കോഴിക്കോട്: കൊടുവള്ളി കള്ളക്കടത്തുകാരുടെ കേന്ദ്രമാണ്. ഇവിടെ കുഴൽപ്പണക്കാരും സ്വർണ്ണ കടത്തുകാരുമാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ആര് ജയിക്കുമെന്നും ഇവർ തന്നെ തീരുമാനിക്കും. ഗൾഫിൽ നിന്നുള്ള പണമാണ് ഇവിടെ പ്രധാനം. അതുള്ളവനാണ് രാജാവ്. ഇത് മനസ്സിലാക്കി തന്നെയാണ് സിപിഎമ്മും കൊടുവള്ളി പിടിക്കാനെത്തിയത്. മുസ്ലിംലീഗ് കോട്ടയിൽ നടത്തിയ ഇടപെടൽ ഫലം കണ്ടു. അങ്ങനെ കൊടവള്ളി ചുവന്നു. പിന്നെ വിവാദങ്ങളും. പക്ഷേ അതൊന്നും സി.പി.എം കാര്യമായെടുക്കില്ല. കൊടുവള്ളിയെ ഒപ്പം നിർത്താൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. സാമ്പത്തികമായി ഏറെ മുന്നിലുള്ള കൊടുവള്ളിക്കാരുടെ പിന്തുണയുടെ അനിവാര്യത സിപിഎമ്മിനും അറിയാം.

അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള രണ്ട് ഇടത് സ്വതന്ത്ര എംഎ‍ൽഎമാരുടെ ബന്ധം വെളിവാക്കുന്ന ഫോട്ടോ പുറത്ത് വന്നത് സിപിഎമ്മിനും ഇടത് മുന്നണിക്കും വീണ്ടും തിരിച്ചടിയായി. ഇതിൽ കടന്നാക്രമണങ്ങൾ നടക്കുന്നു. കൊടുവള്ളി എംഎ‍ൽഎ കാരാട്ട് റസാഖും, കുന്ദമംഗലം എംഎ‍ൽഎ പി.ടി.എ. റഹീമും ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കോഫെപോസെ കേസിൽ പിടികിട്ടാപ്പുള്ളിയായ അബ്ദുൾ ലെയ്‌സിനൊപ്പം ദുബായിൽ ഒരു ഷോറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച ആഡംബര വാഹനമായ മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ഫോട്ടോയിലുണ്ട്. എന്നാൽ ഈ വിവാദങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കാനാണ് സി.പി.എം തീരുമാനം.

2013ലാണ് കള്ളക്കടത്ത് കേസിൽ പ്രതിയായ അബു ലെയ്സിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷഹബാസ്, നബീൽ അബ്ദുൽ ഖാദർ എന്നിവർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മേപ്പൊയിൽ എന്ന ബിസിനസ് ഗ്രൂപ്പിന്റെ ദുബായിലെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം എംഎൽഎമാർ ദുബായിൽ പങ്കെടുത്തത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൾ ലെയ്സ്. 2016 ജൂണിലാണ് കൊടുവള്ളി സ്വദേശി മേപ്പൊയിൽ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎമാർ ദുബായിൽ എത്തിയത്. മുഹമ്മദിന്റെ അടുത്ത സുഹൃത്തായ അബൂലെയ്സും ചടങ്ങിനെത്തിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായത്. ലുക്കൗട്ട് നോട്ടിസ് വിവരം മുൻകൂട്ടി അറിഞ്ഞ ഇവർ വിദേശത്തേയ്ക്കു കടക്കുകയായിരുന്നു. അബൂലെയ്സ് കള്ളക്കടത്തുകേസിൽ പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നും പി.ടി.എ റഹീം എംഎൽഎ പ്രതികരിച്ചു. ഇവരെല്ലാം കൊടുവള്ളിയുടെ പ്രധാന സാമ്പത്തിക സ്രോതസുകാണ്. ഇവരെ പിണക്കി ആർക്കും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകില്ല. അതുകൊണ്ടാണ് സി.പി.എം പിന്തുണയുള്ള നേതാക്കളും ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. മലബാർ പിടിക്കാനും മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട തകർക്കാനും ഇത്തരം ബന്ധങ്ങൾ വേണമെന്ന് സിപിഎമ്മും തിരിച്ചറിയുന്നു.

1977ൽ മത്സരിക്കാൻ തുടങ്ങിയത് മുതൽ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു കൊടുവള്ളി. അതിന് മുമ്പ് കോൺഗ്രസിന്റേതും. ഒരിക്കലും പിടി നൽകാതിരുന്ന മണ്ഡലം പിടിക്കാൻ ഇടത് മുന്നണി ആദ്യം ഇറക്കിയ തുറുപ്പു ചീട്ടാണ് ലീഗ് വിമതനായ പി.ടി.എ. റഹീം. കൊടുവള്ളിയുടെ രാഷ്ട്രീയ ഭൂമികയിൽ സിപിഎമ്മിന് ആഹ്ലാദിക്കാൻ വക നൽകിയത് 2006ൽ റഹീമാണ്. മുസ്ലിംലീഗ് വിട്ടുവന്ന റഹീമിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിപ്പിക്കാനായി. അന്ന് യു.ഡി.എഫ് -ഡി.ഐ.സി സ്ഥാനാർത്ഥി കെ. മുരളീധരനെതിരെ ലീഗ് അനുഭാവികളിൽ രൂപപ്പെട്ട എതിർ വികാരമാണ് ഇടതുപക്ഷത്തിനും പി.ടി.എ. റഹീമിനും നേട്ടമായത്. 2011ൽ മുസ്ലിംലീഗ് മണ്ഡലം തിരിച്ചു പിടിച്ചു. വി എം. ഉമ്മറായിരുന്നു വിജയി.

തുടർന്ന് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിന് സ്വാധീനമുള്ള കുന്ദമംഗലത്ത് നിറുത്തി റഹിമിനെ വിജയിപ്പിച്ചെടുത്തു. 2016ൽ കൊടുവള്ളിയിൽ ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞ കാരാട്ട് റസാഖ് ഇടത് സ്വതന്ത്രനായി രംഗത്തെത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാരാട്ട് റസാഖിന്റെ ജനപിന്തുണയ്ക്ക് മുന്നിൽ ലീഗിലെ കരുത്തനായ എം.എ. റസാഖ് തോറ്റു. ഇതോടെ കൊടുവള്ളി വീണ്ടും ചുവന്നു. ഇത് നിലനിർത്താനുള്ള സി.പി.എം നീക്കത്തിനിടെയാണ് മിനി കൂപ്പർ വിവാദം എത്തിയത്. പക്ഷേ ഇത് കാര്യമായെടുക്കാതെ കൊടുവള്ളിയെ കൈയിലെടുക്കാനാണ് നീക്കം.

പ്രവർത്തകരുടെ വികാരം മാനിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി എം എ റസാഖിന് ഏകപക്ഷീയമായി സീറ്റ് നൽകിയിൽ പ്രതിഷേധിച്ചാണ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങൾ രാജിവച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചത്. സ്വർണംകുഴൽപ്പണം കള്ളക്കടത്തുമായി റസാഖിനെതിരെ പലകേസുകളും ഉണ്ടായിട്ടും ലീഗ് നേതൃത്വം ഇടപെട്ട് അത് ഒതുക്കുകയായിരുന്നെന്നാണ് സി.പി.എം ഒരു കാലത്ത് ആരോപിച്ചിരുന്നത്. ഒരു ദശാബ്ദക്കാലത്തോളം കള്ളക്കടത്തിലും കുഴൽപ്പണ വ്യവസായത്തിലും സജീവമായിരുന്ന റസാഖ് ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം മാന്യമായ മറ്റു ബസിനസുകളിലേക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും കളം മാറുകയായിരുന്നു.

2006ൽ ലീഗിലെ പ്രശ്നങ്ങളെ തുടർന്ന് പി.ടി.എ റഹീം പുറത്തുവന്നപ്പോൾ ഇടതുമുന്നണ പിന്തുണ നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു.