- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരിയറുടെ പിന്തുണയിൽ സ്വർണം പൊട്ടിക്കലിന് തുടക്കമിട്ടത് 2018ൽ ടിങ്കു; കരിപ്പൂരിൽ ഇറക്കേണ്ട മുതലിനെ ഡൽഹിയിൽ ലാൻഡ് ചെയ്യിപ്പിച്ച് ട്രെയിനിൽ കടത്തി; കൊടി സുനിയുടെ ശിഷ്യൻ കാക്കയെ ക്വട്ടേഷൻ ഏൽപ്പിച്ചത് ഷാർജയിൽ; കൊടുവള്ളി-കണ്ണൂർ ഗ്യാങ് വാറിനിടെ അബൂബേക്കർ കുടുങ്ങി
കൊടുവള്ളി: കള്ളക്കടത്ത് സ്വർണം കവർന്നയാളെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കർ പിടിയിലാകുമ്പോഴും ചർച്ചകളിൽ എത്തുന്നതുകൊടി സുനി ഗ്യാങ്ങിന്റെ പ്രവർത്തനം. അബൂബക്കറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊടി സുനിയുടെ അനുയായി ആയ കാക്ക രഞ്ജിത്തിനാണ് ഇയാൾ ക്വട്ടേഷൻ കൊടുത്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ യു.എ.ഇയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അബൂബക്കറിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ കൊടുത്തയച്ച ഒന്നര കിലോ സ്വർണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി ടിങ്കുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അറസ്റ്റ്. സ്വർണ്ണ കടത്ത് പൊട്ടിക്കൽ എന്ന പരിപാടി തുടങ്ങുന്നത് ഈ കേസോടെയാണ്.
2018 ഓഗസ്റ്റിൽ ഷാർജയിൽനിന്നു നൗഷാദ് അലി എന്ന കാരിയർ മുഖേന അബൂബക്കർ ഒന്നര കിലോ സ്വർണം കൊടുത്തയച്ചിരുന്നു. കുന്ദമംഗലം സ്വദേശി ടിങ്കുവും മറ്റ് സംഘാഗങ്ങളും ചേർന്ന് ഈ സ്വർണം തട്ടിയെടുത്തു. ഇതിനുള്ള പ്രതികാരമായിരുന്നു ക്വട്ടേഷൻ നൽകൽ. എല്ലാം ഭംഗിയായി കാക്ക രഞ്ജിത്ത് ചെയ്തു. പിന്നീട് കണ്ണൂർ ലോബിയും ഈ പൊട്ടിക്കലിന്റെ ഭാഗമായി. ഇവിടെ നിന്നാണ് കടത്തിലെ കൊടുവള്ളി-കണ്ണൂർ പോര് തുടങ്ങുന്നതും.
2018ൽ ടിങ്കു, രാമനാട്ടുകര സ്വദേശി അറഫാത്ത്, സ്വർണം കടത്തിക്കൊണ്ട് വന്ന നൗഷാദ് അലി, അർഷാദ് എന്നിവർ ചേർന്നാണ് സ്വർണം തട്ടാൻ പദ്ധതിയിട്ടത്. കരിപ്പൂരിൽ ഇറക്കേണ്ട സ്വർണം സംഘം ഇറക്കിയത് ഡൽഹി വിമാനത്താവളത്തിൽ. അവിടെനിന്ന് വിമാനത്തിലും തീവണ്ടിയിലുമായി കേരളത്തിൽ എത്തിച്ചു.
സ്വർണം തട്ടിയെടുത്തതിൽ ടിങ്കുവിന്റെ പങ്ക് മനസിലാക്കിയ അബൂബക്കർ ഇതു തിരികെപ്പിടിക്കാൻ കാക്ക രഞ്ജിത്ത് എന്നയാൾക്കു ക്വട്ടേഷൻ നൽകി.
രഞ്ജിത്തും കൂട്ടാളികളും ചേർന്നു ടിങ്കുവിനെ തട്ടിക്കൊണ്ടുപോയി. കാസർഗോഡ് പൈവളികയിലുള്ള രഹസ്യകേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിച്ചു. നിരന്തര മർദനങ്ങൾക്കൊടുവിൽ ഒരു കിലോ സ്വർണം ടിങ്കു തിരികെ കൊടുത്തു. അബൂബക്കറിനൊപ്പം സ്വർണക്കടത്തിൽ പങ്കുണ്ടെന്നു കരുതുന്ന കൊടുവള്ളി കളരാന്തിരി സ്വദേശി ഷമീറിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാൾ ഗൾഫിലാണെന്നാണു വിവരമെന്നും പൊലീസ് പറഞ്ഞു.
കൊടുവള്ളി ഗ്യാങ്ങിലെ വിള്ളലാണ് ഈ കേസോടെ വെളിച്ചത്തു വന്നത്. ഇത് മുതലെടുത്ത് കാക്ക രഞ്ജിത്തും കൂട്ടരും നിരവധി സ്വർണ്ണ കടത്തിനെ പൊട്ടിച്ചു. ഇതെല്ലാം കൊടി സുനിയുടെ അറിവോടെയാണെന്നാണ് സൂചന. പിന്നീട് കാക്ക രഞ്ജിത്ത് ഈ കേസിൽ പിടിയിലായി. കോഴിക്കോട് ഒളവണ്ണ മംഗലോളി വീട്ടിൽ രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞതോടെ അർജുൻ ആയങ്കിയെ പോലുള്ളവർ കടത്തു പൊട്ടിക്കലിൽ സജീവമാകുകയായിരുന്നു.
ഗുണ്ട കൊടി സുനിയുടെ കൂട്ടാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്നു കാക്ക രഞ്ജിത്ത്. തിരുവനന്തപുരത്തെ കല്ലാറിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ 2020ൽ വിതുര പൊലീസ് പിടികൂടിയത്.
കുഴൽപ്പണം, പിടിച്ചുപറി, സ്വർണക്കടത്ത്, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കൽ, രേഖകളില്ലാതെ കടത്തിയ സ്വർണം തട്ടിയെടുത്ത സംഭവം, കള്ളക്കടത്ത് സ്വർണം കടത്തിക്കൊണ്ടുപോയ ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളിൽ കാക്ക രഞ്ജിത്ത് പ്രതിയാണ്.
മറുനാടന് മലയാളി ബ്യൂറോ