ബംഗളുരു: ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന മൂത്ത് മത്സരങ്ങൾക്കിടയിൽ തന്നെ ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്ന ആരാധകർ ഒരു കാലത്ത് ക്രിക്കറ്റിലെ സ്ഥിരം കാഴ്‌ച്ചയായിരുന്നു. എന്നാൽ ക്രിക്കറ്റിൽ മാറ്റങ്ങൾ വന്നുതുടങ്ങിയതോടെ ഇത്തരം രീതികളും മാറിത്തുടങ്ങി. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ താരത്തോടുള്ള ആരാധനമൂത്ത് ഗ്രൗണ്ടിലേക്കിറങ്ങി ഒടുവിൽ പണി വാങ്ങിയ നാല് ആരാധകരുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാറ്റാരുടെതുമല്ല.. സാക്ഷാൽ കിങ്ങ് കോഹ്ലിയുടെ ആരാധകർ തന്നെ.ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിൽ പ്രവേശിച്ച നാല് ക്രിക്കറ്റ് ആരാധകരാണ് അറസ്റ്റിലായത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനിൽ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്.

 

ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സിലെ ആറാം ഓവർ ബോൾ ചെയ്തത് മുഹമ്മദ് ഷമിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് കുശാൽ മെൻഡിസ്. ഷമിയുടെ പന്തുകൊണ്ട കുശാൽ മെൻഡിസിനെ ടീം ഡോക്ടർമാർ ശുശ്രൂഷിക്കുന്ന ഇടവേളയിലാണ് ആരാധകർ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. അംപയർമാരും കളിക്കാരും നോക്കിനിൽക്കെ ഇവർ നേരെ വിരാട് കോലിയുടെ അടുത്തെത്തി. കൂട്ടത്തിൽ ഒരാൾ പോക്കറ്റിൽനിന്ന് മൊബൈൽ ഫോണെടുത്ത് കോലിയുടെ അനുവാദത്തോടെ സെൽഫിയെടുത്തു.

നാലു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും മൈതാനത്ത് അതിക്രമിച്ച് കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിൽ പ്രവേശിച്ച നാല് ആരാധകരിൽ ഒരാൾ കലബുറഗിയിൽനിന്നാണ്. മറ്റു മൂന്നുപേർ ബെംഗളൂരു സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

 

സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തിയെങ്കിലും ഇവർ ചിതറിയോടി. ഇവരെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് ഇവരെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊഹാലിയിൽ നടന്ന ഒന്നാം ടെസ്റ്റിനിടയിലും ഒരു ആരാധകൻ ഗ്രൗണ്ടിലിറങ്ങിയിരുന്നു.

ഐപിഎലിൽ വിരാട് കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടാണ് ഇന്ത്യശ്രീലങ്ക രണ്ടാം ടെസ്റ്റിനു വേദിയൊരുക്കുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. ടെസ്റ്റിന്റെ ആദ്യ ദിനം മുതൽത്തന്നെ വിരാട് കോലിക്ക് ഇവിടെ വൻ സ്വീകരണമാണ് ലഭിച്ചത്. മത്സരത്തിനിടെ പലതവണ ആരാധകർ കോലിക്കായി ആർപ്പുവിളിച്ചു. ഒന്നാം ഇന്നിങ്‌സിൽ കോലി ബാറ്റിങ്ങിനെത്തിയപ്പോൾ സ്റ്റേഡിയം വൻ ആരവമുയർത്തിയാണ് താരത്തെ സ്വീകരിച്ചത്.