കണ്ണൂർ: ബിജെപിയെ നേരിടാൻ മഹാസഖ്യങ്ങളല്ല വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയുടെ ആശയത്തെയാണ് എതിർക്കേണ്ടത് അതിനാൽ ഒന്നിക്കേണ്ടത് ഒരേ ആശയമുള്ള പാർട്ടികളാണെന്നും കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു

ബിജെപിയ നേരിടാൻ കോൺഗ്രസുമായി സഹകരിക്കണമെന്ന വാദം സിപിഎമ്മിൽ വിവാദമായി നിൽക്കുമ്പോഴാണ് കോടിയേരിയുടെ പ്രതികരണം. ബംഗാൾ ഘടകത്തിന്റെ സഹകരണ വാദത്തെ കേരളത്തിലെ നേതാക്കൾ എതിർക്കുകയാണ് . ബിജെപി ഉയർത്തുന്ന വർഗീയ നയങ്ങളെ രാഷ്ട്രീയപാർട്ടികളുടെ മഹാസംഖ്യങ്ങളുണ്ടാക്കി നേരിടാനാവില്ലെന്നും നയപരമായി യോജിപ്പുള്ള കക്ഷികൾ ചേർന്നാവണം രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാവേണ്ടതെന്നും കോടിയേരി പറഞ്ഞു.

ബിജെപി ഉയർത്തുന്ന വർഗീയ-ഉദാരവത്കരണസാന്പത്തിക നയത്തിനെതിരായ ബദൽരാഷ്ട്രീയം രാജ്യത്ത് വളർന്നുവരാൻ പോവുന്നത് വർഗസമരത്തിലൂടെയും ബഹുജന പോരാട്ടങ്ങളിലൂടെയുമായിരിക്കും. രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മഹാസംഖ്യങ്ങളുണ്ടാക്കി ഇതിനെ നേരിടാനാവില്ല. നയപരമായി യോജിപ്പുള്ള കക്ഷികൾ ചേർന്നാവണം രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാവേണ്ടത്. ആർഎസ്എസിന്റെ ഫാസിസ്റ്റ് രീതിയിലുള്ള പ്രവർത്തനം നേരിടാൻ വിശാലമായ പൊതുവേദി ആവശ്യമാണ്. അതിനെ രാഷ്ട്രീയകൂട്ടുകെട്ടായി വികസിപ്പിച്ചാൽ മുൻകാലങ്ങളിലേതെന്നത് പോലുള്ള സ്ഥിതി ആവർത്തിക്കപ്പെടും- കോടിയേരി പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാർട്ടി പ്രതിപക്ഷത്തെ ഒരു പാർട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് 15 ദിവസം തുടർച്ചയായി സ്തംഭിപ്പിച്ച സംഭവം രാജ്യചരിത്രത്തിൽ ആദ്യമാണ്. എത്രമാത്രം അസഹിഷ്ണുതയോടെയാണ് സിപിഎമ്മിനെ അവർ കാണുന്നതെന്നതിന്റെ തെളിവാണിതെന്നും കോടിയേരി കുറ്റപ്പെടുത്തി.