- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് പിന്നാലെ കോടിയേരിയും ചികിത്സയ്ക്കായി നാളെ അമേരിക്കയിലേക്ക്; യാത്ര ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം; ചികിത്സാ ചെലവ് വഹിക്കുക സർക്കാർ; കോടിയേരിയുടെ അഭാവത്തിൽ ഏകോപനം പാർട്ടി സെന്ററിന്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി വിദേശത്തേക്ക്. നാളെ പുലർച്ചെ അമേരിക്കയിലേക്ക് പോകും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് തുടർചികിത്സക്കായി അമേരിക്കയിൽ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. പാർട്ടി സെന്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
കോടിയേരിയുടെ അമേരിക്കൻ ചികിത്സക്ക് ചെലവാകുന്ന തുക സർക്കാർ വഹിക്കും. മുൻ എംഎൽഎ എന്ന നിലയിലാണ് കോടിയേരിയുടെ ചികിത്സയുടെ ചെലവ് സർക്കാർ വഹിക്കുന്നത്. 1988 ലെ എക്‌സ് മെമ്പേഴ്‌സ് ഓഫ് ലെജിസ്‌ളേറ്റീവ് റൂൾ പ്രകാരം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചികിൽസക്ക് ചെലവായ തുക മുൻ എം.എൽ എ മാർക്ക് ലഭിക്കും.
സംസ്ഥാനത്തിന് പുറത്ത് ചികിത്സ നേടുന്ന മുൻ എം.എൽ എ മാർ ഹെൽത്ത് സർവീസ് ഡയറക്ടറുടെ അനുമതി തേടണം. യാത്ര ചെലവ് ലഭിക്കണമെന്നുണ്ടെങ്കിൽ ഒറിജിനൽ രേഖകൾ സഹിതം ' റ്റി. ആർ 47 ' അപേക്ഷയോടൊപ്പം ഹാജരാക്കുകയും ആയതിൽ സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം. ഇങ്ങനെ സമർപ്പിക്കുന്ന മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ബിൽ നിയമസഭ സ്പീക്കർ പരിശോധിച്ചു ചെലവായ തുക അനുവദിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഈ മാസം 24 നാണ്മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ജനുവരി മാസത്തിൽ മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് പിണറായി വിജയൻ വീണ്ടും അമേരിക്കയിലെത്തുന്നത്.