മിലാൻ: ദീർഘനാളത്തെ പ്രണയം സാക്ഷാത്കരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും നടി അനൂഷ്‌ക ശർമയും വിവാഹിതരായി.ഇറ്റലിയിലെ മിലാനിലായിരുന്നു ചടങ്ങ്. അടുത്ത കുടുംബാംഗങ്ങളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ഇന്ന് രാവിലെയാണ് വിവാഹം നടന്നതെന്ന് ഫിലിംഫെയർ റിപ്പോർ്ട്ട് ചെയ്യുന്നു.

'എക്കാലവും സ്‌നേഹത്താൽ ബന്ധിതമായിരിക്കാമെന്ന് ഇന്ന് ഞങ്ങൾ പരസ്പരം ഉറപ്പ് നൽകി.ഈ വാർത്ത നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ അനുഗൃഹീതരാണ്.ഈ മനോഹര ദിവസത്തെ കൂടുതൽ സവിശേഷമാക്കുന്നത് കുടുംബങ്ങളുടെയും, ആരാധകരുടെയും, അഭ്്്യുദയകാംക്ഷികളുടെയും സ്‌നേഹ പിന്തുണകളാണ്.ഞങ്ങളുടെ യാത്രയിൽ ഒരുസുപ്രധാന പങ്കുവഹിച്ചതിന് നന്ദി', കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

ദീർഘകാലത്തെ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് താരദമ്പതികൾ ഒന്നായത്.ശ്രീലങ്കയ്ക്ക് എതിരായ ഏകദിനപരമ്പരയിൽ നിന്ന് വിട്ടുനിന്ന കോഹ്ലി വിവാഹം ഉടൻ നടക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഡിസംബറിലെ ഷൂട്ടിങ് ഷെഡ്യൂളുകൾ അനൂഷ്‌കയും മാറ്റിവച്ചിരുന്നു.

അനൂഷ്‌കയുടെ കുടുംബഗുരു മഹാരാജ് അനന്ത് ബാബയും ചടങ്ങിനായി ഇറ്റലിയിൽ എത്തിയിരുന്നു.കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർശർമ ചടങ്ങിൽ പങ്കെടുത്തതായാണ് അറിയുന്നത്.ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിൻ തെണ്ടുൽക്കർക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

ഇറ്റലിയിലെ ബോർഗോ ഫിനോക്കിയേത്തോ റിസോർട്ടിലായിരുന്നു വിവാഹച്ചടങ്ങുകളെന്നാണു സൂചന.പഞ്ചാബി ശൈലിയിൽ അലങ്കരിച്ച റിസോർട്ടിൽ, ഭാംഗ്ര നൃത്തമുണ്ടായിരുന്നു. ഈ മാസം 8 ന് അനൂഷ്‌ക മാതാപിതാക്കൾക്കും, സഹോദരനുമൊപ്പം ഇറ്റലിക്ക് വിമാനം കയറിയതോടടെ തന്നെ വിവാഹവാർത്തകൾ പരന്നിരുന്നു. ഈ മാസം 12 നാണ് താരവിവാഹമൈന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

ഇന്ത്യൻ ടീ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി യാത്ര തിരിക്കും മുമ്പ് ഈ മാസം 26 ന് മുംബൈയിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി വൻവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

നാലു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് താരദമ്പതികളുടെ വിവാഹം നടന്നത്. തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, പല പരിപാടികളിലും ഒന്നിച്ചുപ്രത്യക്ഷപ്പെടുന്നതുകൊണ്ട് തന്നെ അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു.

'നമ്മൾ വിചാരിച്ചാൽ എല്ലാദിവസവും വാലന്റീൻസ് ദിനമായി ആഘോഷിക്കാം. അനൂഷ്‌ക ശർമ, നിങ്ങളുടെ സാന്നിധ്യം എല്ലാ ദിവസവും അങ്ങനെയെന്ന തോന്നൽ എനിക്കുണ്ടാക്കുന്നു..' ഈ വർഷം വാലന്റീൻസ് ദിനത്തിൽ കോഹ്ലി തന്റെയും അനൂഷ്‌കയുടെയും ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഈ കമന്റ്.താരദമ്പതികൾ ഈ മാസം തന്നെ വോർളിയിലെ പുതിയ വസതിയിലേക്ക് താമസം മാറും.