പുനെ: ഐപിഎല്ലിൽ കീറോൺ പൊള്ളാർഡിന്റെ വെടിക്കെട്ടിന് പാറ്റ് കമ്മിൻസ് ബാറ്റ് കൊണ്ട് ഇരട്ടി ഡോസിൽ മറുപടി പറഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സീസണിലെ മൂന്നാം ജയം. മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപിച്ചത്. മുംബൈയുടെ 161 റൺസ് കെകെആർ 16 ഓവറിൽ മറികടക്കുകയായിരുന്നു. കമ്മിൻസ് 15 പന്തിൽ 56* ഉം വെങ്കടേഷ് അയ്യർ 41 പന്തിൽ 50* ഉം റൺസുമെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ പ്രതിരോധത്തിലായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. തൈമൽ മിൽസിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അജിൻക്യ രഹാനെ പുറത്താകുമ്പോൾ കെകെആറിന് 16 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കാലുറച്ചില്ല. ആറാം ഓവരിൽ ശ്രേയസിനെ സാംസ്, തിലകിന്റെ കൈകളിലെത്തിക്കുമ്പോൾ 10 റൺസ് മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. സാം ബില്ലിങ്സ് രണ്ട് സിക്സറുകൾ നേടിയെങ്കിലും 12 പന്തിൽ 17 എടുത്ത് മുരുകൻ അശ്വിന് കീഴടങ്ങി. ബേസിലിനായിരുന്നു ക്യാച്ച്.

എന്നാൽ ഒരറ്റത്ത് നിലയിറപ്പിച്ച വെങ്കടേഷ് അയ്യർ മുംബൈക്ക് ഭീഷണിയുയർത്തുമെന്നായി. എന്നാൽ കൂട്ടാളി നിതീഷ് റാണയെ(8) പുറത്താക്കി മുരുകൻ അശ്വിൻ അടുത്ത ബ്രേക്ക് നൽകി. വെങ്കടേഷ് ഫിഫ്റ്റിയും പാറ്റ് കമ്മിൻസ് വന്നയുടനെ ബൗണ്ടറികൾ നേടുകയും ചെയ്തതോടെ കൊൽക്കത്ത തിരിച്ചെത്തി. സാക്ഷാൽ ബുമ്രയെയും പിന്നാലെ സാംസിനെയും അതിർത്തി പലകുറി കടത്തി കമ്മിൻസ് കൊൽക്കത്തയെ ജയിപ്പിച്ചു. സാംസിന്റെ 16-ാം ഓവറിൽ 35 റൺസാണ് കമ്മിൻസ് ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത്.

നേരത്തെ സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ് എന്നിവരുടെ ബാറ്റിങ് ഷോയിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്‌കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യൻസ്. സൂര്യകുമാർ 36 പന്തിൽ 52 ഉം തിലക് 27 പന്തിൽ 38* ഉം എടുത്തപ്പോൾ മുംബൈ 20 ഓവറിൽ നാല് വിക്കറ്റിന് 161 റൺസെടുത്തു. അവസാന ഓവറിൽ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിൻസിനെ പറത്തി 5 പന്തിൽ 22 റൺസെടുത്ത പൊള്ളാർഡിന്റെ പ്രകടനം നിർണായകമായി.

തകർച്ചയോടെയായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം. ഇന്നിങ്സിലെ മൂന്നാം ഓവറിൽ നായകൻ രോഹിത് ശർമ്മ 12 പന്തിൽ വെറും മൂന്ന് റൺസെടുത്ത് ഉമേഷ് യാദവിന്റെ ഷോട്ട് പിച്ച് പന്തിൽ കീഴടങ്ങി. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും ഡിവാൾഡ് ബ്രവിസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 50 കടത്താനായില്ല. സ്‌കോർ ബോർഡിൽ 45 റൺസിൽ നിൽക്കേ ബ്രവിസിനെ വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്സ് സ്റ്റംപ് ചെയ്തു. 19 പന്തിൽ രണ്ട് വീതം ഫോറും സിക്സറുകളോടെ 29 റൺസാണ് അരങ്ങേറ്റ മത്സരത്തിൽ ബേബി എബിഡി നേടിയത്.

ഇഷാൻ കിഷന്റെ പോരാട്ടം 21 പന്തിൽ 14ൽ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിക്കുന്ന പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്. ഇതോടെ 11 ഓവറിൽ മുംബൈ 55-3. തിലക് വർമ്മയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാപ്രവർത്തനമാണ് മുംബൈയെ 17-ാം ഓവറിൽ 100 കടത്തിയത്. സൂര്യകുമാർ 34 പന്തിൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെ കമ്മിൻസ് പുറത്താക്കി. എന്നാൽ പിന്നാലെ പൊള്ളാർഡ് ആളിക്കത്തിയതോടെ മുംബൈ മികച്ച സ്‌കോറിലെത്തി. തിലകിനൊപ്പം പൊള്ളാർഡ് (5 പന്തിൽ 22) പുറത്താകാതെ നിന്നു. കമ്മിൻസിന്റെ അവസാന ഓവറിൽ 23 റൺസ് പിറന്നു. മുംബൈ ഇന്നിങ്സിൽ അവസാന 5 ഓവറിൽ 76 റൺസും.