കൊച്ചി:മയക്കുമരുന്ന് കച്ചവടത്തിനോടൊപ്പം നഗരത്തിലെ ഡി ജെ പാർട്ടികളിൽ പെൺവാണിഭവും സജീവമെന്ന് പൊലീസ് കണ്ടെത്തൽ. കൊച്ചിയിലെ വിവിധ ആഡംബര ഹോട്ടലുകളിൽ നടന്നിരുന്ന ഡി ജെ പാർട്ടികളുടെ മറവിലാണ് അനാശാസ്യവും മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നത്. കഴിഞ്ഞ ദിവസം ലേമെറഡിയൻ ഹോട്ടലിൽ ഡി ജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ പിടിയിലായ കൊക്കാച്ചി മിഥുനേയും മെഹറിനേയും ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായെന്നാണ് സൂചന.

മയക്കുമരുന്ന് അന്വേഷണത്തിന് പുറമേ പെൺവാണിഭവും ഇതോടെ പൊലീസ് അന്വേഷണത്തിന്റെ പരിധിയിൽ വരും. ബാംഗ്ലൂരിലെ പബുകളുടെ മാതൃകയിൽ ലഹരി പരസ്പരം നൽകി ഇണകളെ കണ്ടെത്താമെന്ന വാഗ്ദാനം നൽകിയാണ് ഈ സംഘം കസ്റ്റ്‌മേഴ്‌സിനെ പിടിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഹോട്ടലുകളിലും ആഡംബര നൗകകളിലും നടക്കുന്ന ഡി ജെ പാർട്ടികളിൽ കൊച്ചി കാണാനെത്തുന്ന വിദേശികൾക്ക് പുറമേ ''നാടൻ സായിപ്പുമാരും''സജീവമായി പങ്കെടുത്തിരുന്നു. മാംസവ്യാപാരത്തിന്റെ ഏജന്റുമാർ മയക്കുമരുന്ന് വിതരണ സംഘാംഗങ്ങളുമായി ചേർന്ന് കസ്റ്റമേഴ്‌സിനെ വലവീശിപ്പിടിക്കുകയും ചെയ്യും.

നവമാദ്ധ്യമങ്ങളായ ട്വിറ്ററും വാട്‌സ് ആപ്പും മുഖേനെ പരസ്യം നൽകിയാണ് പലപ്പോഴും കച്ചവടം.മയക്കു മരുന്നും മദ്യവും സുലഭമായി ഉപയോഗിക്കാം എന്നതിന് പുറമേ സ്ത്രീകളേയും ആവശ്യത്തിന് ഉപയോഗിക്കാനും അവസരമുണ്ടെന്നും ഇവർ കസ്റ്റമേഴ്‌സിനെ ധരിപ്പിച്ചിരുന്നു.സിനിമ മേഖലയിലെ ചില നടിമാരേയും സംഘം ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായാണ് വിവരം.
തങ്ങളോടൊപ്പം സ്ഥിരമായി ഡി ജെ പാർട്ടികൾക്കെത്തുന്ന ചില അന്യസംസ്ഥാന യുവതികളേയും സംഘം അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്നാണ് വിവരം.

കുറച്ചു നാൾ മുൻപ് നഗരത്തിൽ ഏറെ ചർച്ചയായിരുന്ന ഓൺലൈൻ പെൺവാണിഭമായ എസ്‌കോർട്ട് .കോം ഉൾപ്പെടെയുള്ളവരുമായും ഇവർക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പാർട്ടികൾ നടക്കുന്ന ഹോട്ടലുകളിൽ തന്നെയാണ് അനാശാസ്യത്തിന് വേണ്ട സൗകര്യവും ഇവർ ഏർപ്പാട് ചെയ്ത് നൽകിയിരുന്നതും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവർ നടത്തുന്ന പാർട്ടികളിൽ പങ്കെടുക്കാനായി ആളുകൾ എത്താറുണ്ട്. എന്നാൽ ഇവരെ എല്ലാവരേയും കണ്ടെത്തുകയെന്നത് ദുഷ്‌കരമായ പണിയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും കോക്കാച്ചിയുടേയും കൂട്ടരേയും കൂടുതൽ ചോദ്യം ചെയ്താൽ നഗരത്തിലെ പെൺവാണിഭ സംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അതേസമയം കേസിൽ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന സിനിമ നിർമ്മാതാവിനെ ചോദ്യം ചെയ്യാൻ ഇനിയും കാലതാമസമെടുക്കുമെന്നാണ് അറിയുന്നത്. ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് തങ്ങളെന്നാണ് പൊലീസ് വിശദീകരണം. ഇപ്പോൾ ഡൽഹിയിലുള്ള ഇയാളെ നിരീക്ഷിച്ച് വരികയാണ് തങ്ങളെന്നും പൊലീസ് പറയുന്നു. നഗരത്തിലെ ഫ്‌ളാറ്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചുള്ള അനാശാസ്യത്തിന്റെ ചുരുളഴിക്കാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്