- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ല; പ്രചരിക്കുന്നത് മേൽവിലാസമില്ലാത്ത പോസ്റ്ററുകൾ'; കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ആരെങ്കിലും അവഗണിക്കപ്പെട്ടെങ്കിൽ അവർക്ക് മറ്റ് സ്ഥാനങ്ങൾ നൽകുമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട കൊല്ലത്ത് തനിക്കെതിരെ പ്രചരിക്കുന്ന പോസ്റ്ററിനെ കുറിച്ച് പ്രതികരിക്കാനില്ല. മേൽവിലാസമില്ലാത്ത പോസ്റ്ററാണു പ്രചരിക്കുന്നതെന്നും കൊടുക്കുന്നിൽ സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാൽ ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഡി.സി.സി ഭാരവാഹി പട്ടിക വൈകുന്നത് മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇടഞ്ഞുനിൽക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടൻ പട്ടിക പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. ഡി.സി.സി അധ്യക്ഷന്മാരുടെ ചുരുക്ക പട്ടിക കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയിട്ട് ദിവസങ്ങളായി. ആവശ്യമായ ചർച്ച നടത്തിയില്ലെന്ന പരിഭവവുമായി ഇതിനിടെ മുതിർന്ന നേതാക്കൾ ഇടഞ്ഞുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പരാതി സോണിയാ ഗാന്ധിയുടെ മുന്നിൽ എത്തിയതോടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് നിർദ്ദേശം നൽകി. ഇതോടെ തീരുമാനം വീണ്ടും വൈകി. താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല.
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കൊല്ലം നഗരത്തിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അധ്യക്ഷ നിർണയത്തിൽ നടത്തിയ ഇടപെടലുകളുടെ പേരിലാണ് സുരേഷ് എംപിക്കെതിരായ കൊല്ലം നഗരത്തിലെ പോസ്റ്ററുകൾ. രാജേന്ദ്ര പ്രസാദ് എന്ന മുതിർന്ന കോൺഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാൻ കൊടിക്കുന്നിൽ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കൊടിക്കുന്നിലിന് പിരിവ് നടത്താനുള്ള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമർശനം. രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. പുനഃസംഘടന ചർച്ചകളുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിൽ പോര് വീണ്ടും രൂക്ഷമാകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കോട്ടയത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ