കുവൈറ്റ്: ലോകത്തിന്റെ ഏത് ഭാഗങ്ങളിലായിരുന്നാലും മലയാളികളിൽ ഗൃഹാതുരസ്മരണകൾ ഉയർത്തുന്ന ആഘോഷമാണ് ഓണമെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സിബി യു എസ്. കുവൈറ്റിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു.

ആഘോഷ പരിപാടികളിൽ വച്ച് കുവൈറ്റിലെ മികച്ച മാധ്യമ പ്രവർത്തകനായ സണ്ണി മണർകാട്ടിനെ വെൽഫെയർ വിങ് കൺവീനർ അനീഷ് നായർ പൊന്നാട അണിയിച്ച് ആദരിച്ചു. ജന്മം കൊണ്ട് ഇടുക്കിക്കാരനാണെങ്കിലും കോട്ടയത്തെയും പാലായിലെയും ജീവിത കാലഘട്ടങ്ങൾ സമ്മാനിച്ച ഊർജ്ജവും ആവേശവുമാണ് പ്രവാസി ജീവിതത്തിലും തനിക്ക് തുണയായതെന്ന് മറുപടി പ്രസംഗത്തിൽ സണ്ണി മണർകാട്ട് അനുസ്മരിച്ചു.

ജനറൽ സെക്രട്ടറി ജിജോ ജേക്കബ്ബ് കുര്യൻ സ്വാഗതം പറഞ്ഞു. നോർക്ക അംഗം അജിത് കുമാർ, രക്ഷാധികാരി സിബി മാളിയേക്കൽ, അഡൈ്വസറി ബോർഡ് അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, എബ്രാഹം മാലേത്ത്, മോഹൻ ജോർജ്ജ് (സഫീനാ, ജനറൽ മാനേജർ), പാസ്റ്റ്‌കോസ് പ്രസിഡന്റ് അഡ്വ. സുബിൻ അറയ്ക്കൽ, സംസ്‌കൃതി പ്രസിഡന്റ് ഹരിദാസ്, വനിതാ ചെയർപേഴ്‌സൺ സിജി പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ജസ്റ്റിൻ ജെയിംസ് നന്ദി പറഞ്ഞു.