണ്ടിപെരിയാറിൽ മൗണ്ട് എസ്റ്റേറ്റുണ്ട്. ഇവിടെയുള്ള ഒരു 'സത്ര'ത്തിൽ കോടിയേരിയുടെ മക്കൾ നിത്യ സന്ദർശകരാണ് എന്നാണ് സൂചന. പ്രതിപക്ഷത്തെ പ്രമുഖരുമായും തോമസ് മാത്യുവിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ദുബായിലെ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷം മടിക്കുന്നത്. നിയമസഭയിൽ ഇന്ന് വിഷയം ഉന്നയിച്ചെങ്കിലും പ്രതിപക്ഷത്തെ പലർക്കും ഈ വിഷയത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല.

പീരുമേട് താലൂക്കിലെ 708.42 ഏക്കർ സ്ഥലം ഹോപ്‌സ് പ്ലാന്റേഷന് നൽകാൻ ഗൂഢാലോചന നടത്തിയെന്നും 125 ഏക്കറോളം സ്ഥലം കൈവശം വയ്ക്കാൻ അനുമതി നൽകിയെന്നും യുഡിഎഫ് സർക്കാരിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച വിജിലൻസ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിയാക്കപ്പെട്ടു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പിന്നീട് ഒഴിവാക്കുകയും ചെയ്തു. പക്ഷേ ഹോപ്സിന് ഈ ഭൂമി നൽകിയത് അന്ന് ഭരണപക്ഷത്തെ പ്രമുഖന്റെ ഇടപെടൽ മൂലമായിരുന്നു. ഈ ബന്ധം ബിനോയിക്കെതിരായ സാമ്പത്തിക ആരോപണം വേണ്ടവിധം ചർച്ചയാക്കുന്നതിനും പ്രതിപക്ഷത്തിന് തടസ്സമായി.

ഇതിനൊപ്പം ബിനീഷ് കോടിയേരിയുടെ മറ്റ് ചില ബന്ധങ്ങളും ചർച്ചയായിട്ടുണ്ട്. ബിനീഷ് കോടിയേരിക്ക് ബംഗളുരുവിൽ രണ്ടു ബിസിനസ് സംരംഭങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നു. ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ബീ കാപ്പിറ്റൽസ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിലാണ് ബിനോയ് കോടിയേരി ഡയറക്ടറായ കമ്പനികൾ പ്രവർത്തിക്കുന്നതെന്ന്ാണ് ഒരു വെബ്‌സൈറ്റ് പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. ഇരു സംരംഭങ്ങളിലും ബിനീഷിന്റെ പാർട്ണർ അനസ് വലിയപറമ്പത്ത് ആണ്. നേരത്തെ ബിനോയ് കോടിയേരിക്ക് വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിട്ട് ഫണ്ട്സുമായുള്ള ബന്ധവും നേരത്തെ ചർച്ചയായിരുന്നു. കോടിയേരിയുടെ മക്കൾക്ക് ഇത്രയും ബിസിനസ് ചെയ്യാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നതാണ് ദുരൂഹമായി തുടരുന്നത്. തിരുവനന്തപുരത്ത് 20-20 ക്രിക്കറ്റ് സംഘടിപ്പിച്ചപ്പോൾ അതിന്റെ നേതൃ സ്ഥാനത്ത് ബിനീഷും ഉണ്ടായിരുന്നു. അന്ന് മത്സരത്തിനായി ഓടി ആഡംബരക്കാറുകളെല്ലാം ഒരു വ്യക്തിയുടേതായിരുന്നു. ഇതുമായി ബന്ധപ്പെട്ടും ചില സംശയങ്ങൾ സജീവമാണ്.

ബാഗ്ലുരുവിൽ ബിനോയിയുടെ പേരിൽ 2015 ജൂൺ എട്ടിനാണ് ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. നമ്പർ 3/അ, ഐശ്വര്യ രാമാനുജപ്പ ലേഔട്ട് , എ നാരായണപുര ദൂർവ്വാണി നഗർ പോസ്റ്റ്, ബെംഗളൂരു എന്നതാണ് രജിസ്റ്റേർഡ് വിലാസം. ഒരു ലക്ഷം രൂപയാണ് അംഗീകൃത ഓഹരി മൂലധനമായി കാണിച്ചിരിക്കുന്നത്. ലീഗൽ, അക്കൗണ്ടിങ്, മാർക്കറ്റ് റിസർച്ച്, ടാക്സ് കൺസൾട്ടൻസി എന്നിവ ചെയ്യുന്ന കമ്പനിയാണെന്ന് രേഖകളിൽ ഉണ്ടെങ്കിലും സ്വന്തമായി ഒരു വെബ്സൈറ്റോ കോൺടാക്റ്റ് വിവരങ്ങളോ ഇല്ല. ബിനോയ് കോടിയേരിക്ക് സമാനമായ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുണ്ടെന്നും റിപ്പോർട്ടുണ്ട്.

ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ജൂലൈ മൂന്നാം തീയതിയാണ് ബിനീഷ് കോടിയേരി ബീ കാപ്പിറ്റൽസ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങുന്നത്. ഈ കമ്പനിയുടെയും അംഗീകൃത ഓഹരി മൂലധനമായി കാട്ടിയിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. നമ്പർ 204 & 205, സെക്കന്റ് ഫ്ലോർ, ഇവാ മാൾ, ബെംഗളൂരു എന്ന വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിസിനസ് പ്രവർത്തനങ്ങൾ എന്ന് പൊതുവായി പറഞ്ഞിരിക്കുന്നതൊഴിച്ചാൽ ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏതു മേഖലയിലാണ് പ്രവർത്തിക്കുന്നത് എന്നത് അജ്ഞാതമാണ്.