കോലഞ്ചേരി: ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആശുപത്രിക്കുള്ളിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ ആശുപത്രിയുടെ ശുചി മുറിയിലും, അമ്മൂമ്മയെ ഐസിയുവിന് പുറത്തുമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. രാത്രി 1 മണിയോട് കൂടിയാണ് സംഭവം നടന്നത്.

കുട്ടിയുടെ ചികിത്സയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാൽ ഇവരെ ആശുപത്രി അധികൃതർ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏറെ നേരം ടോയിലറ്റിനുള്ളിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനാൽ ഇവരെ നിരീക്ഷിക്കുന്ന ആശുപത്രി സെക്യൂരിറ്റിയാണ് സംഭവം കണ്ടത്. ഈ സമയത്ത് കുട്ടിയുടെ അമ്മയുടെ രണ്ട് കൈയുടെയും കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലായിരുന്നു.

ഇവരെ എമർജൻസി വിഭാഗത്തിൽ എത്തിച്ചശേഷം ഈ വിവരം പറയുന്നതിനായി അമ്മൂമ്മയെ വിളിക്കുവാൻ ചെന്ന സമയത്ത് വിശ്രമസ്ഥലത്ത് ഇവരും കഴുത്തിലെ ഞരമ്പും കൈഞരമ്പും മുറിച്ച നിലയിൽ കാണപ്പെട്ടു. ഇരുവരെയും കൃത്യസമയത്ത് ചികിത്സിക്കാനായതിനാൽ ഇരുവരും ആശുപത്രിയുടെ പ്രത്യേക പരിചരണ വിഭാഗത്തിലാണ്. അതേസമയം ഐസിയുവിൽ കഴിയുന്ന കുട്ടിയുടെ അപകടനില തരണം ചെയ്ത് വരികയാണ്.

കണ്ണുകൾ തുറക്കുവാനും പ്രതികരിക്കുവാനും തുടങ്ങിയത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പും അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ട്ർ പി വി തോമസും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അമ്മയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പടുത്തും എന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമവും അരങ്ങേറിയത്.

അതേസമയം തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിക്കൊപ്പം താമസിച്ചുവരുന്ന ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൈസൂരിൽ വച്ചാണ് ടിജിനെ കസ്റ്റഡിയിൽ എടുത്തത്. ടിജിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും കൊച്ചിയിൽ എത്തിക്കും.