മുംബൈ: ഐപിഎല്ലിൽ ക്വിന്റൺ ഡികോക്കിന്റെ അവിശ്വസനീയ വെടിക്കെട്ടിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്‌കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിറങ്ങിയ ലഖ്നൗ 20 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 210 റൺസ് നേടി. ഓപ്പണർമാരായ ഡികോക്ക് 70 പന്തിൽ 10 വീതം ഫോറും സിക്സും സഹിതം 140* ഉം രാഹുൽ 51 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പടെ 68* ഉം റൺസുമായി പുറത്താകാതെ നിന്നു.

ഗംഭീര തുടക്കമാണ് കെ എൽ രാഹുലും ക്വിന്റൺ ഡികോക്കും ലഖ്നൗവിന് നൽകിയത്. മൂന്നാം ഓവറിൽ 12 റൺസിൽ നിൽക്കേ വീണുകിട്ടിയ അവസരം മുതലാക്കി അടി തുടങ്ങിയത് ഡികോക്ക് ആണെങ്കിലും രാഹുൽ പിന്നാലെ ഏറ്റെടുക്കുകയായിരുന്നു. ഡികോക്ക് 34 പന്തിലും രാഹുൽ 41 പന്തിലും ഫിഫ്റ്റി തികച്ചതോടെ ലഖ്നൗ 13 ഓവറിൽ 100 കടന്നു. 15 ഓവറിൽ 122-0 ആയിരുന്നു ടീം സ്‌കോർ. വരുൺ ചക്രവർത്തിയെ 16-ാം ഓവറിൽ 18 റൺസടിച്ച് ഡികോക്ക് ആളിക്കത്തി.

18-ാം ഓവറിലെ ആദ്യ പന്തിലാണ് ടീം സ്‌കോർ 150 തികഞ്ഞത്. ഇതേ ഓവറിൽ ഡികോക്ക് തന്റെ 59-ാം പന്തിൽ സെഞ്ചുറിയിലെത്തി. പിന്നാലെ ഡികോക്ക് സിക്സർ മഴ പെയ്യിച്ചു. റസലിന്റെ 18-ാം ഓവറിൽ 15 ഉം സൗത്തിയുടെ 19-ാം ഓവറിൽ നാല് സിക്സ് സഹിതം 27 ഉം റൺസ് അടിച്ചുകൂട്ടി. അവസാന ഓവർ റസൽ എറിയാൻ വന്നപ്പോൾ മൂന്നാം പന്തിൽ സ്‌കോർ 200 കടന്നു. ഈ ഓവറിൽ 19 റൺസ് നേടി ലഖ്നൗ 210ൽ എത്തുകയായിരുന്നു. അവസാന 5 ഓവറിൽ 71 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ലഖ്നൗ നായകൻ കെ എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റവുമായാണ് ലഖ്നൗ ഇറങ്ങിയത്. ക്രുനാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബദോനി എന്നിവർക്ക് പകരം മനൻ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവർക്ക് അവസരം തെളിഞ്ഞു. കൊൽക്കത്തയിൽ പരിക്കേറ്റ അജിൻക്യ രഹാനെയ്ക്ക് പകരം അഭിജീത് തോമർ പ്ലേയിങ് ഇലവനിലെത്തി.