- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂർ - ഇടപ്പള്ളി ദേശീയ പാത വികസനത്തിനായി ഉദാര നിലപാടുമായി കേന്ദ്രസർക്കാർ; 3465.82 കോടി രൂപ അനുവദിച്ചു നിതിൻ ഗഡ്കരി; കേന്ദ്രമന്ത്രിക്ക് നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും; പിണറായിയിയുമായുള്ള നല്ലബന്ധം മരുമകനോടും തുടർന്ന് ഗഡ്കരി
തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്ര സഹായവുമായി കേന്ദ്രസർക്കാർ, ദേശീയപാതാ വികസനത്തിലാണ് കേന്ദ്രം കേരളത്തോട് വീണ്ടും ഉദാരസമീപനം സ്വീകരിച്ചിരിക്കുന്നത്. മുൻ സർക്കാറിന്റെ കാലത്ത് പിണറായി വിജയനുമായി നല്ലബന്ധത്തിലായിരുന്നു നിതിൻ ഗാഡ്കരി. ഈ ബന്ധം ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസുമായി കേന്ദ്രമന്ത്രിക്കുണ്ട്. ഇതിന് തെളിവാണ് ഇപ്പോൾ കേരളത്തിന് ലഭിച്ച ധനസഹായവും.
കൊടുങ്ങല്ലൂർ - ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച് നേരത്തെ കഴിഞ്ഞ മാസം ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും, ആറുവരി പാതയാക്കി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഒക്ടോബർ മാസം 28 ന് ഡൽഹിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാത 66 ന്റെ വികസനപ്രവർത്തനം നടക്കുന്നത്. ഇതിൽ 16 റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇപ്പോൾ കൊച്ചി നഗരത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂർ - ഇടപ്പള്ളി ദേശീയ പാത ആറുവരിപ്പാതയ്ക്ക് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ചതായി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. എറണാകുളം - തൃശൂർ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ എല്ലാ സഹായവും ദേശീയപാത അഥോറിറ്റിക്ക് നൽകും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങൾ ചേരും. ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ദേശീയപാത അഥോറിറ്റി അധികൃതരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി മുഹമ്മദ് റിയസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ